Social MediaTRENDING

ഹൈസ്‌കൂള്‍ ഗ്രൂപ്പ് ഫോട്ടോയില്‍ സീരിയല്‍ താരവും സീരിയല്‍ കില്ലറും! ലോകത്തെ ഞെട്ടിച്ച ചിത്രത്തിന്റെ കഥ

സാധാരണ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഗ്രൂപ്പ് ഫോട്ടോയായി മാറുമായിരുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ലോക ചരിത്രത്തിലെ അപൂര്‍വ ചിത്രമായി മാറിയത് രണ്ടുപേരുടെ സാന്നിധ്യം കൊണ്ടാണ്. ലോകമറിയുന്ന നടനും ഒരു സീരിയല്‍ കില്ലറുമാണ്
ആ ചിത്രത്തെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റിയത്. 1993 മുതല്‍ 2011 വരെ ഏഴ് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് കുപ്രസിദ്ധിയുള്ള റെക്‌സ് ഹ്യൂര്‍മാന്‍ ആണ് ഗ്രൂപ്പ് ഫോട്ടോയിലെ പരമ്പര കൊലയാളി.

വെള്ളിത്തിരയില്‍ ഒട്ടേറെ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട ബില്ലി ബാള്‍ഡ്വിനാണ് ചിത്രത്തില്‍ ഇടംപിടിച്ച നടന്‍. ലോങ് ഐലന്‍ഡിലെ മസാപെക്വയിലെ ആല്‍ഫ്രഡ് എ. ബെര്‍ണര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്ന ഇരുവരും ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡിന്റെ സൗത്ത് ഷോര്‍ കമ്മ്യൂണിറ്റികളിലെ മസാപെക്വയിലും മസാപെക്വ പാര്‍ക്കിലുമായിരുന്നു താമസിച്ചിരുന്നത്.

ബില്ലി ബാള്‍ഡ്വിന്‍, റെക്‌സ് ഹ്യൂര്‍മാന്‍
Signature-ad

ന്യൂയോര്‍ക്ക് സിറ്റിയില്‍ ആര്‍ക്കിടെക്റ്റായിരുന്ന റെക്‌സ് ഹ്യൂര്‍മാന്‍(61) ലൈംഗിക തൊഴിലാളികളായിരുന്ന നാല് യുവതികളെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായത് രണ്ടു വര്‍ഷം മുമ്പാണ്. ലോങ് ഐലന്‍ഡിലെ സഫോക്ക് കൗണ്ടിയില്‍ സ്ഥിതി ചെയ്യുന്ന ഗില്‍ഗോ ബീച്ചിലെ ഓഷ്യന്‍ പാര്‍ക്ക് വേയില്‍ ഡക്റ്റ് ടേപ്പില്‍ ബന്ധിച്ച് ചാക്കില്‍ പൊതിഞ്ഞ നിലയിലാണ് ഈ യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

2011 ഡിസംബറില്‍ കാണാതായ 24 വയസ്സുകാരിയായ ലൈംഗിക തൊഴിലാളി ഷന്നാന്‍ ഗില്‍ബര്‍ട്ടിനായി പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് മറ്റു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പിന്നീട് ഗില്‍ബര്‍ട്ടിന്റെ മൃതദേഹം ഗില്‍ഗോ ബീച്ചിലെ ചതുപ്പില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ ഗില്‍ബര്‍ട്ടിന്റെ മരണവുമായി റെക്‌സ് ഹ്യൂര്‍മാന് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അഞ്ച് കൊലപാതകങ്ങള്‍ കൂടി ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

1989ല്‍ ‘ദി പ്രിപ്പി മര്‍ഡര്‍’ എന്ന സിനിമയില്‍ റോബര്‍ട്ട് ചേംബേഴ്‌സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമാപ്രേമികളുടെ മനസ്സില്‍ ഇടംനേടിയ താരമാണ് ബില്ലി ബാള്‍ഡ്വിന്‍. എഴുത്തുകാരനും നിര്‍മാതാവുമായ താരം ‘ഫ്‌ലാറ്റ്‌ലൈനേഴ്‌സ്’, ‘ഫോര്‍ഗെറ്റിങ് സാറാ മാര്‍ഷല്‍’, ‘ദി സ്‌ക്വിഡ് ആന്‍ഡ് ദി വെയ്ല്‍’ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ക്രെയ്ഗ്സ്ലിസ്റ്റ് കില്ലര്‍’, നെറ്റ്ഫ്‌ലിക്‌സ് ഷോ ‘നോര്‍ത്തേണ്‍ റെസ്‌ക്യൂ’ എന്നിവയിലെ ബില്ലിയുടെ പ്രകടനവും ജനപ്രീതി നേടിയിട്ടുണ്ട്. 2005 ന് ശേഷം ടെലിവിഷന്‍ പരമ്പരകളിലും സജീവമാണ്.

 

Back to top button
error: