വസതിയും കാറും ചോദിച്ചാൽ മടക്കി നൽകാം, തന്നെ ഇടിച്ച് താഴ്ത്താനാണ് ശ്രമമെങ്കിൽ നടക്കട്ടെ; പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നല്‍കിയിരുന്ന സെഡ് കാറ്റഗറി സുരക്ഷ വൈ പ്ലസ് ആയി കുറച്ചു. സുരക്ഷാ അവലോകനസമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഗവര്‍ണർക്കും മുഖ്യമന്ത്രിക്കുമാണ് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളത്. മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ക്ക് എ കാറ്റഗറി സുരക്ഷയും പ്രതിപക്ഷ നേതാവിന് വൈ പ്ലസ് കാറ്റഗറി സുരക്ഷയുമാണ് പുതുതായി അനുവദിച്ചത്
തിരുവനന്തപുരം: തൻ്റെ സുരക്ഷ പിന്‍വലിച്ചത് പത്രത്തിലൂടെയാണ് അറിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തന്നെ ഇടിച്ച് താഴ്ത്താനാണ് ശ്രമമെങ്കിൽ നടക്കട്ടെ. സുരക്ഷയിൽ ചീഫ് വിപ്പിനും താഴെയാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ്. എങ്കിലും തനിക്ക് പരാതിയില്ല.
പ്രതിപക്ഷ നേതാവിൻ്റെ സ്ഥാനം അത്ര വലുതൊന്നുമല്ലെന്ന് തന്നെയും പൊതുസമൂഹത്തെയും അറിയിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടായിരിക്കാം സര്‍ക്കാരിൻ്റെ ഈ നടപടി. അങ്ങനെയെങ്കില്‍ അത് നടക്കട്ടെ. വ്യക്തിപരമായി ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. ഔദ്യോഗിക വസതിയും കാറും മാത്രമാണ് ഇനിയുള്ളത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അതും മടക്കി നല്‍കാമെന്നും വി.ഡി സതീശന്‍ പറഞ്ഞു. മണിചെയിന്‍ തട്ടിപ്പില്‍ പങ്കെന്ന പി വി അന്‍വർ ഉന്നയിച്ച ആരോപണം മുഖ്യമന്ത്രിക്ക് അന്വേഷിക്കാമെന്നും സതീശന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നല്‍കിയിരുന്ന സെഡ് കാറ്റഗറി സുരക്ഷയാണ് വൈ പ്ലസ് ആയി കുറച്ചത്. കഴിഞ്ഞമാസം ചേര്‍ന്ന സുരക്ഷാ അവലോകനസമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിൻ്റെ ഉത്തരവ്.
ഗവര്‍ണറും മുഖ്യമന്ത്രിക്കുമാണ് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളത്. മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ക്ക് എ കാറ്റഗറി സുരക്ഷയും പ്രതിപക്ഷ നേതാവിന് വൈ പ്ലസ് കാറ്റഗറി സുരക്ഷയുമാണ് പുതുതായി അനുവദിച്ചത്.
കാറ്റഗറി മാറിയതോടെ എസ്‌കോര്‍ട്ട് ഇല്ലാതായി. പൈലറ്റും എസ്‌കോര്‍ട്ടും വേണ്ടെന്ന് വി ഡി സതീശന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അഞ്ച് പോലീസുകാര്‍ മാത്രമാണ് ഓഫീസ് ഡ്യൂട്ടിക്ക് ഒപ്പമുള്ളത്.
സി.പി.എം നേതാവ് പി ജയരാജനും രമേശ് ചെന്നിത്തലയ്ക്കും വൈ പ്ലസ് സുരക്ഷയുണ്ട്. എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, വി എസ് അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് സെഡ് വിഭാഗത്തില്‍ സുരക്ഷ തുടരുന്നു.