Breaking NewsLead News

സഹികെട്ട് ചെയ്തതാ സാറെ! ജാസ്മിനെ പിതാവ് കഴുത്ത് ഞെരിച്ചുകൊന്നത് അമ്മയുടെ കണ്‍മുമ്പില്‍

ആലപ്പുഴ: ജോസ്മോന്‍ മകളെ കഴുത്തുഞെരിച്ചു കൊന്നെന്ന് അറിഞ്ഞപ്പോള്‍ ഓമനപ്പുഴ ഗ്രാമം ഞെട്ടി. ജോസ്മോനെക്കുറിച്ച് നാട്ടുകാര്‍ക്ക് നല്ല മതിപ്പായിരുന്നു. പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാക്കുന്ന ആളല്ല. അത്യാവശ്യം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എന്നിട്ടും, 28 വയസ്സുകാരിയായ മകളെ കഴുത്തുഞെരിച്ച് കൊന്നു. സഹികെട്ടാണ് അങ്ങനെ ചെയ്യേണ്ട വന്നതെന്നാണ് ജോസ്മോന്‍ പോലീസിനോടു പറഞ്ഞത്.’വീട്ടില്‍ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാല്‍ അനുസരണയില്ല. സഹികെട്ട് ചെയ്തുപോയതാ സാറെ.’- ഇതായിരുന്നു ജോസ്മോന്റെ കുറ്റസമ്മതം.

ജാസ്മിന്റെ കൊലപാതക വാര്‍ത്തയറിഞ്ഞപ്പോള്‍ ആരും ആദ്യം വിശ്വസിച്ചില്ല. കാരണം, ആ വീട്ടില്‍നിന്ന് അത്തരമൊരു സംഭവം പ്രതീക്ഷിച്ചിരുന്നില്ല. ജാസ്മിനും ചിരിച്ചുകൊണ്ട് ചുറുചുറുക്കോടെയാണ് നാട്ടുകാരോടും ഇടപഴകിയിരുന്നത്. പക്ഷേ, ഭര്‍ത്താവിന്റെ വീട്ടില്‍ വഴക്കിട്ട് സ്വന്തം വീട്ടിലെത്തിയ ജാസ്മിന്‍ അവരോടും എന്നും വഴക്കുകൂടി. വഴക്കിന്റെ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. ഇതേക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുകയാണ്.

Signature-ad

അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് 28 വയസ്സുകാരിയെ അച്ഛന്‍ തോര്‍ത്തുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ഓമനപ്പുഴ കുടിയാംശ്ശേരില്‍ എയ്ഞ്ചല്‍ ജാസ്മിന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ജോസ്മോനെ (ഫ്രാന്‍സിസ് -52) മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. അമ്മ ജെസിക്ക് കൃത്യത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കും.

ചൊവ്വാഴ്ച രാത്രി 11- ഓടെ വീട്ടില്‍വെച്ച് കൊലപാതകം നടത്തിയെന്നാണ് ജോസ്മോന്‍ പോലീസിനോടു പറഞ്ഞത്. കൊലപാതക സമയത്ത് താനും ഒപ്പമുണ്ടായിരുന്നതായി എയ്ഞ്ചലിന്റെ അമ്മ ജെസിയും ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. ഇവരെയും കേസില്‍ പ്രതി ചേര്‍ത്തേക്കും. കഴുത്തിലെ രണ്ടു രക്തക്കുഴലുകള്‍ പൊട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ബുധനാഴ്ച രാവിലെ മകള്‍ മരിച്ചു കിടക്കുന്നതായി ജോസ്മോനും ഭാര്യയും അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പഞ്ചായത്തംഗം പി.ജെ. ഇമ്മാനുവേല്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തിയാണ് മൃതദേഹം ചെട്ടികാട് ആശുപത്രിയിലേക്കു മാറ്റിയത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മൂന്നുവര്‍ഷം മുന്‍പ് വിവാഹിതയായ എയ്ഞ്ചല്‍ ജാസ്മിന്‍, ഭര്‍ത്താവുമായി വഴക്കിട്ട് അഞ്ചുമാസമായി സ്വന്തം വീട്ടിലായിരുന്നു. ഇവിടെ വന്നശേഷം അച്ഛനും അമ്മയും മറ്റു കുടുംബാംഗങ്ങളുമായി വഴിക്കിടുന്നതു പതിവായിരുന്നു. ജോസ്മോന്‍ തടഞ്ഞെങ്കിലും ചൊവ്വാഴ്ച രാത്രി സ്‌കൂട്ടറെടുത്ത് എയ്ഞ്ചല്‍ പുറത്തുപോയി. തിരികെയെത്തിയപ്പോള്‍ എയ്ഞ്ചലും ജോസ്മോനുമായി മല്‍പ്പിടിത്തമുണ്ടായി. ഇതിനിടെ തറയില്‍ വീണ തോര്‍ത്തുപയോഗിച്ച് ജോസ്മോന്‍, എയ്ഞ്ചലിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഈ സമയം ജെസിയും കൂടെയുണ്ടായിരുന്നു.

ചെട്ടികാട് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഇന്‍ക്വസ്റ്റ് നടപടി നടത്തിയപ്പോള്‍ എയ്ഞ്ചലിന്റെ കഴുത്തിലെ പാടുകണ്ട് അസ്വാഭാവികത തോന്നി. പോലീസ് ജോസ്മോനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. ഇന്‍സ്‌പെക്ടര്‍ ടോള്‍സന്‍ പി. ജോസഫിന്റെ ചോദ്യം ചെയ്യലിനിടയില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞദിവസം തന്റെ അച്ഛന്‍ സേവ്യറിനെ എയ്ഞ്ചല്‍ മര്‍ദിച്ചതായും ജോസ്മോന്‍ മൊഴില്‍ നല്‍കി. ബുധനാഴ്ച രാത്രി വീട്ടിലെത്തിയ പോലീസ് എല്ലാവരെയും ചോദ്യംചെയ്ത ശേഷം വീടുപൂട്ടി സീല്‍ ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: