മകളുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണം; ഷൈലജ ഷാര്‍ജയില്‍ വിമാനമിറങ്ങി; നിധീഷിനെതിരേ പരാതിനല്‍കും

കൊല്ലം/ഷാര്‍ജ: ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ(32) അമ്മ ഷൈലജ ഷാര്‍ജയിലെത്തി. മകളുടെയും കൊച്ചുമകള്‍ വൈഭവിയുടെയും (ഒന്നരവയസ്സ്) മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോകാനാണ് ഷൈലജ എത്തിയത്. ബന്ധുവിനൊപ്പം പുലര്‍ച്ചെയാണ് ഷാര്‍ജയില്‍ വിമാനമിറങ്ങിയത്. വിപഞ്ചികയുടെ സഹോദരന് വിനോദും കാനഡയില്‍നിന്ന് ഷാര്‍ജയില്‍ എത്തി.
വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെതിരെ ഷാര്‍ജ പൊലീസില്‍ പരാതി നല്കാന് കുടുംബം ആലോചിക്കുന്നുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി ഇക്കാര്യം സംസാരിക്കും. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്നാണു വിപഞ്ചിക ജീവനൊടുക്കിയതെന്നും കാട്ടി അമ്മ ഷൈലജ നല്കിയ പരാതിയില്‍ കുണ്ടറ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഭര്‍ത്താവ് കോട്ടയം പനച്ചിക്കാട് പൂവന്തുരുത്ത് വലിയവീട്ടില്‍ നിതീഷിനെ (34) ഒന്നാം പ്രതിയായും ഇയാളുടെ സഹോദരി നീതുവിനെ രണ്ടും പിതാവ് മോഹനനെ മൂന്നും പ്രതികളായും ചേര്‍ത്താണ് എഫ്ഐആര്‍ തയാറാക്കിയിരിക്കുന്നത്. 3 പേരും ഇപ്പോള്‍ ഷാര്‍ജയിലാണ്. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തുമെന്നു പൊലീസ് പറഞ്ഞു.
മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനും നാട്ടിലേക്കു കൊണ്ടുപോകുന്നതിനുമായി ഇന്ന് അപേക്ഷ നല്‍കും. 17 നു നാട്ടിലെത്തിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ 9നാണു വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിതീഷിന്റെ പീഡനത്തെ തുടര്‍ന്നാണു ജീവനൊടുക്കുന്നതെന്നു കാണിച്ചു വിപഞ്ചിക സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം ഇതു നീക്കം ചെയ്യപ്പെട്ടു.
അതേസമയം, കുണ്ടറ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ജില്ലാ പോലീസ് മേധാവിക്ക് കൈമാറും. സ്ത്രീധനപീഡനമുള്ളതിനാല്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണച്ചുമതല. കുറ്റകൃത്യം വിദേശത്ത് നടത്തിയതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണമോ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചുള്ള അന്വേഷണമോ നടത്തും.






