അടിതെറ്റിയ ഇടതുപാളയത്തില്‍ അടി തുടങ്ങി; വല്യേട്ടനെ വിമര്‍ശിച്ച് സിപിഐ; സിപിഎമ്മിന്റെ നയങ്ങളെ തിരുത്താന്‍ നിശ്ചയിച്ചുറപ്പിച്ച് സിപിഐ; മുഖ്യമന്ത്രി പല തീരുമാനങ്ങളും ഒറ്റക്കെടുക്കുന്നതായി രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ അടിത്തറപാളിയ ഇടതുമുന്നണിക്കുള്ളില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. ജനയുഗത്തിലെ വിമര്‍ശനാത്മക എഡിറ്റോറിയലിന് പിന്നാലെയാണ് ഇടിത്തീ പോലെ വിമര്‍ശനവുമായി സിപിഐ നേരിട്ട് രംഗത്തെത്തിയത്.
സിപിഐ യോഗത്തിലാണ് സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനമുയര്‍ന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സിപിഐ നേതൃയോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനമുണ്ടായത്. മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്ന പരസ്യവിമര്‍ശനംം യോഗത്തിലുണ്ടായി.
മുഖ്യമന്ത്രി പല തീരുമാനങ്ങളും ഒറ്റയ്ക്ക് എടുക്കുകയാണ്. പി എം ശ്രീ അതിന് ഉദാഹരണമാണ്. പി എം ശ്രീയും വെള്ളാപ്പള്ളി നടേശന്റെ സമുദായ വിരുദ്ധ നിലപാടും മുസ്ലിം ന്യൂനപക്ഷത്തെ എല്‍ഡിഎഫില്‍ നിന്നകറ്റിയെന്നും ,സിപിഐ വിലയിരുത്തി.
ശബരിമല സ്വര്‍ണ്ണക്കൊള്ള തോല്‍വിക്ക് പ്രധാന കാരണമായെന്ന അഭിപ്രായവും ഇടതുമുന്നണിക്കുള്ളിലെ പ്രധാന ഘടകകക്ഷിയില്‍ നിന്നുണ്ടായി. ഭരണവിരുദ്ധ വികാരം അടിത്തട്ടില്‍ ഉണ്ടായെന്നും യോഗം അഭിപ്രായപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ എല്‍ഡിഎഫ് സര്‍ക്കാരിനെ സിപിഐ മുഖപത്രമായ ജനയുഗം വിമര്‍ശിച്ചിരുന്നു. ആത്മപരിശോധനയും ഗതിമാറ്റവും അനിവാര്യമാക്കുന്ന തെരഞ്ഞെടുപ്പുഫലം എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലാണ് ജനയുഗം കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അടുത്തകാലത്തെ ചില നടപടികളെങ്കിലും ആ വിശ്വാസത്തിന് തെല്ലെങ്കിലും ഉലച്ചില്‍ സംഭവിക്കാന്‍ കാരണമായിട്ടുണ്ടോ എന്നുള്ള ആത്മപരിശോധനയ്ക്കു കൂടിയുള്ള അവസരമാണിതെന്നാണ് ജനയുഗം തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ ആഞ്ഞടിച്ചിരുന്നു.
സിപിഐ യോഗത്തിലുയര്‍ന്ന വിമര്‍ശനം സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. പിഎംശ്രീ വിഷയത്തിലുണ്ടായ പ്രത്യക്ഷ പോര് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിയ സിപിഐ ഇപ്പോള്‍ തോല്‍വിയേറ്റു വാങ്ങിയതോടെ വീണ്ടും തുടങ്ങിയിരിക്കുകയാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ അത്ര കാര്യമായ തോല്‍വിയൊന്നും ഉണ്ടായില്ലെന്ന വിലയിരുത്തലുമായി സിപിഎം മുന്നോട്ടുപോകുമ്പോഴാണ് സിപിഐ കടുത്ത വിമര്‍ശനമുന്നയിച്ച് കളത്തിലിറങ്ങിയിരിക്കുന്നത്.






