Breaking NewsKeralaLead NewsNEWS

പ്രളയഫണ്ടില്‍ നിന്ന് മുക്കിയത് 76.83 ലക്ഷം; നഷ്ടം 7.72 കോടി, കളക്ടറേറ്റ് ക്ലാര്‍ക്കിനെ പിരിച്ചുവിട്ടു

എറണാകളം: കോളിളക്കം സൃഷ്ടിച്ച കളക്ടറേറ്റ് പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി, സെക്ഷന്‍ ക്ലാര്‍ക്കായിരുന്ന വിഷ്ണുപ്രസാദിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. സംഭവത്തില്‍ വീഴ്ച കണ്ടെത്തിയതിനു പിന്നാലെ സസ്പെന്‍ഷനിലായിരുന്ന ഇയാളെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ളയാണ് പുറപ്പെടുവിച്ചത്.

എറണാകുളം ജില്ലാ കളക്ടറോട് തുടര്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട്, അനുബന്ധ രേഖകള്‍, വിഷ്ണുപ്രസാദിന്റെ മൊഴി, കണ്ടെത്തലുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.

Signature-ad

ഇയാള്‍ക്കെതിരേ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്ന 15 ഗുരുതര കുറ്റങ്ങളില്‍ 12 എണ്ണവും ശരിവയ്ക്കുന്ന തരത്തിലായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. 2018 ഓഗസ്റ്റില്‍ നടന്ന പ്രളയത്തിനിരയായവര്‍ക്ക് അനുവദിക്കപ്പെട്ട നഷ്ടപരിഹാരം നല്‍കുന്നതില്‍ തിരിമറി കാണിച്ചുവെന്നതാണ് കേസ്. വിഷ്ണു പ്രസാദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച പണത്തില്‍നിന്ന് സ്വന്തം പോക്കറ്റിലേക്ക് ഒഴുക്കിയത് 76,83,000 രൂപയായിരുന്നു. ഇതിനു പുറമേ വിഷ്ണുവിന്റെ അശ്രദ്ധമൂലം സര്‍ക്കാരിന് നഷ്ടമായത് 7.72 കോടി രൂപയാണ്. അര്‍ഹതയില്ലാത്ത ദുരിതബാധിതര്‍ക്ക് കൂടുതല്‍ തുക അയച്ചതിലൂടെയാണ് സര്‍ക്കാരിന് ഇത്രയുമധികം നഷ്ടംവന്നത്.

വിഷ്ണുവിന്റെ സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കുമായിട്ടാണ് 76.83 ലക്ഷം രൂപ നിക്ഷേപിച്ചത്. പതിനായിരം രൂപയ്ക്ക് അര്‍ഹതയുള്ള ദുരിതബാധിതര്‍ക്ക് ഒരുലക്ഷവും മൂന്നുലക്ഷവുമൊക്കെ അക്കൗണ്ടില്‍ നിക്ഷേപിച്ചാണ് എട്ടുകോടിയോളം നഷ്ടമുണ്ടാക്കിയത്. സംഭവത്തില്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റിലെ ജോയിന്റ് കമ്മിഷണര്‍ എ. കൗശികന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് കളക്ടറേറ്റിലെത്തിയത്. 2018-ലെയും 2019-ലെയും ദുരിതാശ്വാസ ഫണ്ട് വിതരണം സംബന്ധിച്ച കളക്ടറേറ്റിലെ മുഴുവന്‍ ഫയലുകളും പരിശോധനയ്ക്ക് വിധേയമാക്കി. രണ്ടാഴ്ചത്തെ പരിശോധനയ്ക്കൊടുവിലാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. അന്വേഷണസംഘത്തിന് പ്രവര്‍ത്തിക്കാന്‍ കളക്ടറേറ്റില്‍ പ്രത്യേക വിഭാഗംതന്നെ തുറന്നിരുന്നു.

2019 ജനുവരിയിലാണ് സംഭവം പുറംലോകമറിഞ്ഞത്. തൊട്ടുപിന്നാലെ വിഷ്ണുപ്രസാദിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടി എടുക്കാത്തതിനെതിരേ പല കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

 

Back to top button
error: