മുഹമ്മദ് ഷമിയുടെ ബൗളിംഗ് റെക്കോഡ് തകര്‍ത്ത് പാകിസ്താന്റെ ഷഹീന് അഫ്രീദി ; വെസ്റ്റിന്‍ഡീസിനെതിരേ നാലുവിക്കറ്റ് നേട്ടം ; വിമര്‍ശകര്‍ക്ക് താരത്തിന്റെ ശക്തമായ മറുപടി

കറാച്ചി: വെസ്റ്റിന്‍ഡീസിനെതിരേ നടക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍താരം മുഹമ്മദ് ഷമിയുടെ ബൗളിംഗ് റെക്കോഡ് തകര്‍ത്ത് പാകിസ്താന്റെ ഷഹീന് അഫ്രീദി. ഐസിസി അംഗങ്ങളില്‍ നിന്നുള്ള 100 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഏകദിന വിക്കറ്റുകള്‍ നേടിയ ബൗളര്‍മാരില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിലാണ് ഷഹീന് ഷമിയെ മറികടന്നത്. 108 മത്സരങ്ങളില്‍ നിന്ന് 206 വിക്കറ്റുകള്‍ നേടിയ മുഹമ്മദ് ഷമിയുടെ 25.85 സ്ട്രൈക്ക് റേറ്റാണ് ഷഹീന് അഫ്രീദി തിരുത്തിയത്.
മറുവശത്ത്, 65 മത്സരങ്ങളില്‍ നിന്ന് 131 വിക്കറ്റുകള്‍ നേടിയ ഷഹീന് ഇപ്പോള്‍ 25.46 എന്ന സ്ട്രൈക്ക് റേറ്റിലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് ഷഹീന് റെക്കോര്‍ഡ് പുസ്തകങ്ങളില്‍ ഇടം നേടിയത്്. 51 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ താരം വീഴ്ത്തി. സമീപകാലത്ത് ഷഹീന്റെ ഫോം അത്ര മികച്ചതായിരുന്നില്ല. പാകിസ്ഥാന് ക്രിക്കറ്റ് ടീമില്‍ നിന്ന് പേസര്‍ പുറത്താകുകയും ചെയ്തിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പ്രകടനത്തിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്.
റിവേഴ്സ് സ്വിങ്ങില് വിദഗ്ദ്ധനായ ഷഹീന് തിരിച്ചടിയായിരുന്നത് ഐസിസിയുടെ 34-ാം ഓവറിന് ശേഷം ഒരു പന്ത് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്ന പുതിയ നിയമമായിരുന്നു. ഇത് റിവേഴ്സ് സിംഗില്‍ പന്തെറിയുന്നവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ നിയമം ഐസിസി വീണ്ടും പരിഷ്ക്കരിച്ചതോടെ ഈ നിയമം മാറ്റിയത് ഷഹീനെ പോലെയുള്ള കളിക്കാര്‍ക്ക് ഗുണകരമായി മാറുകയായിരുന്നു.






