KeralaNEWS

മാസം തികയാതെയുള്ള പ്രസവങ്ങളുടെ എണ്ണത്തില്‍ ഏഴ് വര്‍ഷത്തില്‍ 300 ശതമാനം വര്‍ധന! കേരളത്തിന്റെ ആരോഗ്യരംഗത്ത് ആശങ്ക

ക്തമായ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്, പ്രത്യേകിച്ച് മാതൃ-ശിശു ആരോഗ്യത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന കേരളം ഇപ്പോള്‍ അസ്വസ്ഥത ഉളവാക്കുന്ന ഒരു പ്രവണതയെ നേരിടുകയാണ്: മാസം തികയാതെയുള്ള ജനനങ്ങളില്‍ കുത്തനെയുള്ള വര്‍ദ്ധനവ്. ഹെല്‍ത്ത് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ (HMIS) ഡാറ്റ വെളിപ്പെടുത്തുന്നത്, സംസ്ഥാനത്ത് മാസം തികയാതെയുള്ള നവജാതശിശുക്കളുടെ എണ്ണം 2017-18 ല്‍ 6,916 ല്‍ നിന്ന് 2023-24 ല്‍ 26,968 ആയി ഉയര്‍ന്നു എന്നാണ് – ഏഴ് വര്‍ഷത്തിനിടെ 289% വര്‍ദ്ധനവ്. സംസ്ഥാനത്തെ ജനനനിരക്കില്‍ കുറവുണ്ടായ കാലമണിത്.2017-18 ല്‍ 4.93 ലക്ഷം കുഞ്ഞുങ്ങളാണ് ജനിച്ചതെങ്കില്‍ 2023-24 ല്‍ 3.74 ലക്ഷമായി ജനനനിരക്ക് കുറഞ്ഞു.

അതേസമയം, മാസംതികയാതെ ജനിക്കുന്ന കുട്ടികളുടെ വര്‍ധനവ് തുടരുന്നു. 2018-19ല്‍, മാസം തികയാതെയുള്ള ജനനങ്ങള്‍ 13,077 ആയി ഉയര്‍ന്നു, ഒരു വര്‍ഷത്തിനുള്ളില്‍ 89% വര്‍ദ്ധനവ്. അതിനുശേഷം, ഈ വര്‍ധനവിലെ പ്രവണതയില്‍ മാറ്റം വന്നിട്ടില്ല.

Signature-ad

ജീവിതശൈലിയിലെ വ്യത്യാസം മൂലമാണ് ഈ ആശങ്കാജനകമായ വര്‍ദ്ധനവ് ഉണ്ടാകുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ജീവിത ശൈലിയില്‍ വന്ന മാറ്റം സ്ത്രീകളില്‍ രക്താതിമര്‍ദ്ദം, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ അവസ്ഥകളുടെ വര്‍ദ്ധനവിന് കാരണമായതായും അവര്‍ പറയുന്നു.

നവജാതശിശു പരിചരണ സാങ്കേതികവിദ്യയിലെ പുരോഗതി മാസം തികയാതെയുള്ള ജനനങ്ങളില്‍ ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും സഹായകരമായി മാറിയിട്ടുണ്ട്. എന്നാല്‍, അത്തരം മെഡിക്കല്‍ ഇടപെടലുകള്‍ ജീവന്‍ രക്ഷിച്ചേക്കാമെങ്കിലും അവ പൂര്‍ണ്ണമായും അപകടസാധ്യതകളില്ലാത്തവയല്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

‘ മാസം തികയുന്നതിന് മുമ്പുള്ള ജനനങ്ങള്‍ – പ്രത്യേകിച്ച് അമ്മയുടെയോ കുഞ്ഞിന്റെ രക്ഷയ്ക്കായി മരുന്നോ മറ്റ് ചികിത്സാ രീതികളോ ഉപയോഗിച്ച് പ്രസവം വേഗത്തിലാക്കുന്ന രീതി അഥവാ പ്രേരിത പ്രസവങ്ങള്‍- വളരെ സാധാരണമായിത്തീര്‍ന്നിരിക്കുന്നു,’ എന്ന് ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റും മുന്‍ വകുപ്പ് മേധാവിയുമായ ഡോ. ലളിത അംബിക പറഞ്ഞു. ‘ ജീവിതശൈലി രോഗങ്ങള്‍ ഉള്ളത് ഗര്‍ഭകാലത്ത് സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ആശങ്കാജനകമായ ഒരു പ്രവണതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.’

