
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു. റെയില്‍വണ്‍ (Rail One) എന്ന പുതിയ ആപ്പാണ് ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്നത്. റെയില്‍വേ സംബന്ധമായ എല്ലാ അന്വേഷണങ്ങള്‍ക്കും, യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന ഓള്‍ ഇന്‍ വണ്‍ പ്ലാറ്റ്‌ഫോമാണിത്. വിവിധ തരം സേവനങ്ങളെ ഒരു ഇന്റര്‍ഫേസിലേക്ക് സമന്വയിപ്പിച്ചു കൊണ്ടാണ് ഈ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഐ.ആര്‍.സി.ടി.സി റിസര്‍വ്ഡ്, അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് ബുക്കിങ്ങുകള്‍, പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍, പി.എന്‍.ആര്‍/ട്രെയിന്‍ സ്റ്റാറ്റസ് ട്രാക്കിങ്, കോച്ച് പൊസിഷന്‍, റെയില്‍ മദദ്, ട്രാവല്‍ ഫീഡ്ബാക്ക് അടക്കമുള്ള സേവനങ്ങള്‍ ഇതില്‍ ലഭ്യമാകും.
മികച്ച യൂസര്‍ എക്‌സ്പീരിയന്‍സ് പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. നേരിട്ട് ഉപയോഗപ്പെടുത്താവുന്ന, തടസ്സരഹിതമായ ഇന്റര്‍ഫേസാണ് ഏറ്റവും വലിയ പ്രത്യേകത. എല്ലാ റെയില്‍വേ സേവനങ്ങളെയും ഒറ്റ ഇടത്തിലേക്ക് കൊണ്ടു വരികയാണ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വെയുടെ സമഗ്രമായ സേവനങ്ങള്‍ ഈ ഒറ്റ സൂപ്പര്‍ ആപ്പിലൂടെ ലഭ്യമാക്കിയിരിക്കുന്നു. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോര്‍, ഐ.ഒ.എസ് ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഈ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. സിംഗിള്‍ സൈന്‍ ലോഗിന്‍ സൗകര്യം ലഭിക്കുന്നതിനാല്‍ പലതവണ പാസ് വേര്‍ഡ് നല്‍കേണ്ട ആവശ്യം വരുന്നില്ല

വിവിധ തരം റെയില്‍വേ സേവനങ്ങള്‍ക്കായി വെവ്വേറേ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കേണ്ട ആവശ്യവും ഇല്ല. ഇതിലൂടെ ഉപയോക്താവിന് ഡിവൈസ് സ്റ്റോറേജ് മെച്ചപ്പെടുത്താനും സാധിക്കും. നിലവില്‍ വ്യത്യസ്ത തരം റെയില്‍വേ സേവനങ്ങള്‍ക്കായി വിവിധ തരം ആപ്പുകളാണ് ഉപയോഗിക്കാറുള്ളത്. ഉദാഹരണത്തിന് ടിക്കറ്റ് ബുക്കിങ്ങുകള്‍ക്കായി ഐ.ആര്‍.സി.ടി.സി റെയില്‍ കണക്ട്, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും, ട്രാക്ക് ചെയ്യാനും ഐ.ആര്‍.സി.ടി.സി ഇ കാറ്ററിങ്, ഫീഡ്ബാക്ക് നല്‍കുന്നതിനായി റെയില്‍ മദദ്, അണ്‍ റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി യു.ടി.എസ്, ട്രെയിന്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനായി നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം തുടങ്ങി വിവിധ തരം ആപ്ലിക്കേഷനുകളാണ് നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.
പുതിയ ആപ്പില്‍ R-Wallet (Railway e-wallet) സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടിലേക്ക് ലളിതമായ ന്യൂമെറിക് എം പിന്‍/ബയോമെട്രിക് ലോഗിന്‍ ഓപ്ഷനുകളിലൂടെ ആക്‌സിസ് ലഭിക്കും. ടിക്കറ്റ് ബുക്കിങ്ങിനായി പ്രധാനമായും ഉപയോഗിക്കുന്ന ഐ.ആര്‍.സി.ടി.സി ആപ്ലിക്കേഷനില്‍ സമീപ കാലത്തായി പല പ്രശ്‌നങ്ങളും ഉടലെടുത്തിരുന്നു. തത്കാല്‍ ബുക്കിങ് ടിക്കറ്റ് വിന്‍ഡോ ഓപ്പണാകുന്ന സമയംത്ത് അടക്കം ടിക്കറ്റ് ബുക്കിങ്ങില്‍ തടസ്സം നേരിടുന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അടക്കം ആരോപണങ്ങള്‍ ശക്തമായിരുന്നു. ഇതിനിടെ, ഏജന്റ് മാഫിയ ഇടപെടല്‍ ഒഴിവാക്കാന്‍ റെയില്‍വെ 2025 ജൂലൈ 1 മുതല്‍ തത്ക്കാല്‍ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു.