‘സംവരണ വിഭാഗങ്ങള്‍ക്കുള്ളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ പ്രത്യേകം പരിഗണിക്കണം, അവര്‍ക്കും ചിറകു വിടര്‍ത്തണം’; പൊതുതാത്പര്യ ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി; ‘നിലവിലെ സംവരണത്തെ ചോദ്യം ചെയ്യുന്നില്ല, ഒരേ ജാതിയില്‍ രണ്ടാംകിടക്കാരന്‍ ആകുന്നു’

ന്യൂഡല്‍ഹി: സംവരണ വിഭാഗങ്ങള്‍ക്കുള്ളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പ്രത്യേകം സംവരണം നല്‍കണമെന്ന ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി. നിലവിലെ സംവരണ ക്വാട്ടയില്‍തന്നെ ഉള്‍പ്പെടുത്തി തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ പ്രത്യേകം സംവരണം നല്‍കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണു നടപടി.
ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. അടുത്ത തീയതിയില്‍ വാദത്തിനു തയാറെടുക്കാനും മറുഭാഗത്തുനിന്നു ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകനോടു കോടതി നിര്‍ദേശിച്ചു. നിലവിലെ സംവരണ നിരക്കുകളെ ചോദ്യം ചെയ്യുകയല്ലെന്നും സംവരണം ലഭിക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി പിന്നാക്കം നല്‍കുന്നവരെ പ്രത്യേകം പരിഗണിക്കണമെന്നുമാണ് ആവശ്യമെന്നും ഹര്ജിക്കാരന് വ്യക്തമാക്കി.
‘സംവരണമെന്നത് ജാതി അടിസ്ഥാനത്തിലായിരിക്കരുത് എന്നു നിങ്ങള്‍ പറയുന്നില്ല. സാമ്പത്തികാടിസ്ഥാനത്തില്‍ മാത്രം ആകണമെന്നും പറയുന്നില്ല. നിലവിലെ ഭരണഘടന അനുസരിച്ചു സംവരണ ക്വാട്ട നല്കുമ്പോള് ചില ആളുകള്‍ അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുകയും സാമ്പത്തികമായി മുന്നിലെത്തുകയും ചെയ്യുന്നു. അവരുടെ സാമൂഹിക- സാമ്പത്തികാവസ്ഥകള്‍ മെച്ചപ്പെടുന്നു. ഇവര്‍ക്കു വീണ്ടും സംവരണം നല്കുന്നതിനു പകരം അതേ വിഭാഗത്തില്‍ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാത്തവര്‍ക്കു നല്‍കണം എന്നാണു’ നിങ്ങള്‍ പറയുന്നത് എന്നു ജസ്റ്റിസ് കാന്ത് വാദങ്ങളെ ക്രോഡീകരിച്ചു.
സംവരണമെന്നത് സമൂഹത്തിന്റെ മുഴുവന്‍ ഉന്നമനത്തിനും ഉദ്ദേശിച്ചുള്ളതാണെങ്കില്‍ അത് ചില വിഭാഗങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തണോ അതോ അതേ വിഭാഗത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ ചിറകുവിടര്‍ത്താന്‍ അനുവദിക്കുന്നതാകണോ എന്ന കാര്യം പരിശോധിക്കാവുന്നതാണെന്നും ജസ്റ്റിസ് കാന്ത് പറഞ്ഞു.
സംവരണം യാന്ത്രികമായി നടപ്പാക്കുന്നതിനു പകരം സര്‍ക്കാര്‍ ജോലികളിലും പഠനത്തിലും കൂടുതല്‍ തുല്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന ആവശ്യവും ഹര്‍ജിക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഒരോ റിസര്‍വേഷന്‍ കാറ്റഗറിയിലും വരുമാനം കൂടി പരിഗണിക്കണം. എസ്.സി., എസ്.ടി., ഒബിസി, ഇഡബ്ല്യുഎസ് എന്നിവയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു ഉയര്‍ന്നുവരാന്‍ ഇതു സഹായിക്കും.
സംവരണത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ട വിഭാഗങ്ങള്ക്കിടയില്പോലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ രണ്ടാംകിടക്കാരായാണു കാണുന്നത്. ഇത് സംവരണത്തില്തന്നെ ‘മെറിറ്റ്’ ഉള്ളവര്‍ക്കു കൂടുതല്‍ അവസരം ലഭിക്കുന്നതുകൊണ്ടാണെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
Supreme Court Issues Notice On PIL Seeking Sub Quota For Economically Weaker Persons Within Reserved Categories






