Breaking NewsCrimeKeralaLead NewsLIFEMovieNEWSNewsthen Special

ദിലീപിനെതിരേ കെട്ടിച്ചമച്ച സാക്ഷി? ബാലചന്ദ്ര കുമാറിന്റെ തെളിവുകളിലും വൈരുധ്യമെന്ന് കോടതി വിധിയില്‍; ‘അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വന്‍ വീഴ്ചകള്‍; മൊഴികളില്‍ പലതും ഒഴിവാക്കി; വിചാരണയിലും മറുപടിയില്ല; വോയ്‌സ് ക്ലിപ്പുകള്‍ റെക്കോഡ് ചെയ്ത ഉപകരണങ്ങളും അപ്രത്യക്ഷമായി’

കൊച്ചി: ദിലീപിനെതിരായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ തെളിയിക്കാന്‍ അന്വേഷണ സംഘം സാക്ഷികളെ കെട്ടിച്ചമച്ചുവെന്നും ഗൂഢമായ ഇടപെടല്‍ നടത്തിയെന്നും വിചാരണ കോടതി. ജയിലിലെ ദിലീപ്- ബാലചന്ദ്രകുമാര്‍ കൂടിക്കാഴ്ചയിലെ നിര്‍ണായക സാക്ഷിയാക്കി ഉള്‍പ്പെടുത്തിയ ആള്‍ ബധിരനും മൂകനുമാണെന്ന് കണ്ടെത്തിയതോടെ അന്വേഷണസംഘം തന്ത്രപരമായി ഒഴിവാക്കിയെന്നും കോടതി വിധിയില്‍. ദിലീപിനെതിരായ നിര്‍ണായക തെളിവുകളെന്ന് പ്രോസിക്യൂഷന്‍ അവതരിപ്പിച്ച ശബ്ദസാംപിളുകള്‍ക്കു വിശ്വാസ്യതയില്ലെന്ന് കാര്യകാരണങ്ങള്‍ സഹിതം വിധിയില്‍ വ്യക്തമാക്കുന്നു.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ സമാനതകളില്ലാത്ത കൃത്യവിലോപവും വീഴ്ചകളുമാണ് വിധിയില്‍ അക്കമിട്ട് നിരത്തുന്നത്. ഇതില്‍ ഏറ്റവും പ്രധാനമാണ് ബാലചന്ദ്രകുമാര്‍ എപ്പിസോഡിലെ സാക്ഷി ഫ്രാന്‍സിസ് സേവ്യര്‍. ബാലചന്ദ്രകുമാര്‍ ദിലീപിനെ ജയിലില്‍ പോയി കണ്ടതിന് സാക്ഷിയായിരുന്നു റിമാന്‍ഡ് തടവുകാരനായ ഫ്രാന്‍സിസ് സേവ്യര്‍. ദിലീപിനെ കാണാന്‍ ചെന്നപ്പോള്‍ ഫ്രാന്‍സിസ് സേവ്യറുമായി താന്‍ സംസാരിച്ചുവെന്ന് മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാര്‍ അയച്ച പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തന്റെ സിനിമയെ കുറിച്ചടക്കം ദിലീപ് സംസാരിച്ചിരുന്നതായി ഇയാള്‍ പറഞ്ഞതായും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്.

Signature-ad

കുറ്റപത്രത്തില്‍ ഈ ഭാഗം പൂര്‍ണമായും ഒഴിവാക്കി. ഇതിന്റെ കാരണം തേടിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. എന്നാല്‍ ഫ്രാന്‍സിസ് സേവ്യര്‍ ബധിരനും മൂകനുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസും ബാലചന്ദ്രകുമാറും ക്രോസ് വിസ്താരത്തില്‍ സമ്മതിച്ചു. ഫ്രാന്‍സിസ് സേവ്യര്‍ ആ ദിവസം ജയിലില്‍ ഉണ്ടായിരുന്നോ എന്ന് ഉറപ്പുവരുത്താന്‍ ജയില്‍ രേഖകള്‍ പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥന്‍ പരാജയപ്പെട്ടു. ഈ ഒഴിവാക്കല്‍ മനപൂര്‍വമെന്നും ഇത് കെട്ടിചമച്ച തെളിവെന്നും കോടതി വിലയിരുത്തി.

