ചാടിയ പുള്ളിയെ പിടിക്കാന്‍ പിരിച്ചത് 3 ലക്ഷം! ഉദ്യോഗസ്ഥര്‍ക്ക് പിരിവ് കൊടുത്തവരില്‍ നല്ല’പുള്ളി’കളും; വാര്‍ത്തയായതോടെ മുഖം രക്ഷിക്കാന്‍ ഒരാള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ചാടിപ്പോയ തടവുകാരനെ അസമിലെത്തി പിടികൂടി നടപടിയില്‍നിന്ന് ഒഴിവാകാന്‍ ജയിലുകളില്‍ ജീവനക്കാരുടെ അനധികൃത പണപ്പിരിവ്. മൂന്നു ലക്ഷത്തോളം രൂപ ചെലവഴിച്ചതില്‍ ക്രമക്കേട് ആരോപിച്ച് ജയില്‍ ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പുകളില്‍ ചര്‍ച്ച തുടങ്ങി. സംഭവം വാര്‍ത്തയായതോടെ സെല്ലിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി.
കോട്ടയം ജില്ലാ ജയിലില്‍ ലഹരിക്കടത്തിനും മോഷണത്തിനും റിമാന്‍ഡില്‍ കഴിയവേ, കഴിഞ്ഞ ജൂണ്‍ 30 നു ജയില്‍ചാടിയ അമിനുല്‍ ഇസ്‌ലാമിനെ ഈ 19ന് ആണ് അസമില്‍നിന്നു പിടികൂടിയത്. ജയില്‍ മതിലിന്റെ ഉയരക്കുറവു മുതലെടുത്താണു പ്രതി രക്ഷപ്പെട്ടത്. ജയില്‍ചാട്ടം അന്വേഷിക്കേണ്ടതു പൊലീസാണെങ്കിലും വകുപ്പുതല അന്വേഷണവും നടപടിയും വരുമെന്നു മനസ്സിലായതോടെ ജയില്‍ ഉദ്യോഗസ്ഥര്‍ അനധികൃത പണപ്പിരിവു നടത്തി തടികയിച്ചിലാക്കാന്‍ മുതിരുകയായിരുന്നു.
മേലുദ്യോഗസ്ഥരും ഒത്താശ ചെയ്തു. യാത്രച്ചെലവിനു പണം കണ്ടെത്താന്‍ വിവിധ ജയിലുകളിലെ പരിചയക്കാരായ ഉദ്യോഗസ്ഥരെ ചേര്‍ത്ത് ‘എസ്‌കേപ് ആന്‍ഡ് റീ അറസ്റ്റ്’ എന്ന പേരില്‍ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി. ഗൂഗിള്‍ പേ നമ്പര്‍ നല്‍കി പണം അയയ്ക്കാന്‍ അഭ്യര്‍ഥിച്ചു. മൂന്നുലക്ഷത്തോളം രൂപ ലഭിച്ചതില്‍ ഏറെയും എത്തിയത് അഴിമതിക്കു പേരുകേട്ട ചില ജയിലുകളില്‍നിന്നാണ്. തടവുകാരില്‍നിന്നും പണപ്പിരിവ് നടത്തിയെന്നാണു വിവരം.
തുടര്‍ന്നു രണ്ട് അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാര്‍, രണ്ടു പൊലീസുകാരെയും കൂട്ടി വിമാനത്തില്‍ അസമിലെത്തി. പ്രതിയെ കണ്ടെത്താനാകാതെ മടങ്ങി. ഏതാനും ദിവസത്തിനുശേഷം പ്രതി അസം പൊലീസിന്റെ പിടിയിലായപ്പോള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ വീണ്ടും വിമാനമാര്‍ഗം അസമിലെത്തി പ്രതിയെ വിമാനത്തില്‍ തിരികെയെത്തിക്കുകയായിരുന്നു. ആകെ പിരിച്ചത് 2,18,100 രൂപ. ചെലവായത് 2,99,873 രൂപ. 81,773 രൂപ അധികം ചെലവായതാണ് വിവാദമായത്.
വാര്‍ത്തയ്ക്കു പിന്നാലെ സെല്ലിന്റെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ പരമേശ്വരനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് സ്ഥലംമാറ്റിയത്. പകല്‍, സൂപ്രണ്ടിന്റെ മുറിയില്‍ ഹാജരാക്കിയ പ്രതി പുറത്തിറങ്ങുമ്പോള്‍ കടന്നുകളഞ്ഞ സംഭവത്തില്‍ സൂപ്രണ്ട് അടക്കം മറ്റുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല. ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് ഈമാസം 7നു സെന്‍ട്രല്‍ സോണ്‍ ഡിഐജി ജയില്‍ വകുപ്പ് മേധാവിക്കു നല്‍കിയത്.






