ഡിഇഒ ഓഫീസിന്റെ പിടിവാശിയോ? അധ്യാപികയായ ഭാര്യയ്ക്ക് 12 വര്‍ഷമായി ശമ്പളമില്ല; മകന്റെ പഠനത്തിന് പണം കണ്ടെത്താനായില്ല; കൃഷി വകുപ്പ് ജീവനക്കാരന് ജീവനൊടുക്കി

പത്തനംതിട്ട: അത്തിക്കയം നാറാണംമൂഴിയില്‍ കൃഷി വകുപ്പ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടക്കേച്ചെരുവില്‍ ഷിജോ വിടി (47) യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂങ്ങാംപാറ വനത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഷിജോയുടെ മകനു ഈറോഡിലെ എന്‍ജിനീയറിങ് കോളജില്‍ പ്രവേശനം ശരിയായിരുന്നു. ഇതിനു ആവശ്യമായ പണം നല്കാന് കഴിയാതെ വന്നതോടെയാണ് ഷിജോ ആത്മഹത്യ ചെയ്തത് എന്നു ബന്ധുക്കള്‍ പറയുന്നു. കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയംഗം ത്യാഗരാജന്റെ മകനാണ് ഷിജോ.
ഷിജോയുടെ ഭാര്യ 12 വര്‍ഷമായി നാറാണംമൂഴിയില്‍ എയ്ഡഡ് സ്കൂള്‍ അധ്യാപികയാണ്. എന്നാല്‍, ഇവര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നു മുന്‍കാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നല്‍കാനും ഉത്തരവായിരുന്നു. എന്നിട്ടും ഡിഇഒ ഓഫീസില്‍ നിന്നു ശമ്പള രേഖകള്‍ ശരിയാകാത്തതിനെ തുടര്‍ന്നു ഇവര്‍ വകുപ്പ് മന്ത്രിയെ പലതവണ സമീപിച്ചു.
തുടര്‍ന്നു ശമ്പളം നല്കാന് മന്ത്രിയുടെ ഓഫീസില്‍ നിന്നു രേഖകള്‍ ശരിയാക്കി നല്കാന് നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിട്ടും ശമ്പളം നല്കാന് തയ്യാറായില്ല. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ഡിഇഒ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല.
സാമ്പത്തിക പ്രതിസന്ധി കാരണം മകന്റെ കോളജ് പ്രവേശനം മുടങ്ങിയതോടെ ഷിജോ ജീവനൊടുക്കിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിനെതിരേയും ബന്ധുക്കള്‍ ആരോപണമുന്നയിച്ചു.