ദിലീപ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടതടക്കം സ്ഥാപിക്കാന്‍ ബാലചന്ദ്രകുമാര്‍ ടാബില്‍ റെക്കോര്‍ഡ് ചെയ്ത വോയ്‌സ് ക്ലിപ്പുകളാണ് പ്രോസിക്യൂഷന്‍ തെളിവായി സമര്‍പ്പിച്ചത്. വോയിസ് ക്ലിപ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പരിശോധനയില്‍ കാര്യമായ വൈരുദ്ധ്യങ്ങള്‍ കോടതി നിരീക്ഷിച്ചു. 2017 നവംബര്‍ 15-ന് റെക്കോര്‍ഡ് ചെയ്തു എന്ന് പറയുന്ന ശബ്ദരേഖകള്‍ പെന്‍ഡ്രൈവില്‍ പരിശോധിച്ചപ്പോള്‍ 2022 ജനുവരി2ന് നിര്‍മിച്ചതാണെന്ന് കണ്ടെത്തി. ദിലീപിന്റെ സുഹൃത്ത് ബൈജു സംസാരിക്കുന്നത് കേട്ടാണ് താന്‍ റെക്കോര്‍ഡിങ് ആരംഭിച്ചതെന്ന് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയെങ്കിലും ക്ലിപ്പില്‍ ബൈജുവിന്റെയോ ബാലചന്ദ്രകുമാറിന്റെയോ ശബ്ദമില്ല.

ദൃശ്യങ്ങള്‍ കണ്ട ടാബിലെ ശബ്ദവും പതിഞ്ഞില്ല. ഇതിന് കൂടാതെ പങ്കുവെച്ച ഓഡിയോ ക്ലിപ്പുകളുടെ എണ്ണത്തിലും അന്തരം കണ്ടെത്തി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ക്ലിപ്പുകള്‍ പതിനെട്ടെങ്കില്‍ മഹസറില്‍ 24 ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയത് 29 ക്ലിപ്പുകള്‍. ഇതെല്ലാം റെക്കോര്‍ഡ് ചെയ്ത ഉപകരണം കോടതിയില്‍ ഹാജരാക്കിയില്ല. മാത്രമല്ല ആറ് ഉപകരണങ്ങളിലൂടെ ശബ്ദക്ലിപ്പുകള്‍ കൈമാറിയെങ്കിലും ഇതും കോടതിയില്‍ എത്തിയില്ല.

ഓഡിയോ ക്ലിപ്പുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് 2021 നവംബറില്‍ തന്റെ കയ്യിലുണ്ടെന്ന് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയെങ്കിലും ഉപകരണം ഹാജരാക്കിയത് 2022 ജനുവരി മൂന്നിന് മാത്രം. ഇലക്ട്രോണിക് തെളിവുകള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റിലും കോടതി ഗുരുതരമായ പിഴവുകള്‍ കണ്ടെത്തി. ചുരുക്കത്തില്‍, വോയിസ് ക്ലിപ്പുകള്‍ കൈകാര്യം ചെയ്ത രീതി, ഉപയോഗിച്ച ഉപകരണങ്ങളുടെ അവ്യക്തത, സര്‍ട്ടിഫിക്കറ്റിലെ വൈരുദ്ധ്യങ്ങള്‍, ഒറിജിനല്‍ ഫയലുകള്‍ ഹാജരാക്കാത്തത് എന്നിവ പ്രോസിക്യൂഷന്‍ കേസിന് തിരിച്ചടിയാകുന്ന ഘടകങ്ങളായി കോടതി നിരീക്ഷിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: