സീതയുടെ മരണകാരണം? കാട്ടാന ആക്രമണം വിശ്വസിക്കാനാവില്ലെന്ന് വനംവകുപ്പ്, പൊലീസും വനം വകുപ്പും രണ്ടു തട്ടില്‍

ഇടുക്കി: പീരുമേട് തോട്ടാപ്പുര സ്വദേശി സീതയുടെ മരണത്തില്‍ പൊലീസും വനംവകുപ്പും രണ്ടു തട്ടില്‍. സീതയ്ക്കു പരുക്കേറ്റെന്നു പറയുന്ന സ്ഥലത്ത് ആന ഉണ്ടായിരുന്നു എന്ന നിലപാടിലാണു പൊലീസ്. എന്നാല്‍ കാട്ടാനയാക്രമണം വിശ്വസിക്കാനാവാത്തതാണ് എന്നാണു വനംവകുപ്പിന്റെ വാദം. ഇതിനിടെ സീതയുടെ ഭര്‍ത്താവ് ബിനുവിന്റെയും ഒപ്പം ഉണ്ടായിരുന്ന രണ്ടു മക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചു. ഇന്നലെ പൊലീസിന്റെ ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ മീന്‍മുട്ടിയിലെത്തി പരിശോധന നടത്തി. പൊലീസും വനപാലകരും സ്ഥലത്തു നിരീക്ഷണവും നടത്തി.
ബിനുവും മക്കളും മൊഴിയില്‍ പറഞ്ഞ സ്ഥലത്തു കാട്ടാന എത്തിയിരുന്നു എന്നാണു മീന്മുട്ടിയിലെ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നു പൊലീസ് പറയുന്നു. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണു സീതയുടെ മരണം സംഭവിച്ചതെന്നും ഞായറാഴ്ചയാണു സ്ഥലത്തു പരിശോധന നടന്നതെന്നും ഇതിനാല്‍ ഇവിടെ കാട്ടാനയുണ്ടെന്ന പേരില്‍ കാട്ടാനയാക്രമണം എന്നു പറയാന്‍ കഴിയില്ലെന്നു വനംവകുപ്പ് വിശദീകരിക്കുന്നു. മനുഷ്യര്‍ക്കു നേരെയുണ്ടാകുന്ന കാട്ടാനയാക്രമണങ്ങളില്‍ കണ്ടുവന്നിട്ടുള്ള പല സാഹചര്യങ്ങളും ഇവിടെയില്ലെന്നു വനംവകുപ്പ് ഇന്നലെയും ആവര്‍ത്തിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ വനംവകുപ്പ് ശ്രമിക്കുന്നു എന്നാണു സീതയുടെ ഭര്‍ത്താവ് ബിനുവിന്റെ ആരോപണം.
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോള്‍ കാട്ടാന തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞു പരുക്കേറ്റാണു സീത മരിച്ചതെന്നു ബിനു ആവര്‍ത്തിച്ചു. സീതയുടെ പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തിയ ഫൊറന്‍സിക് സര്ജന് ഡോ. ആദര്‍ശ് രാധാകൃഷ്ണന് ഇന്നു വിശദമായ റിപ്പോര്‍ട്ട് പൊലീസിനു കൈമാറും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിനു പിന്നാലെ കാട്ടാന ആക്രമിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ലെന്നു ഡോക്ടര്‍ പൊലീസിനോടു വിവരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം പരിശോധനയുടെ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്തായിരിക്കും പൊലീസിന്റെ തുടര്‍നടപടികള്‍. പൊലീസിന്റെ ഫൊറന്‍സിക് വിഭാഗം നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് ഇന്നു ജില്ലാ പൊലീസ് മേധാവിക്കു കൈമാറും.






