അന്നത്തെ നമ്പര്‍ വണ്‍ ശത്രു ഇന്നത്തെ ജീവിതപങ്കാളി; രസകരമായ കുറിപ്പുമായി യുവതി

ഭര്‍ത്താവിനെ കുറിച്ച് യുവതി സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രങ്ങളും വൈറലായി. സ്‌കൂള്‍ പഠനകാലത്തെ തന്റെ ‘ശത്രു’വിനെ കുറിച്ചാണ് യുവതി എക്സില്‍ പോസ്റ്റ് ചെയ്തത്. ആഞ്ചല്‍ റാവത്ത് എന്ന യുവതിയാണ് വ്യത്യസ്തമായ പോസ്റ്റിലൂടെ വൈറലായത്. സൗഹൃദ ദിനത്തിലായിരുന്നു യുവതിയുടെ പോസ്റ്റ്.
പണ്ട് സ്‌കൂളിലെ സഹപാഠിയായിരുന്ന ഭര്‍ത്താവിനെ കുറിച്ചാണ്, അന്നത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് ആഞ്ചല്‍ കുറിപ്പെഴുതിയത്. ആണ്‍കുട്ടികളെ അവഗണിച്ച പെണ്‍കുട്ടി എന്നാണ് അക്കാലത്തെ തന്നെ ആഞ്ചല്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഒരുദിവസം നാണക്കാരനും പഠിപ്പിസ്റ്റുമായ ഒരു സഹപാഠി ഉച്ചഭക്ഷണം കഴിക്കാന്‍ അവളെ ക്ഷണിച്ചു. എന്നാല്‍ ആഞ്ചല്‍ അത് അല്‍പ്പം രോഷത്തോടെ നിരസിക്കുകയായിരുന്നു. ഒടുവില്‍ ആ ആണ്‍കുട്ടിയുടെ പോക്കിമോന്‍ ടിഫിന്‍ ബോക്സ് പൊട്ടിക്കുന്നതിലാണ് അത് കലാശിച്ചത്.

‘സ്‌കൂളില്‍ എന്നെ വെറുത്തിരുന്ന ചെക്കനെയാണ് ഞാന്‍ കല്യാണം കഴിച്ചത്’ എന്ന തലക്കെട്ടോടുകൂടിയാണ് ആഞ്ചലിന്റെ പോസ്റ്റ്. ‘ആണ്‍കുട്ടികളുമായി കൂട്ടുകൂടാന്‍ ഇഷ്ടമല്ലാത്ത കുട്ടിയായിരുന്നു ഞാന്‍. ഒരുദിവസം പഠിപ്പിസ്റ്റും നാണക്കാരനുമായ ഒരാണ്‍കുട്ടി എനിക്ക് ഉച്ചഭക്ഷണം വാഗ്ദാനം ചെയ്യാന്‍ ശ്രമിച്ചു. ഞാന്‍ അബദ്ധത്തില്‍ അവന്റെ പോക്കിമോന്‍ ടിഫിന്‍ ബോക്സ് പൊട്ടിച്ചു. ഞാന്‍ അന്ന് അവനെ കരച്ചിലിന്റെ വക്കിലെത്തിച്ചു. പിന്നീട് ഒരിക്കലും അവന്‍ എന്നോട് സംസാരിച്ചിട്ടില്ല.’ -ആഞ്ചല്‍ പറഞ്ഞു.
’15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മാട്രിമോണി ആപ്പില്‍ അതേ ആണ്‍കുട്ടിയെ ഞാന്‍ കണ്ടെത്തി. ‘നീ എനിക്കൊരു പുതിയ ടിഫിന്‍ ബോക്സ് വാങ്ങിത്തരുമോ?’ എന്നാണ് അവന്‍ എനിക്കയച്ച ആദ്യത്തെ മെസേജ്. ഞങ്ങള്‍ സ്‌കൂളില്‍ സുഹൃത്തുക്കളായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ വിവാഹിതരായി. സൗഹൃദ ദിനാശംസകള്‍, പ്രിയ ഭര്‍ത്താവേ…’
ആഞ്ചലിന്റെ അപൂര്‍വമായ പ്രണയകഥ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒട്ടേറെ പേരാണ് ആഞ്ചലിനും ഭര്‍ത്താവിനും ആശംസയറിയിച്ച് പോസ്റ്റിന് താഴെ കമന്റുകളിട്ടത്. ‘ഇങ്ങനെയൊരു പ്രണയകഥയാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ എന്ന് ഒരാള്‍ കുറിച്ചു. ‘ഇനി വേറൊരു ടിഫിന്‍ ബോക്സ് പൊട്ടിക്കല്ലേ’ എന്ന് മറ്റൊരാള്‍ തമാശയായി പറഞ്ഞു. ‘അവന്‍ ടിഫിന്‍ ബോക്സ് ഓര്‍ത്തിരുന്നു, വിരോധമല്ല’ എന്ന് മറ്റൊരാളെഴുതി.






