Breaking NewsWorld

പാലസ്തീന്‍ അനുകൂല നിലപാട്: ഫ്രാന്‍സിനെതിരേ മുഖംകറുപ്പിച്ച് യുഎസും ഇസ്രായേലും; മാക്രോണിന് കൈയ്യടിച്ച് സ്പെയ്നും സൗദിയും

പാരീസ്: പലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചതിനോട് മുഖംതിരിച്ച് യുഎസും ഇസ്രായേലും. സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയില്‍ പാലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന പ്രഖ്യാപനം നടത്തുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്.

ഗാസയില്‍ 20 ലക്ഷത്തിലധികം ആളുകള്‍ അനുഭവിക്കുന്ന ഗുരുതരമായ മാനുഷിക പ്രതിസന്ധിക്ക് യാതൊരു അയവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഫ്രാന്‍സിന്റെ നിര്‍ണായക പ്രഖ്യാപനം ഉണ്ടായത്. ഗാസയില്‍ മാനുഷിക സഹായം എത്തുന്നത് ഉള്‍പ്പെടെ വിലക്കിയ ഇസ്രായേലിന്റെ നടപടിയില്‍ രാജ്യാന്തര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സമാധാന പ്രേമികള്‍ ഫ്രാന്‍സിന്റെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

Signature-ad

അതേസമയം ഫ്രാന്‍സിന്റെ പ്രഖ്യാപനത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി അമേരിക്കയും ഇസ്രായേലും രംഗത്തെത്തി. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടന്ന ഹമാസിന്റെ ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് മുഖത്തേറ്റ അടിയാണ് ഫ്രാന്‍സിന്റെ പ്രഖ്യാപനം എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിമര്‍ശിച്ചു. ഹമാസിന്റെ പ്രചാരണത്തിന് മാത്രം ഉപകരിക്കുന്ന വീണ്ടുവിചാരമില്ലാത്ത തീരുമാനമാണ് ഫ്രാന്‍സിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഇമ്മാനുവല്‍ മാക്രോണിന്റെ പദ്ധതിയെ അമേരിക്ക ശക്തമായി തള്ളിക്കളയുന്നതായും മാര്‍ക്കോ റൂബിയോ എക്സില്‍ കുറിച്ചു.

പലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം ഭീകരതയ്ക്കുള്ള പ്രതിഫലമാണെന്നും ഫ്രാന്‍സിന്റെ ഈ പ്രഖ്യാപനം ഇസ്രയേലിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

Back to top button
error: