പാലക്കാട്ട് മണ്ഡലം പ്രസിഡന്റ് സിപിഎമ്മില്‍ ചേര്‍ന്നു; കോണ്‍ഗ്രസ് ഓഫീസിന് ചുവന്ന പെയിന്റടിക്കാന്‍ ശ്രമം; സംഘര്‍ഷം, മുദ്രവച്ച് പോലീസ്

പാലക്കാട്: കോട്ടായിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ചുവപ്പ് പെയിന്റ് അടിക്കാനുള്ള ശ്രമത്തിനിടെ സംഘര്‍ഷം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന കെ.മോഹന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സിപിഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി ഓഫീസ് ചുവന്ന പെയിന്റ് അടിക്കാനുള്ള നീക്കം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ഇത് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.
നൂറുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഓഫീസാണിതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ തന്റെ പേരിലാണ് ഓഫീസിന്റെ എഗ്രിമെന്റും മറ്റു കാര്യങ്ങളുമെന്നാണ് മോഹന്‍ കുമാര്‍ പറയുന്നത്. ഓഫീസിന്റെ വാടക കരാര്‍ പുതുക്കുമ്പോള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് മോഹന്‍ കുമാറിന് വാടകയ്ക്ക് നല്‍കുന്നുവെന്നാണ് പറയുന്നത്. ഏത് പാര്‍ട്ടിയാണെന്ന് കരാറിലില്ലെന്നും അതുകൊണ്ട് തന്നെ ഓഫീസ് തന്റെ ആവശ്യങ്ങള്‍ക്ക് വിട്ടു നല്‍കണമെന്നുമാണ് മോഹന്‍ കുമാറിന്റെ വാദം.

എന്നാല്‍ മണ്ഡലം പ്രസിഡന്റുമാരുടെ പേരില്‍ തന്നെയാണ് സാധാരണ എഗ്രിമെന്റ് എഴുതാറുള്ളതെന്നും പാര്‍ട്ടി വിടുമ്പോള്‍ ഓഫീസ് വിട്ടുതരാനാകില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വാദിക്കുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗം പ്രവര്‍ത്തകരെയും ഒഴിപ്പിച്ച് പോലീസ് ഓഫീസ് പൂട്ടി.