ഗാസ പൂര്‍ണ്ണമായി കീഴടക്കാന്‍ ആഹ്വാനം; ഇസ്രയേല്‍ സൈന്യത്തിന്റെ എതിര്‍പ്പ്; നെതന്യാഹു ഒറ്റപ്പെടുന്നോ?

ടെല്‍ അവീവ്: ഗാസയില്‍ പൂര്‍ണ്ണ അധിനിവേശത്തിന് ആഹ്വാനം ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ പ്രതിരോധ സേനയ്ക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ അവഗണിച്ചാണ് നെതന്യാഹുവിന്റെ നീക്കം. ഗാസ മുനമ്പ് പൂര്‍ണ്ണമായും കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ പിന്തുണ തേടുമെന്ന് നെതന്യാഹു പറഞ്ഞതായി ഇസ്രയേല്‍ മന്ത്രിമാര്‍ പറഞ്ഞു. യുഎസ്-ഇസ്രയേല്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഗാസയിലെ സൈനിക നടപടികള്‍ വിപുലീകരിക്കുന്നതിനുള്ള തന്റെ കാഴ്ചപ്പാട് സ്വകാര്യ സംഭാഷണങ്ങളിലാണ് നെതന്യാഹു മന്ത്രിമാര്‍ക്ക് മുമ്പാകെ അവതരിപ്പിച്ചത്. ‘ഞങ്ങള്‍ ഗാസ മുനമ്പിന്റെ സമ്പൂര്‍ണ്ണ അധിനിവേശത്തിലേക്ക് നീങ്ങുകയാണ്’ നെതന്യാഹു പറഞ്ഞതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച സുരക്ഷാ മന്ത്രിസഭാ യോഗം നെതന്യാഹു വിളിച്ചേക്കും.
ഗാസയിലെ പൂര്‍ണ്ണ അധിനിവേശത്തിന് ഇസ്രയേല്‍ പ്രതിരോധ സേന എതിര്‍പ്പറിയിച്ചിരുന്നു. ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് കരുതുന്ന പ്രദേശങ്ങളില്‍ കരസേനാ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത്, അവശേഷിക്കുന്നവരുടെ ജീവന് അപായപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് ഐഡിഎഫ് നല്‍കുന്നത്. ബന്ദികള്‍ക്കൊപ്പം സൈനികരുടെ ജീവനും കൂടുതല്‍ അപകടത്തിലാക്കുന്ന നീക്കമായിരിക്കുമെന്ന മുന്നറിയിപ്പും ഐഡിഎഫ് നല്‍കിയിട്ടുണ്ട്.
ഹമാസിന്റെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നീക്കം ചെയ്യാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിലയിരുത്തലെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ സമ്പൂര്‍ണ്ണ അധിനിവേശത്തെ എതിര്‍ത്താല്‍ അദ്ദേഹം രാജിവെക്കേണ്ടി വരുമെന്ന് നെതന്യാഹുവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ‘ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ പോലും ഓപ്പറേഷന് ഉണ്ടാകും’ നെതന്യാഹുവിന്റെ ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.






