ആര്‍ടിഒയുടെ യാത്രയയപ്പ് പരിപാടിക്കിടെ വിജിലന്‍സ് റെയ്ഡ്; ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനായി സൂക്ഷിച്ച 66,600 രൂപ പിടിച്ചെടുത്തു; നിലമ്പൂരില്‍ ജനല്‍ വഴി പുറത്തേക്ക് എറിഞ്ഞത് 49,300 രൂപ!

തിരുവനന്തപുരം: ഇടുക്കി ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ഏജന്റ്മാരില്‍ നിന്ന് ഡ്രൈവിംഗ് സ്‌കൂളുകളുടെ വിഹിതം രേഖപ്പെടുത്തിയ പട്ടികയും പിടിച്ചെടുത്തു. ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനായി സൂക്ഷിച്ച 66,600 രൂപ പിടിച്ചെടുത്തു. സ്ഥലം മാറിപ്പോകുന്ന ആര്‍ടിഒ യുടെ യാത്രയയപ്പ് പരിപാടിയിലായിരുന്നു പരിശോധന. പീരുമേട് ആര്‍ടിഒ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ പതിനാറായിരം രൂപയും പിടിച്ചെടുത്തു.
ഓപ്പറേഷന്‍ ക്ലീന്‍ വീല്‍ എന്ന പേരില്‍ സംസ്ഥാനവ്യാപകമായി മോട്ടര്‍ വാഹന ഓഫീസുകളില്‍ പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഒ ഓഫീസിലും റെയ്ഡ് നടത്തിയത്. രാത്രി പത്തുമണി വരെ പരിശോധന നീണ്ടു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കുമെന്നും വിജിലന്‍സ് അറിയിച്ചു.
അതിനിടെ, നിലമ്പൂര്‍ ജോയിന്റ് ആര്‍ടി ഓഫിസില്‍ പൊലീസ് വിജിലന്‍സ് പരിശോധനയ്ക്കിടെ, ജനാല വഴി പുറത്തേക്ക് എറിഞ്ഞത് ഉള്‍പ്പെടെ 53,800 രൂപ കണ്ടെടുത്തു. ഡിവൈഎസ്പി പി.ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് ഇന്നലെ വൈകിട്ട് 4.30ന് വിജിലന്‍സ് നിലമ്പൂര്‍ ചന്തക്കുന്നിലെ ആര്‍ടി ഓഫിസിലെത്തിയത്.
ഓണ്‍ലൈന്‍ അപേക്ഷകള്‍ മനഃപൂര്‍വം വൈകിപ്പിച്ച്, ഏജന്റുമാരെ സമീപിച്ചു പണം നല്‍കാന്‍ അപേക്ഷകരെ നിര്‍ബന്ധിതരാക്കുന്നെന്നു സംസ്ഥാനവ്യാപകമായി പരാതിയുണ്ട്. ആഴ്ചാവസാനം വൈകിട്ട് 4.30ന് ആണ് ഏജന്റുമാര്‍ ഉദ്യോഗസ്ഥര്‍ക്കു പണം കൈമാറുന്നതെന്നു വിജിലന്‍സിന് വിവരം കിട്ടി. തുടര്‍ന്നു സംസ്ഥാനത്തൊട്ടാകെ ഇതേ സമയത്ത് പരിശോധന തുടങ്ങി. നിലമ്പൂരില്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ നാല് ഏജന്റുമാര്‍ ഓഫിസിലുണ്ടായിരുന്നു. ഒരാളുടെ പക്കല്‍നിന്ന് 4500 രൂപ കണ്ടെടുത്തു.
ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഓഫീസിലുള്ളവരുടെ ദേഹപരിശോധന നിര്‍ദേശിച്ചു. ഡിവൈഎസ്പി, ഗസറ്റഡ് ഓഫിസര്‍ കെ.നിധിന്‍ എന്നിവര്‍, ഉദ്യോഗസ്ഥര്‍, ഏജന്റുമാര്‍ എന്നിവരുടെ വാഹനങ്ങള്‍ പരിശോധിക്കാന്‍ പുറത്തിറങ്ങിയതും ഒന്നാം നിലയില്‍നിന്നു ജനാല വഴി പണം പുറത്തിട്ടതും ഒപ്പമായിരുന്നു. ചെടികള്‍ക്കിടയിലാണു വീണത്. എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ 49,300 രൂപ ഉണ്ടായിരുന്നു. എറിഞ്ഞ ആളെ തിരിച്ചറിയാനായില്ല.
വാഹനപരിശോധനയില്‍ ഒന്നും കിട്ടിയില്ല. ഉദ്യോഗസ്ഥര്‍, ഏജന്റുമാര്‍ എന്നിവരുടെ ഫോണുകള്‍ പരിശോധിച്ചു. എംഎംവിഐമാരില്‍ ഒരാള്‍ പണം ആവശ്യപ്പെടുന്നത് ഉള്‍പ്പെടെ തെളിവുകള്‍ കിട്ടിയതായി അധികൃതര്‍ പറഞ്ഞു. എല്ലാവരുടെയും മൊഴി രേഖപ്പെടുത്തി. തുടര്‍ നടപടിക്കു ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കും.






