Breaking NewsKeralaLead NewsNEWS

”ഹിന്ദുമഹാസഭയുടെ പിന്തുണ സ്വരാജിനുള്ള ‘പണി’, പിന്നില്‍ ബിജെപിയെന്നു സംശയം”

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് അഖില ഭാരത ഹിന്ദുമഹാസഭയുടെ പിന്തുണയില്ലെന്ന് സ്വാമി ഹിമവല്‍ ഭദ്രാനന്ദ. അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. പിന്തുണ പ്രഖ്യാപിച്ചയാള്‍ വ്യാജനാണ്. സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് എന്നാണ് പിന്തുണ പ്രഖ്യാപിച്ചയാള്‍ പേരു പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇയാളുടെ പേര് ശ്രീജിത്ത് എന്നാണെന്ന് ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു.

അദ്ദേഹത്തെ പോലെ ഒരാള്‍ക്ക് ഹിന്ദുമഹാസഭയുടെ കാര്യത്തില്‍ ഔദ്യോഗികമായി ഇടപെടാന്‍ അര്‍ഹതയില്ല. അയാള്‍ വിമതനായി വര്‍ക്കു ചെയ്യുന്നളാണ്. ചക്രപാണി ഗ്രൂപ്പിന്റെ ആളാണ് അദ്ദേഹം. ഞങ്ങളെ നിയമിച്ചിരിക്കുന്നത് രാജശ്രീ ചൗധരിയുടെ ഗ്രൂപ്പാണ്. ഇത് രണ്ടുഘടകങ്ങളാണ്. ഇടതുപക്ഷത്തിന്റെ അറിവോടെയല്ല ഇദ്ദേഹം വന്നിട്ടുള്ളതെന്നാണ് അറിയാന്‍ കഴിയുന്നത്.

Signature-ad

എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു വന്നിട്ടുള്ളത് സ്വരാജിനിട്ടുള്ള ഒരു പണിയാണ്. സ്വരാജിന് പണി കൊടുക്കാന്‍ വേണ്ടിയാണ് ഇവര്‍ രംഗത്തു വന്നിട്ടുള്ളത്. നിലമ്പൂരില്‍ സ്വരാജിന് ലഭിക്കേണ്ട ചില മുസ്ലിം വോട്ടുകള്‍ വോട്ടുകള്‍, പിന്തുണയുമായി ഒരു തീവ്ര സംഘടന വന്നുവെന്നതിന്റെ പേരില്‍ മാനിപ്പുലേറ്റ് ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

ഇയാളെ ഇറക്കിവിട്ടത് ബിജെപിയാണോ മറ്റേതെങ്കിലും ഗ്രൂപ്പാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപി ഇപ്പോള്‍ ഏറ്റവും നെറികെട്ട കളികളാണ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തുന്നത്. ഇന്ത്യയ്ക്ക് തന്നെ അപമാനകരമായ രീതിയിലാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തിക്കുന്നത്. ഇതിനെ പൂര്‍ണമായി തുറന്നു കാണിക്കുക എന്നതാണ് പഴയ സ്വയംസേവകന്‍ എന്ന നിലയില്‍ തന്റെ ഉദ്ദേശമെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു.

മാളികപ്പുറത്തമ്മയുമായി ബന്ധപ്പെട്ട വിവാദം കോടാനുകോടി ഹിന്ദുഭക്തര്‍ക്ക് വേദനയുണ്ടാക്കിയതാണ്. ഇതില്‍ സ്വരാജ് ഒരു മാപ്പുപോലും പറഞ്ഞിട്ടില്ല. ആളുകള്‍ മനസാക്ഷി വോട്ടു ചെയ്യട്ടെയെന്ന് ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു. ഭാരതാംബയെ വിമര്‍ശിക്കാന്‍ ഗോവിന്ദന്‍ മാഷിന് ഒരു അധികാരവുമില്ല. അദ്ദേഹം ഇന്നും കറക്കുന്ന ഫോണ്‍ മാത്രമാണ്. കറക്കുന്ന ഫോണില്‍ നിന്നും കുത്തുന്ന ഫോണിലേക്കും ടച്ച് ഫോണിലേക്കും ഒരുപാട് അപ്ഡേഷന്‍ ഉണ്ടായി. അതുപോലെ ഗോവിന്ദന്റെ ചിന്തകള്‍ക്കും അപ്ഡേഷന്‍ ഉണ്ടാകണം. ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു.

ഗവര്‍ണറുടെ ഒപ്പം തന്നെയാണ് ഇവിടത്തെ ഭാരതീയര്‍ ഉണ്ടാകുക. ഭാരതംബ എന്നത് മാതൃദേവതയെക്കുറിച്ചുള്ള കോണ്‍സെപ്റ്റാണ്. അതെന്താണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയും വിവരവും ഇല്ലാത്ത തരത്തില്‍, ഈ തെരഞ്ഞെടുപ്പ് സമയത്ത് ചില പ്രീണനസ്വഭാവത്തിലാണ് അദ്ദേഹം മുന്നോട്ടു വന്നിട്ടുള്ളത്. അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത് എതിര്‍ക്കുന്നതിലൂടെ ആരുടെയൊക്കെയോ വോട്ട് ലഭിക്കുമെന്നാണ്. അങ്ങനെയുണ്ടാകില്ല. ഭാരതാംബയെ എതിര്‍ക്കുന്ന ഏതൊരു വ്യക്തിയേയും ഇവിടുത്തെ ജനം ഒറ്റക്കെട്ടായി എതിര്‍ക്കും.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ആര്യാടന്‍ തരംഗമുണ്ട്. പക്ഷെ സ്വരാജ് ചില പദപ്രയോഗങ്ങള്‍ ഉപയോഗിച്ചിരുന്നില്ലായിരുന്നെങ്കില്‍ അദ്ദേഹത്തെപ്പോലൊരു വ്യക്തിയെ നിലമ്പൂര്‍ സ്വീകരിച്ചിരുന്നേനെ. കാരണം ഹൈന്ദവ വികാരത്തെ സ്വരാജ് വേദനിപ്പിച്ച സാഹചര്യം ഉണ്ടായിരുന്നു. 5000 ലേറെ വോട്ട് ഹിന്ദുമഹാസഭയ്ക്ക് ഈ മണ്ഡലത്തില്‍ കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നതാണ്. അതും ഇദ്ദേഹത്തിലേക്ക് അടുക്കുമെന്ന് തോന്നുന്നില്ലെന്ന് ഹിമവല്‍ ഭദ്രാനന്ദ കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: