‘പാസ്പോർട്ട് അടക്കമുള്ള ഔദ്യോഗിക രേഖകളിലുള്ള പോലെയാണ് സത്യപ്രതിജ്ഞയിൽ എന്റെ പേര് പറഞ്ഞത്; അതിലെന്താണ് തെറ്റ്? അമ്മയുടെ പേരും ഉൾപ്പെടുത്തണമെന്ന ആഗ്രഹമുണ്ടായിരുന്നു; കഴിയാത്തതിൽ സങ്കടം ‘- വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തന്റെ പേര് പൂർണരൂപത്തിൽ പറഞ്ഞതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സത്യപ്രതിജ്ഞയ്ക്കിടെ പിതാവിന്റെ പേര് ഉൾപ്പെടുത്തിയതിൽ ഉയർന്ന വിമർശനങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, അത് സ്വാഭാവികമായ നടപടിയാണെന്ന് വ്യക്തമാക്കി.
തന്റെ മുഴുവൻ പേര് ഔദ്യോഗിക രേഖകളിൽ ഉൾപ്പെടെ ഇത്തരത്തിലാണുള്ളതെന്നും പാസ്പോർട്ടിലും മറ്റ് രേഖകളിലും അതേ രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.എൽ.എ ആകുന്നതിന് മുമ്പേ തന്നെ മാതാപിതാക്കൾ മരണപ്പെട്ടിരുന്നുവെന്നും അവരുടെ സ്മരണ പുതുക്കാനാണ് അച്ഛന്റെ മുഴുവൻ പേര് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പിതാവിന്റെ പേര് പറഞ്ഞതുപോലെ അമ്മയുടെ പേരും ഉൾപ്പെടുത്തണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അതിന് അവസരം ലഭിക്കാത്തതിലാണ് തനിക്ക് സങ്കടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതാപിതാക്കളുടെ പേര് അഭിമാനത്തോടെയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിനിടെ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. രാജ്ഭവനിൽനിന്നുള്ള നിർദേശപ്രകാരമാണ് പൂർണരൂപത്തിൽ ആലപിച്ചതെന്നും വേദിയിൽ ഇരിക്കുമ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണയായി ചടങ്ങുകളിൽ ദേശീയഗാനം മാത്രമാണ് ആലപിക്കാറുള്ളതെന്നും പാട്ട് ആരംഭിച്ചശേഷം അത് തടയാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.






