CrimeNEWS

ഗുണ്ടാത്തലവന്റെ ഭാര്യയുമായി സംഘാംഗത്തിന് പ്രണയം; ബൈക്കില്‍ ചുറ്റുന്നതിനിടെ അപകടത്തില്‍ യുവതി മരിച്ചു; യുവാവിനെ തിരഞ്ഞ് ഗുണ്ടാപ്പടയുടെ പടയോട്ടം

മുംബൈ: ഗുണ്ടാത്തലവന്റെ ഭാര്യയുമായി പ്രണയ ബന്ധത്തിലായ ഗുണ്ടാ സംഘത്തിലെ അംഗം പ്രാണരക്ഷാര്‍ത്ഥം പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. ഗുണ്ടാത്തലവന്റെ ഭാര്യയും ഇയാളും ബൈക്കില്‍ പോകുമ്പോള്‍ അപകടത്തില്‍പ്പെടുകയും യുവതി മരിക്കുകയും ചെയ്തതോടെയാണ് രഹസ്യപ്രണയ ബന്ധം പുറത്തറിഞ്ഞത്. തുടര്‍ന്ന് 40 അംഗ ഗുണ്ടാസംഘം ഇയാളെ തേടി നഗരത്തില്‍ തിരച്ചില്‍ തുടങ്ങിയതോടെയാണ് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.

ഇപ്പ ഗ്രൂപ്പ് എന്ന ഗുണ്ടാസംഘത്തിലാണ് പ്രശ്നങ്ങളുടലെടുത്തത്. അര്‍ഷദ് ടോപ്പി എന്ന ഗുണ്ടയാണ് സംഘത്തലവന്റെ ഭാര്യയുമായി പ്രണയത്തിലായത്. അര്‍ഷദും യുവതിയും ബൈക്കില്‍ ചുറ്റിസഞ്ചരിക്കുന്നതിനിടെ ജെസിബിയുമായി കൂട്ടിയിടിച്ചു. നിസ്സാര പരിക്കുകളോടെ അര്‍ഷദ് രക്ഷപ്പെട്ടെങ്കിലും യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ചികിത്സിക്കാന്‍ വിസമ്മതിച്ചതോടെ ഇവരെ നാഗ്പൂരിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടെ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ യുവതി മരിച്ചു.

Signature-ad

ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ പരിക്കേറ്റ യുവതിയോടൊപ്പം അര്‍ഷദ് ടോപ്പിയെ കാണാമായിരുന്നു. സ്ത്രീയുടെ മരണവാര്‍ത്ത പരന്നതോടെ, ഇപ്പ സംഘം ടോപ്പിയെ സംഘത്തെ വഞ്ചകനായി പ്രഖ്യാപിക്കുകയും ഇല്ലാതാക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ജീവന് ഭീഷണിയുണ്ടെന്ന് മനസ്സിലാക്കിയ ടോപ്പി വെള്ളിയാഴ്ച സംരക്ഷണം തേടി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് എത്തി.

സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡിസിപി ടോപ്പിയെ കൊറാഡി പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. അവിടെ വെച്ച് മൊഴി രേഖപ്പെടുത്തി. ഇതുവരെയുള്ള അന്വേഷണത്തില്‍ സ്ത്രീ അപകടത്തില്‍ മരിച്ചതാണെന്നും കൊല്ലപ്പെട്ടതാണെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും പൊലീസ് പറയുന്നു.

 

 

Back to top button
error: