‘കാരവന്‍ ഫേവേഴ്സി’ന് വേണ്ടി രണ്ടുലക്ഷം വാഗ്ദാനം, ‘ഡ്രൈവിന്’ അരലക്ഷം… വര്‍ഷങ്ങളോളം ലൈംഗികമായി ഉപയോഗിച്ചു; വിജയ് സേതുപതിക്കെതിരേ ആരോപണം, പ്രശസ്തി ആസ്വദിക്കട്ടേയെന്ന് മറുപടി

ചെന്നൈ: തനിക്കെതിരായ ലൈംഗിക ചൂഷണ ആരോപണം നിഷേധിച്ച് തമിഴ് നടന്‍ വിജയ് സേതുപതി. ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ക്ക് തന്നെ തളര്‍ത്താന്‍ കഴിയില്ലെന്ന് വിജയ് സേതുപതി പറഞ്ഞു. എക്സില്‍ പ്രത്യക്ഷപ്പെട്ട ആരോപണത്തിനെതിരേ സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും നടന്‍ പ്രതികരിച്ചു.
‘എന്നെ അല്പമെങ്കിലും അറിയുന്ന ആരും ആ ആരോപണം കേട്ട് ചിരിക്കും. എനിക്ക് എന്നെ അറിയാം. ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ക്ക് എന്നെ തളര്‍ത്താന്‍ കഴിയില്ല. കുടുംബവും അടുത്ത സുഹൃത്തുക്കളും വിഷമത്തിലാണ്. പക്ഷേ ഞാന്‍ അവരോട് പറയും, ‘അത് വിട്ടുകളയൂ, ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് ആ സ്ത്രീ അതുചെയ്യുന്നത്. അവര്‍ക്ക് കിട്ടുന്ന അല്‍പ്പനേരത്തെ ഈ പ്രശസ്തി അവര്‍ ആസ്വദിക്കട്ടെ’ -വിജയ് സേതുപതി പറഞ്ഞു.
‘ഞങ്ങള്‍ സൈബര്‍ ക്രൈമില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷമായി പലതരം അപവാദപ്രചാരണങ്ങള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. അത്തരം വേട്ടയാടലുകള്‍ എന്നെ ഇതുവരെ ബാധിച്ചിട്ടില്ല, ഇനി ഒരിക്കലും ബാധിക്കുകയുമില്ല’, വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ഒരു യുവതിയുടെ പേരിലുള്ള എക്സ് അക്കൗണ്ടില്‍നിന്ന് വിജയ് സേതുപതിക്കെതിരേ ആരോപണം വന്നത്. തനിക്ക് അറിയാവുന്ന ഒരു പെണ്‍കുട്ടിയെ വിജയ് സേതുപതി ലൈംഗികമായി ദുരുപയോഗിച്ചുവെന്നായിരുന്നു വെളിപ്പെടുത്തല്‍.
‘കോളിവുഡിലെ ലഹരി- കാസ്റ്റിങ് കൗച്ച് സംസ്‌കാരം തമാശയല്ല. ഇപ്പോള്‍ മാധ്യമങ്ങളിലെ അറിയപ്പെടുന്ന മുഖമായ എനിക്കറിയുന്ന ഒരു പെണ്‍കുട്ടി, ഒരിക്കലും പരിചിതമല്ലാത്ത ഒരു ലോകത്തേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. അവള്‍ ഇപ്പോള്‍ റിഹാബിലിറ്റേഷന്‍ സെന്ററിലാണ്. ലഹരിയും മാനിപ്പുലേഷനും ചൂഷണവും ഈ മേഖലയില്‍ സാധാരണമായിക്കഴിഞ്ഞു. ‘കാരവന്‍ ഫേവേഴ്സി’ന് വേണ്ടി വിജയ് സേതുപതി രണ്ടുലക്ഷം രൂപ വാഗ്ദാനം ചെയ്തു, ‘ഡ്രൈവിന്’ 50000-വും. എന്നിട്ട് അയാള്‍ സാമൂഹികമാധ്യമങ്ങളില്‍ പുണ്യാളനായി അഭിനയിക്കുന്നു. അയാള്‍ വര്‍ഷങ്ങളോളം അവളെ ഉപയോഗിച്ചു. ഇത് ഒറ്റപ്പെട്ട അനുഭവമല്ല. ഇത്തരും ആളുകളെ മാധ്യമങ്ങള്‍ പുണ്യാളന്മാരായി ആരാധിക്കുന്നു’, എന്നായിരുന്നു പോസ്റ്റ്.






