റൂമില്‍ പോയി ഫ്രഷായിട്ട് വരാം എന്നുപറഞ്ഞ് പോയി; ഷൂട്ടിങ് സംഘത്തിലെ എല്ലാവരും മുറിയൊഴിഞ്ഞു, നവാസിന്റെ മുറി മാത്രം ബാക്കി; അന്വേഷിച്ചെത്തിയപ്പോള്‍…

കൊച്ചി: ‘റൂമില്‍ പോയി ഫ്രഷായിട്ട് വരാം’ എന്ന് പറഞ്ഞു പോയ കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് സഹപ്രവര്‍ത്തകര്‍. നവാസിന്റെ മരണം സ്വപ്നത്തില്‍പ്പോലും ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ പറഞ്ഞു. ആരോഗ്യവാനായ വ്യക്തിയായിരുന്നു നവാസ്. നന്നായി ആരോഗ്യം നോക്കുന്നയാളായിരുന്നുവെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.
പ്രകമ്പനം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് നവാസിന്റെ വിയോഗം. സൗമ്യനായ വ്യക്തിയായിരുന്നു നവാസെന്ന് ഈ സിനിമയില്‍ അദ്ദേഹത്തിനൊപ്പം വേഷമിട്ട പി.പി. കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. ചിത്രീകരണത്തിനിടെ യാതൊരു അസുഖങ്ങളും ഉണ്ടായിരുന്നില്ല. വളരെ കൂളായി നടന്നുപോയതാണ്. റൂമില്‍ പോയി ഫ്രഷായിട്ട് വരാം എന്ന് പറഞ്ഞ് പോയതാണ്. ഇങ്ങനെ മരണം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ ദിവസവും സംസാരിക്കുന്നവരാണെന്നും എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും നടന്‍ കലാഭവന്‍ റഹ്‌മാന്‍ പ്രതികരിച്ചു. വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. നവാസും സഹോദരന്‍ നിയാസും വളരെ അടുത്ത സുഹൃത്തുക്കളാണ്. ആലുവയില്‍ ഒരേ പ്രദേശത്ത് താമസിക്കുന്നവരാണ്. നന്നായി ആരോഗ്യം നോക്കി, ശ്രദ്ധിച്ച് ജീവിക്കുന്ന ഒരാള്‍ക്ക് ഇങ്ങനെ സംഭവിച്ചു എന്ന് കേള്‍ക്കുമ്പോള്‍ ഒന്നും പറയാന്‍ പറ്റുന്നില്ലെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.
നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ തറയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുന്നത്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ചോറ്റാനിക്കരയില്‍ എത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ലൊക്കേഷനില്‍നിന്ന് നാലാം തീയതി തിരിച്ചെത്താമെന്നു പറഞ്ഞ് ഹോട്ടല്‍ മുറിയിലേക്ക് മടങ്ങിയതാണ്. എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലില്‍ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് വിവരം പുറംലോകമറിയുന്നത്.
സംഭവത്തെക്കുറിച്ച് ഹോട്ടലുടമ സന്തോഷ് പറയുന്നതിങ്ങനെ: മൂന്ന് മുറികളാണ് ഷൂട്ടിങ് സംഘം എടുത്തിരുന്നത്. 209ാം നമ്പര്‍ മുറിയിലാണ് നവാസ് താമസിച്ചിരുന്നത്. മറ്റ് രണ്ട് മുറികളും ചെക്ക് ഔട്ട് ചെയ്തിരുന്നു. അദ്ദേഹം ചെക്ക് ഔട്ട് ചെയ്യാന്‍ വൈകിയപ്പോള്‍ സഹപ്രവര്‍ത്തകരെ വിളിച്ച് അന്വേഷിച്ചിരുന്നു. മുറിയില്‍ ചെന്ന് അന്വേഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ പറയുകയും ചെയ്തു. റൂം ബോയി പോയി ബെല്ലടിച്ചെങ്കിലും മുറി തുറന്നില്ല. ഡോര്‍ ലോക്ക് ചെയ്തിരുന്നില്ല. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ നവാസ് തറയില്‍ വീണു കിടക്കുകയാണ്. ഉടന്‍ തന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിച്ചറിയിച്ചു. ആശുപത്രിയിലേയ്ക്ക് പോകുമ്പോള്‍ ജീവനുണ്ടായിരുന്നുയ കൈകളൊക്കെ അനങ്ങുന്നുണ്ടായിരുന്നു. സിനിമാ പ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്നാണ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയത്.
പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം സിനിമയില്‍ നവാസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. സാധനങ്ങളുമെടുത്ത് വീട്ടിലേക്ക് മടങ്ങാനായി ചോറ്റാനിക്കരയിലെ ഹോട്ടല്‍മുറിയില്‍ എത്തിയതായിരുന്നു നവാസ്. മറ്റ് താരങ്ങള്‍ക്കൊപ്പം നവാസും കഴിഞ്ഞ 25 ദിവസങ്ങളായി ഇതേ ഹോട്ടലില്‍ തന്നെയാണ് താമസിച്ചിരുന്നത്.
പ്രശസ്ത നാടക-സിനിമാ നടന്‍ അബൂബക്കറിന്റെ മകനാണ്. മിമിക്‌സ് ആക്ഷന്‍ 500 എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നവാസ് ഒട്ടേറെ സിനികളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ചലച്ചിത്ര താരം രഹ്നയാണ് ഭാര്യ. മക്കള്‍: നഹ്റിന്‍, റിദ്വാന്‍, റിഹാന്‍. നവാസിന്റെ സഹോദരന്‍ നിയാസ് ബക്കറും നടനാണ്.






