CrimeNEWS

നര്‍ക്കോട്ടിക്‌സ് ഇസ് എ ഡര്‍ട്ടി ബിസിനസ്!!! എഡിസന്‍ വാരിക്കൂട്ടിയത് കോടികള്‍, മൂവാറ്റുപുഴയില്‍ കെട്ടിപ്പൊക്കുന്നത് ബഹുനില ഷോപ്പിങ് കോംപ്ലക്‌സ്; റിസോര്‍ട്ട് ഉടമകളായ ദമ്പതികള്‍ക്കും പങ്ക്?

എറണാകുളം: മൂവാറ്റുപുഴ കേന്ദ്രീകരിച്ച് രാജ്യത്തെ മെട്രോ നഗരങ്ങളില്‍ വന്‍ ലഹരിമരുന്ന് ശൃംഖല നിര്‍മിച്ച എഡിസന്‍ ബാബുവും കൂട്ടരും സമ്പാദിച്ച പണത്തിന്റെ വഴികള്‍ തേടി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അടക്കമുള്ള ഏജന്‍സികള്‍. എഡിസനില്‍നിന്നു ലഹരിമരുന്ന് വാങ്ങിയ വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ സ്ഥലങ്ങളില്‍ എന്‍സിബി പരിശോധന നടത്തുന്നുണ്ട്. തിങ്കളാഴ്ച എഡിസനെയും കൂട്ടാളി അരുണ്‍ തോമസിനെയും കസ്റ്റഡിയില്‍ ലഭിക്കുമെന്നും ഇവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നുമാണ് എന്‍സിബി കരുതുന്നത്. ഇപ്പോള്‍ മൂവാറ്റുപുഴ സബ് ജയിലിലാണ് ഇരുവരും. ഇവര്‍ക്ക് പുറമെ കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന പാഞ്ചാലിമേട് റിസോര്‍ട്ട് ഉടമകളായ ഡിയോളിനെയും ഭാര്യയെയും കസ്റ്റഡിയില്‍ എടുക്കാനും എന്‍സിബി അപേക്ഷ നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ 10 വര്‍ഷത്തോളമായി എഡിസന്‍ ഡാര്‍ക്ക്‌നെറ്റില്‍ സജീവമാണെന്നാണ് എന്‍സിബി കണ്ടെത്തിയിരിക്കുന്നത്. കോവിഡ് കാലത്തിനു ശേഷമാണ് ഡാര്‍ക്ക്‌നെറ്റിലൂടെ ലഹരി മരുന്ന് വില്‍ക്കുന്നതിന്റെ സാധ്യതകള്‍ തിരിച്ചറിയുന്നതും ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ ലഹരി വില്‍പനക്കാരനായി മാറുന്നതും. ബഹുരാഷ്ട്ര വാഹന നിര്‍മാണ കമ്പനിയിലെ മെക്കാനിക്കല്‍ എന്‍ജിനീയര്‍ എന്ന നിലയില്‍ ബെംഗളൂരു, പുണെ തുടങ്ങിയ സ്ഥലങ്ങളിലും കുറച്ചു നാള്‍ യുഎസിലും എഡിസന്‍ ജോലി ചെയ്തിട്ടുണ്ട്. തിരികെ എത്തിയ ശേഷമാണ് ലഹരിയിലേക്കു കൂടുതല്‍ ആഴ്ന്നിറങ്ങിയത്. പെട്ടെന്ന് തന്നെ ‘കെറ്റാമെലോണ്‍’ എന്ന പേരില്‍ എഡിസന് വിശ്വാസ്യതയേറി. ഡാര്‍ക്ക്‌നെറ്റിലെ ലഹരി വില്‍പനക്കാര്‍ക്കിടയില്‍ ‘ലെവല്‍ 4’ലെത്തുന്ന അപൂര്‍വതയും എഡിസന്‍ സ്വന്തമാക്കി.

