NEWS

ദുരൂഹ മരണം ഹൃദയസ്തംഭനമാക്കി, മൃതദേഹം പോസ്റ്റ്മോർട്ടത്തിന് പുറത്തെടുക്കും; ഭാര്യക്കും മക്കൾക്കുമെതിരെ കേസ്

ശനിയാഴ്ച പുലർച്ചെയാണ് ബദറുദ്ദീനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ ഭാര്യയും മക്കളും ചേർന്ന് പുനലൂർ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പകുതി വഴിയിൽ വച്ച് തിരികെ പോന്നു. ഹൃദയാഘാതം വന്ന് മരിച്ചതാണെന്ന് ബന്ധുക്കളേയും നാട്ടുകാരേയും ധരിപ്പിച്ച് ഉച്ചകഴിഞ്ഞ് തടിക്കാട് പള്ളിയിൽ മൃതദേഹം സംസ്കരിച്ചു

പുനലൂർ: ദുരൂഹ സാഹചര്യത്തിലുണ്ടായ മരണം ‘ഹൃദയസ്തംഭന’മാക്കി സംസ്കരിച്ച സംഭവത്തിൽ അഞ്ചൽ പൊലീസ്​ കേസെടുത്തു. ബന്ധുുക്കളുടെ പരാതിയെ തുടർന്നാണ്​ നടപടി. മരിച്ചയാളിന്‍റെ മൃതദേഹം പുറത്തെടുത്ത്​ വീണ്ടും പോസ്റ്റ്​മാർട്ടം നടത്തുമെന്നും പൊലീസ്​ അറിയിച്ചു. തടിക്കാട് കൈതക്കെട്ടിൽ മാഹിൻ മൽസിലിൽ ബദറുദ്ദീന്‍റെ ( 52 ) മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നത്.

Signature-ad

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ബദറുദ്ദീനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഭാര്യയും മക്കളും കാണുന്നത്. ഉടൻ തന്നെ സമീപവാസിയായ അടുത്ത ബന്ധുവിനെ വിളിച്ച് ഭാര്യയും മക്കളും ചേർന്ന് പുനലൂർ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്താതെ പകുതി വഴിയിൽ തിരിച്ചെത്തുകയും ഹൃദയാഘാതം വന്ന് മരിച്ചതാണെന്ന് ബന്ധുക്കളേയും നാട്ടുകാരേയും ധരിപ്പിച്ച് ഉച്ചകഴിഞ്ഞ് തടിക്കാട് പള്ളിയിൽ സംസ്കരിക്കുകയും ചെയ്യുകയായിരുന്നു.

വിവരമറിഞ്ഞ ബദറുദ്ദീന്റെ ഗൾഫിലുള്ള സഹോദരിമാർ പുനലൂർ ഡി.വൈ.എസ്.പിക്ക് നൽകിയ പരാതിയെത്തുടർന്ന് ബദറുദ്ദീന്‍റെ മക്കളെ ചോദ്യം ചെയ്തപ്പോൾ തൂങ്ങി മരിച്ചതാണെന്നും പിതാവിനെ പോസ്റ്റ്മോർട്ടം ചെയ്യാൻ കീറി മുറിക്കുന്നതിലുള്ള മനോവിഷമത്താലാണ് വിവരം മറച്ചു വച്ചതെന്നും ​പറഞ്ഞു. ഇതോടെ ഭാര്യക്കും മക്കൾക്കുമെതിരെ കേസെടുത്തിരിക്കയാണ് പോലീസ്.

ഇന്ന് (വെള്ളി) രാവിലെ 11 മണിയോടെ പുനലൂർ ആർ.ഡി.ഒ, തഹസീൽദാർ, ഫോറൻസിക് വിദഗ്ധർ എന്നിവരുടെ സാന്നിധ്യത്തിൽ തടിക്കാട് മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ നിന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേയ്ക്ക് അയയ്ക്കുമെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: