ട്രംപിന്റെ വയര്‍ തുളയ്ക്കുമെന്ന് വെറുതേ പറഞ്ഞതല്ല! അമേരിക്കയില്‍ ഇറാന്റെ ചാരന്‍മാര്‍ വിലസുന്നു; കണ്ടെത്താന്‍ ബുദ്ധിമുട്ടെന്നു വിദേശ മാധ്യമം; കൂടുതല്‍ പേര്‍ക്കും വെനസ്വേലന്‍ പാസ്‌പോര്‍ട്ട്

ന്യൂയോര്‍ക്ക്: വെയില്‍കാഞ്ഞു കിടക്കുമ്പോള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വയറ്റില്‍ ഡ്രോണ്‍ തുളച്ചുകയറുമെന്ന ഭീഷണി മുഴക്കിയത് ഇറാനാണ്. ട്രംപാവട്ടെ, താന്‍ വെയില്‍ കാഞ്ഞ് കിടക്കുന്നയാളല്ലെന്ന് തിരിച്ച് പരിഹസിക്കുകയും ചെയ്തു. വെറുതേ വാദിച്ച് ജയിക്കാന്‍ ഇറാന്‍ ഭീഷണി മുഴക്കിയതല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇറാന്‍, സിറിയ, ലബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ ആളുകള്‍ യുഎസിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ക്കെല്ലാം വെനസ്വേലന്‍ പാസ്‌പോര്‍ട്ടാണുള്ളതെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ‘പ്രൊജക്ടിന്റെ’ ഭാഗമമായ വലിയൊരു സംഘം വര്‍ഷങ്ങള്‍ക്ക് മുന്‍പേ യുഎസില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സംശയം പ്രകടിപ്പിക്കുന്നു.
ആളുകളുടെ പേര്, പാസ്‌പോര്‍ട് നമ്പര്‍, ജനനതീയതി എന്നിങ്ങനെ വിശദമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 2010 മുതല്‍ 2019വരെയുള്ള സമയത്താണ് വെനസ്വേല ഇവരെ സ്വന്തം പൗരന്‍മാരായി പ്രഖ്യാപിച്ചത്. റിപ്പോര്‍ട്ട് അമേരിക്കയുടെ കൈവശവും എത്തിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. അതേസമയം ഇത്തരത്തിലൊരു റിപ്പോര്‍ട്ട് ലഭിച്ചോയെന്നതില്‍ അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം പ്രതികരണത്തിന് തയാറായിട്ടില്ല.
കടുത്ത ഇറാന്‍ പക്ഷക്കാരനായ നിക്കൊളാസ് മദൂറോയുടെ കാലത്താണ് ഇത്തരത്തിലൊരു രഹസ്യധാരണ ഉണ്ടാക്കിയതെന്നും വെനസ്വേല വഴി ഇറാന്‍ ചാരന്‍മാരുള്‍പ്പെടുന്ന സംഘത്തെ അമേരിക്കയിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇവരില്‍ വലിയൊരു സംഘം യുഎസില്‍ ഇതിനകം എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
12 ദിവസത്തെ യുദ്ധത്തിനിടെ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് മേല്‍ യുഎസ് നടത്തിയ ആക്രമണത്തോടെ ഇവര്‍ ജാഗരൂകരായിട്ടുണ്ടാകാമെന്നും തിരിച്ചടി ഏത് സമയത്തും ഉണ്ടാകാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയിലെ തന്ത്രപ്രധാന വിഭാഗങ്ങളില്‍ ഇറാന്റെ ചാരന്‍മാര്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇവരെ തിരിച്ചറിയുക അസാധ്യമാണെന്നും മുന്‍ വെനസ്വേലന്‍ അംബാസിഡറായ തോല്‍ ഹാല്‍വൊര്‍സീനും പറയുന്നു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന 10,000 പേരില്‍ മൂന്നില്‍ രണ്ടുഭാഗവും പുരുഷന്‍മാരാണ്.
അതേസമയം, തീര്‍ത്തും അവാസ്തവമായ റിപ്പോര്‍ട്ടാണിതെന്നാണ് വെനസ്വേലയുടെ വാദം. അടിസ്ഥാനരഹിതമാണ് കണക്കുകളെന്നും സമാധാനത്തിലും സ്‌നേഹത്തിലും ജീവിക്കുന്ന മനുഷ്യരുടെ നാടാണ് വെനസ്വേലയെന്നും ദമാസ്‌കസിലെ വെനസ്വേലയുടെ പ്രതിനിധി പ്രതികരിച്ചു. 2021 ജനുവരിക്കും 2023 ഒക്ടോബറിനുമിടയില്‍ അനധികൃതമായി യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച നാലുലക്ഷത്തോളം വെനസ്വേലന്‍ പൗരന്‍മാരെ അതിര്‍ത്തി സംരക്ഷണ സേന പിടികൂടി മടക്കി അയച്ചിട്ടുണ്ടെന്നാണ് അമേരിക്കയുടെ കണക്ക്. ഇതേ കാലയളവില്‍ തന്നെ എഫ്ബിഐയുടെ ഭീകരപ്പട്ടികയിലുള്ളവരുമായി 382 ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. us-security-on-high-alert-as-iranian-spies-entered-via-venezuela






