
മംഗളൂരു: ദക്ഷിണ കന്നഡയിലെ ധര്‍മസ്ഥലയില്‍ ഒട്ടേറെ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും ആ മൃതശരീരങ്ങള്‍ പലതും താന്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി ഒരാള്‍ പോലീസ് സ്റ്റേഷനില്‍. ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണത്തൊഴിലാളിയാണ് വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന ആവശ്യവുമായി വക്കീല്‍ വഴി ധര്‍മസ്ഥല പോലീസ് സ്റ്റേഷനില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പേലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്‌കൂള്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ബലാത്സംഗം ചെയ്ത് കൊന്നിട്ടുണ്ട്. ഒട്ടേറെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം താന്‍ കത്തിച്ച് കുഴിച്ചുമൂടിയതായും ഇയാള്‍ വക്കീല്‍ വഴി നല്‍കിയ പരാതിയില്‍ പോലീസിനോട് വെളിപ്പെടുത്തി.
1998-2014 കാലയളവിലാണ് ഇതൊക്കെ നടന്നത്. കുടുംബത്തെ ഉള്‍പ്പെടെ കൊല്ലുമെന്ന ഭീഷണി വന്നതിനാല്‍ താന്‍ നാട് വിട്ടു. മറ്റു സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണം എന്ന് തോന്നിയതിനാലാണ് വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ താന്‍ ഇക്കാര്യം തുറന്നുപറയുന്നതെന്നും പരാതിയില്‍ പറയുന്നു. ഇയാള്‍ കുഴിച്ചിട്ട മൃതദേഹാവശിഷ്ടങ്ങളുടെ ഫോട്ടോയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. സ്ഥലങ്ങള്‍ കാണിച്ചുതരാമെന്നും അവിടെ ഒക്കെ കുഴിച്ചാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടുമെന്നും ഇയാള്‍ പരാതിയില്‍ പോലീസിനോട് വെളിപ്പെടുത്തി.
ഇയാളുടെ വെളിപ്പെടുത്തല്‍ പ്രകാരം ധര്‍മസ്ഥല പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ദക്ഷിണ കന്നഡ എസ്പി കെ. അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു.






