ലൈംഗികാതിക്രമങ്ങള്‍ കൊണ്ടു പൊറുതിമുട്ടി; 60 കാരനെ ഇരകള്‍ ഒത്തുചേര്‍ന്ന് കൊന്നുകത്തിച്ചു

ഭുവനേശ്വര്‍: ഗ്രാമത്തിലെ സ്ത്രീകളെ പീഡിപ്പിച്ച പ്രതിയെ കൊന്നുകത്തിച്ചു. അറുപതുകാരന്‍ കൊല്ലപ്പെട്ട കേസില്‍ എട്ട് സ്ത്രീകള്‍ അടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് സംഭവം. പഞ്ചായത്തംഗവും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. കഴിഞ്ഞ മൂന്നാം തീയതി പ്രതി 52 വയസുള്ള വിധവയെ പീഡിപ്പിച്ചതായി അറസ്റ്റിലായവര്‍ പറയുന്നു.
ഇയാള്‍ മുന്‍പ് പീഡിപ്പിച്ച സ്ത്രീകള്‍ വിധവയുടെ വീട്ടില്‍ ഒത്തുചേര്‍ന്നശേഷം മറ്റ് രണ്ട് പേരുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകം നടന്ന ദിവസം സ്ത്രീകള്‍ ഒന്നിച്ച് വയോധികന്റെ വീട്ടിലെത്തുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഇയാളെ 52 വയസുകാരി മറ്റുള്ള സ്ത്രീകളുടെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു.

ഇയാളില്‍നിന്ന് നിരന്തരം ലൈംഗികാതിക്രമങ്ങള്‍ നേരിട്ടിരുന്നെന്നാണ് പിടിയിലായവര്‍ പൊലീസിന് നല്‍കിയ മൊഴി. ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാണ് കൊലപാതകം നടത്തിയതെന്നും ഇവര്‍ വ്യക്തമാക്കി. ഇയാളെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായും മൃതദേഹം കത്തിച്ചതായും വിവരം ലഭിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.