സമരക്കാരെ പുച്ഛിച്ച ധനേഷിന് ജോലി കിട്ടിയത് എങ്ങനെയെന്ന് അറിയാമോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്; ‘കസേരയില്‍ കയറിയിരുന്നാല്‍ വഴിമറക്കരുത്, സമര വിരോധികള്‍ ഓടി രക്ഷപ്പെടും’

കോഴിക്കോട്: ബുധനാഴ്ച നടന്ന അഖിലേന്ത്യ പണിമുടക്കില്‍ മുക്കത്ത് എഇഒ ഓഫീസിലെത്തിയ സമരക്കാരെ നേരിട്ട ജീവനക്കാരന് ധനേഷ് ശ്രീധറിന്റെ പ്രതികരണം സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. ഓഫീസിലെത്തിയ സമരാനുകൂലികള്‍ ജോലി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും കേട്ട ഭാവം നടിക്കാതെ ഫോണും നോക്കി ഇരുന്ന ധനേഷിനായിരുന്നു കഴിഞ്ഞ ദിവസം മുതല്‍ കയ്യടി. സമരത്തെ പുച്ഛിച്ചുള്ള ഈ ഉദ്യോഗസ്ഥന്റെ പ്രതികരണത്തെ വിമര്‍ശിക്കുന്ന കുറിപ്പുകളും സോഷ്യല്‍ മീഡിയയിലുണ്ട്.
ഒരു വലിയ സമരത്തിന്റെ ബാക്കിപത്രമാണ് ഇദ്ദേഹത്തിന്റെ ജോലി എന്നാണ് അനൂപ് എന്‍.എ എന്ന അക്കൗണ്ടിലെ കുറിപ്പിലുള്ളത്. ഇന്നലെ മാധ്യമങ്ങളുടെ ഹീറോയും, അരാഷ്ട്രീയ പേജുകളുടെ സിംബലുമായി മാറിയ ഇദ്ദേഹത്തിന് ജോലി കിട്ടിയത് എങ്ങനെയാണെന്ന് അറിഞ്ഞാല്‍ സമരവിരോധികള്‍ ഓടി രക്ഷപ്പെടുമെന്നും കുറിപ്പില്‍ പറയുന്നു.
സ്പോര്‍ട്സ് ക്വാട്ടയിലാണ് ധനേഷിന് ജോലി ലഭിക്കുന്നതെന്നും അതിന് അര്‍ഹതയുള്ളയാളാണ് അദ്ദേഹമെന്നും കുറിപ്പിലുണ്ട്. ‘സ്പോര്‍ട്സ് ക്വാട്ടയിലെ നിയമനങ്ങള്‍ നടപ്പാക്കാതിരിക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് 2011- 16 ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്തു രൂക്ഷമായ സമരങ്ങള്‍ കേരളം കണ്ടിട്ടുണ്ട്. അതിന്റെ ഭാഗമായി 2016 ല്‍ പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം 249 സ്പോര്‍ട്സ് ക്വാട്ട നിയമനങ്ങള്‍ നടന്നു. അതിലൊരാളാണ് ഇദ്ദേഹം. അതായത് ഒരു സമരത്തിന്റെ റിസള്‍ട്ട് ആണ് ഇദ്ദേഹത്തിന്റെ ജോലി. കസേരയില്‍ കയറി ഇരുന്നു കഴിഞ്ഞാല്‍ വന്ന വഴി മറക്കുന്നവര്‍ ആണല്ലോ ബഹുഭൂരിപക്ഷവും’ എന്നും അനൂപ് ഫെയ്സ്ബുക്കില്‍ എഴുതി.
കുറിപ്പിന്റെ പൂര്‍ണ രൂപം
ഇന്നലെ മാധ്യമങ്ങളുടെ ഹീറോയും, അരാഷ്ട്രീയ പേജുകളുടെ സിംബലുമായി മാറിയ ഇദ്ദേഹത്തിന് ജോലി കിട്ടിയത് എങ്ങനെയാണെന്ന് അറിഞ്ഞാല്‍ സമരവിരോധികള്‍ ഓടി രക്ഷപ്പെടും. ഒരു വലിയ സമരത്തിന്റെ ബാക്കിപത്രമാണ് ഇദ്ദേഹത്തിന്റെ ജോലി. സ്പോര്‍ട്സ് ക്വാട്ടയില്‍ ജോലി ലഭിച്ച ആളാണ് ഇദ്ദേഹം . ഇദ്ദേഹത്തിന് അര്‍ഹതയുണ്ട് താനും.
സ്പോര്‍ട്സ് ക്വാട്ടയിലെ നിയമനങ്ങള്‍ നടപ്പാക്കാതിരിക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് 2011- 16 കാലത്ത് രൂക്ഷമായ സമരങ്ങള്‍ കേരളം കണ്ടിട്ടുണ്ട്. അതിന്റെ ഭാഗമായി 2016 ല്‍ പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം 249 സ്പോര്‍ട്സ് ക്വാട്ട നിയമനങ്ങള്‍ നടന്നു. അതിലൊരാളാണ് ഇദ്ദേഹം. അതായത് ഒരു സമരത്തിന്റെ റിസള്‍ട്ട് ആണ് ഇദ്ദേഹത്തിന്റെ ജോലി. കസേരയില്‍ കയറി ഇരുന്നു കഴിഞ്ഞാല്‍ വന്ന വഴി മറക്കുന്നവര്‍ ആണല്ലോ ബഹുഭൂരിപക്ഷവും??