30-40 വയസ്സ് പ്രായമുള്ള സ്ത്രീകളില്‍ പ്രേരിതമായിട്ടുള്ള മാസംതികയാത്ത പ്രസവം വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന് ഡോ. അംബിക ചൂണ്ടിക്കാട്ടി, തൊഴില്‍പരമായ കാരണങ്ങളാലോ വ്യക്തിപരമായ തീരുമാനങ്ങളാലോ ഗര്‍ഭധാരണം വൈകിപ്പിക്കാന്‍ പലപ്പോഴും സാധ്യതയുണ്ട്. ‘ഈ സ്ത്രീകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, ഇത് കാരണം അവര്‍ക്ക് പ്രസവം നേരത്തെയാക്കേണ്ടത് ആവശ്യമായി വന്നേക്കാം,’ ഡോക്ടര്‍ വിശദീകരിച്ചു. ‘മറുവശത്ത്, സ്വാഭാവികമായ മാസംതികയാതെയുള്ള ജനനങ്ങള്‍ സാധാരണയായി അടിസ്ഥാന രോഗങ്ങളില്ലാതെയാണ് സംഭവിക്കുന്നത് – പലപ്പോഴും ഗര്‍ഭാശയ പ്രശ്‌നങ്ങള്‍ മൂലമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍, സി-സെക്ഷന്‍ ആണ് അഭികാമ്യമായ വഴി.’

നവീനമായ നവജാത ശിശു പരിചരണത്തെ അമിതമായി ആശ്രയിക്കുന്നത് തെറ്റായ സുരക്ഷിതത്വബോധത്തിലേക്ക് നയിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ’22 ആഴ്ചയ്ക്കുള്ളില്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയുമെന്ന് പല സ്വകാര്യ ആശുപത്രികളും അവകാശപ്പെടുന്നു. സാങ്കേതികവിദ്യ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, ദീര്‍ഘകാല അപകടസാധ്യതകള്‍ ഇത് ഇല്ലാതാക്കുന്നില്ല. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നാഡീ,കുടല്‍ എന്നിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍, കേള്‍വിക്കുറവ്, പഠന ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് കൂടുതല്‍ സാധ്യതയുണ്ട്.’ ഡോക്ടര്‍ വിശദീകരിച്ചു.

രോഗികളും ഡോക്ടര്‍മാരും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന അവിശ്വാസമാണ് പ്രശ്‌നത്തിന്റെ മറ്റൊരു ഭാഗം എന്ന് മുതിര്‍ന്ന ഗൈനക്കോളജിസ്റ്റായ ഡോ. പാണ്ഡു ആര്‍ പറഞ്ഞു. ”ഭയമോ തെറ്റായ വിവരങ്ങളോ കാരണം പല രോഗികളും നേരത്തെ പ്രസവം ആവശ്യപ്പെടുന്നു. നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക കാരണം ഡോക്ടര്‍മാര്‍ പലപ്പോഴും അത് അനുസരിക്കുന്നു. ഒരു ഡോക്ടര്‍ വിസമ്മതിച്ചാല്‍, രോഗികള്‍ മറ്റെവിടെയെങ്കിലും പോകും,” അദ്ദേഹം പറഞ്ഞു.

ബോധവല്‍ക്കരണത്തിന്റെ അടിയന്തര ആവശ്യകതയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ‘മാസം തികയാതെയുള്ള പ്രസവത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും ഗര്‍ഭാവസ്ഥയില്‍ ഉള്‍പ്പെടുന്ന സങ്കീര്‍ണതകളെക്കുറിച്ചും രോഗികളെയും കുടുംബങ്ങളെയും ബോധവല്‍ക്കരിക്കുന്നതിനുള്ള ഉത്തരവാദിത്തം ആരോഗ്യപ്രവര്‍ത്തകര്‍ ഏറ്റെടുക്കണം. ആരോഗ്യരംഗത്ത് സംഭവിച്ചിരിക്കുന്ന ഈ പ്രവണത മാറ്റുന്നതിന് രോഗികളും ആരോഗ്യ പ്രവര്‍ത്തകരും തമ്മിലുള്ള വിശ്വാസം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്,’ അദ്ദേഹം പറഞ്ഞു.

 

Back to top button
error: