Breaking NewsIndiaLead NewsNEWS

എന്റെ മുഖംപതിച്ച ടിഷര്‍ട്ട് ധരിച്ച് പ്രതിഷേധിക്കാന്‍ പ്രിയങ്ക ആരാണ്? വിമര്‍ശിച്ച് ‘124 ഫെയിം’ മിന്റാ ദേവി

പട്ന: തന്റെ പേരും ചിത്രവും ടി ഷര്‍ട്ടില്‍ പതിപ്പിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരേ ബിഹാര്‍ സ്വദേശിനി മിന്റ ദേവി. എന്റെ മുഖം ടി ഷര്‍ട്ടില്‍ പതിപ്പിച്ച് ധരിച്ച് എന്നെ എതിര്‍ക്കാന്‍ പ്രിയങ്കാ ഗാന്ധി ആരാണ്? രാവിലെ മുതല്‍ ഞാന്‍ പ്രശ്നങ്ങള്‍ നേരിടുകയാണ്. ആളുകള്‍ എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ എന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്, മിന്റ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ബിഹാറില്‍ എസ്ഐആര്‍ പ്രക്രിയയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 124 വയസ്സുള്ള മിന്റ ദേവിയെന്ന സ്ത്രീയെ കന്നിവോട്ടറായി ഉള്‍പ്പെടുത്തിയെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്മിഷനെ പരിഹസിച്ച്, 124 നോട്ട് ഔട്ട് എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ചാണ് ചൊവ്വാഴ്ച പ്രതിപക്ഷത്തെ പല അംഗങ്ങളും പാര്‍ലമെന്റിലെത്തിയത്. സമ്മേളനം ആരംഭിക്കുന്നതിനുമുന്‍പ് പുറത്തുനടത്തിയ പ്രതിഷേധപ്രകടനവും ഈ ടി ഷര്‍ട്ട് ധരിച്ചായിരുന്നു. പ്രിയങ്കാഗാന്ധി അടക്കമുള്ളവര്‍ 124 നോട്ട് ഔട്ട് എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ചാണ് കഴിഞ്ഞദിവസം സഭയിലെത്തിയത്. ഇതിന് പിന്നാലെയാണ് മിന്റയുടെ പ്രതികരണം. വോട്ടര്‍ ഐഡിയില്‍ ജനിച്ച വര്‍ഷം 1900 എന്ന് രേഖപ്പെടുത്തിയതാണ് പിശകിന് കാരണമെന്നും ആധാറിലെ തന്റെ ജനനവര്‍ഷം 1990 ആണെന്നും മിന്റ കൂട്ടിച്ചേര്‍ത്തു.

34 വയസുകാരിക്ക് തിരിച്ചറിയല്‍ കാര്‍ഡില്‍ വയസ് 124! രാജ്യം ചോദിച്ചു ആരാണ് മിന്റ ദേവി? ‘ഞാനാണത്, അവരെന്നെ മുത്തശ്ശിയാക്കി’

Signature-ad

ബിഹാറിലെ സിവാന്‍ സ്വദേശിനിയായ മിന്റ വീട്ടമ്മയാണ്. 35-കാരിയായ ഇവര്‍ ദാരൗന്ദ നിയോജകമണ്ഡലത്തിലെ വോട്ടറാണ്. ഞാനൊരു വീട്ടമ്മയാണ്. തന്നെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിലും കരുവാക്കുന്നതിലും ദുഃഖമുണ്ട്. വോട്ടര്‍ ഐഡി തിരുത്തിത്തരണമെന്നത് മാത്രമാണ് തന്റെ അപേക്ഷ, മിന്റ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വോട്ടര്‍ ഐഡിയിലെ പിശക് രണ്ടുദിവസം മുന്‍പാണ് മിന്റയുടെ ശ്രദ്ധയില്‍പെടുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ പ്രിയങ്ക ഇടപെടേണ്ട കാര്യമേയില്ല. എന്തുകൊണ്ടാണ് അവര്‍ തലയിടുന്നത്, മിന്റ ആരാഞ്ഞു. വോട്ടര്‍ ഐഡിയിലെ പിശകിന്റെ ഉത്തരവാദി താനല്ലെന്നും പിന്നെന്തിനാണ് പ്രിയങ്ക തന്നെ എതിര്‍ക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മിന്റയെ പ്രിയങ്ക പിന്തുണയ്ക്കുകയാണെന്ന് ചെയ്യുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഇത് എന്ത് പിന്തുണയാണ് എന്നായിരുന്നു മിന്റയുടെ ചോദ്യം. അവര്‍ ധരിച്ചിരിക്കുന്ന ടി ഷര്‍ട്ടില്‍ എന്റെ മുഖവും പേരുമുണ്ട്. അവര്‍ എന്റെ വിലാസം പരസ്യപ്പെടുത്തി. അവര്‍ എന്തിന് എന്നെ പിന്തുണയ്ക്കണം. അവര്‍ എന്റെ ആരാണ്. അവര്‍ എന്റെ ബന്ധുവല്ല, മിന്റ കൂട്ടിച്ചേര്‍ത്തു.

Back to top button
error: