എന്തിനാണ് അവളെ കൊലയ്ക്കു കൊടുക്കുന്നത്? നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളെ വിമര്‍ശിച്ച ശ്രീജിത്ത് പണിക്കരെ വിമര്‍ശിച്ച് ഹരീഷ് പേരടി; ‘ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ പെടാപ്പാടു പെടുമ്പോള്‍ എന്തിനാണു നിങ്ങള്‍ നിയത്തിന്റെ നെല്ലും പതിരും വേര്‍തിരിക്കുന്നത്?’

യമനിലെ ജയിലില്‍ തടവിലായിരിക്കുന്ന നിമിഷ പ്രിയക്കായി നടക്കുന്ന മോചന ശ്രമങ്ങളെ വിമര്‍ശിച്ച് നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തിയിരുന്നു. യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വിഡിയോയില്‍ എന്തിന് പേരിലാണ് നിമിഷ പ്രിയ നിരപരാധിയെന്ന് ചിലർ വാദിക്കുന്നതെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് അവർ മാപ്പ് അർഹിക്കുന്നതെന്നുമാണ് ശ്രീജിത്ത് പണിക്കര്‍ ചോദിച്ചത്.
ശ്രീജിത്ത് പണിക്കരുടെ നിലപാടനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ജാതി മത രാഷ്ട്രിയ ഭേദമന്യേ ഒരു സമൂഹം ഒന്നിച്ച് അവളുടെ ജീവൻ തിരിച്ചുപിടിക്കാൻ പെടാപാട് പ്പെടുമ്പോൾ നിങ്ങൾ എന്തിനാണ് നിയമത്തിന്‍റെ നെല്ലും പതിരും വേർത്തിരിച്ച് അവളെ കൊലക്ക് കൊടുക്കുന്നതെന്നും ഇത്രയും പക എന്തിനാണ് മനസ്സിൽ സൂക്ഷിക്കുന്നതെന്നും ഹരീഷ് പേരടി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടി ശ്രീജിത്ത് പണിക്കരെ വിമര്‍ശിച്ചത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
“ഇന്ത്യ എന്‍റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരി സഹോദരൻമാരാണ്”..പ്രിയപ്പെട്ട ശ്രീജിത്ത് നമ്മൾ ചൊല്ലി പഠിച്ച പ്രതിഞ്ജയുടെ ആദ്യഭാഗമാണ്…അപ്പോൾ നിമിഷ പ്രിയ എനിക്കും നിങ്ങൾക്കും നമുക്ക് എല്ലാവർക്കും ആരാണെന്ന് മനസ്സിലാക്കാൻ ഇതിലും കൂടുതൽ തെളിവുകൾ വേണ്ടല്ലോ…നമ്മുടെ സഹോദരിക്ക് ഒരു തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പോലും അതിനുപകരമായി അവളുടെ ജീവൻ എടുക്കും എന്ന ഘട്ടത്തിൽ ഇരയുടെ കുടുംബത്തിനോട് എല്ലാ മാനാഭിമാനങ്ങളും മാറ്റിവച്ച് ജാതി,മത,രാഷ്ട്രിയ ഭേദമന്യേ ഒരു സമൂഹം ഒന്നിച്ച് മാപ്പിരന്ന് അവളുടെ ജീവൻ തിരിച്ചുപിടിക്കാൻ പെടാപാട് പ്പെടുമ്പോൾ നിങ്ങൾ എന്തിനാണ് നിയമത്തിന്‍റെ നെല്ലും പതിരും വേർത്തിരിച്ച് അവളെ കൊലക്ക് കൊടുക്കുന്നത്…ഇത്രയും പക എന്തിനാണ് മനസ്സിൽ സൂക്ഷിക്കുന്നത്?..
നിമിഷപ്രിയയുടെ ജീവനായി ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് ശ്രിജിത്തിനോട് പറയുന്നു…ഇനി അവൾ കൊല്ലപ്പെടുകയാണെങ്കിൽ അവളുടെ ഒരു മാംസ കഷണം ഇരയുടെകുടുംബത്തിന്‍റെ സഹായത്തോടെ നിങ്ങൾ നേടിയെടുക്കണം…എന്നിട്ട് പുഴുങ്ങി തിന്നണം..”കൊന്നാൽ പാപം തിന്നാൽ തീരുമെന്ന്” നമുടെ പൂർവ്വികർ പറഞ്ഞിട്ടുണ്ട്