Signature-ad

രണ്ടു വര്‍ഷത്തിനിടയില്‍ ആറായിരത്തോളം ലഹരി ഇടപാടുകള്‍ എഡിസന്‍ നടത്തിയിട്ടുണ്ടെന്നാണ് എന്‍സിബി വെളിപ്പെടുത്തിയത്. തെളിവുകളൊന്നും അവശേഷിപ്പിക്കാത്ത മൊനേരൊ ക്രിപ്‌റ്റോ കറന്‍സി വഴിയായിരുന്നു എഡിസന്റെ ഇടപാടുകള്‍. യുകെയിലെ ലഹരി സിന്‍ഡിക്കറ്റില്‍നിന്ന് എത്തുന്ന എല്‍എസ്ഡിയും കെറ്റാമിനും പോസ്റ്റല്‍ വഴി സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് പോസ്റ്റല്‍ വഴി തന്നെ വിതരണം ചെയ്യുന്നതായിരുന്നു രീതി. ഇതില്‍ എഡിസനെ സഹായിച്ച സുഹൃത്താണ് അരുണ്‍ തോമസ് എന്നാണ് വിവരം.

എഡിസന്റെ പത്തോളം അക്കൗണ്ടുകളാണ് എന്‍സിബി പരിശോധിക്കുന്നത്. പത്തു കോടിയോളം രൂപ ഇക്കാലത്തിനിടയില്‍ ലഹരി വില്‍പനയിലൂടെ എഡിസന്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് വിവരം. വീട്ടില്‍ നടത്തിയ റെയ്ഡില്‍ 70 ലക്ഷം രൂപയുടെ ക്രിപ്‌റ്റോ കറന്‍സിയും 35 ലക്ഷം രൂപ വിലവരുന്ന 847 എല്‍എസ്ഡി സ്റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമിനും എന്‍സിബി പിടിച്ചെടുത്തിരുന്നു. അതിനു തലേന്ന് കൊച്ചി ഫോറിന്‍ പോസ്റ്റ് ഓഫിസില്‍ എഡിസന്റെ പേരിലെത്തിയ പാഴ്‌സലില്‍ നിന്ന് 280 എല്‍എസ്ഡി സ്റ്റാംപുകളും പിടികൂടിയിരുന്നു. ഇക്കാലത്തിനിടയില്‍ സമ്പാദിച്ച പണം എന്തു ചെയ്തു എന്നതും എന്‍സിബി അന്വേഷിക്കുന്നുണ്ട്. മൂവാറ്റുപുഴയില്‍ എഡിസന്റെ പേരിലുള്ള സ്ഥലത്ത് വലിയ ബഹുനില ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം നടക്കുന്നുണ്ട്. ലഹരി ഇടപാടിലൂടെ ലഭിച്ച പണം ഇതിനു മുടക്കിയിട്ടുണ്ടോ, മറ്റ് എവിടെയൊക്കെ നിക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തില വരും. എഡിസന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ പരിശോധന പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് എന്‍സിബി വൃത്തങ്ങള്‍ പറയുന്നത്.

എഡിസന്റെ കെറ്റാമെലോണ്‍ സിന്‍ഡിക്കറ്റുമായി ബന്ധമില്ലെങ്കിലും റിസോര്‍ട്ട് ഉടമകളായ ദമ്പതികളും ഇയാളും തമ്മിലുള്ള ബന്ധവും അന്വേഷണ പരിധിയിലുണ്ട്. ഡിയോളും എഡിസനുമായി അടുത്ത ബന്ധമാണുള്ളതെന്നാണ് വിവരം. വിദേശത്തുനിന്നു കൊറ്റാമിന്‍ എത്തിച്ച് ഓസ്‌ട്രേലിയയിലേക്ക് ആവശ്യക്കാര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു ഡിയോള്‍ ചെയ്തിരുന്നത്. 2023ല്‍ ഇത്തരത്തില്‍ വന്ന കെറ്റാമിന്‍ പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഡിയോളിലേക്ക് അന്വേഷകരെ ഇപ്പോള്‍ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: