Lead NewsNEWS

200 സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് യാഥാര്‍ത്ഥ്യമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാകുന്ന 200 മത്തെ ആശുപത്രിയായി നെടുമങ്ങാട് ജില്ലാ ആശുപത്രി മാറി. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പാലക്കാട് ഐ.ടി.ഐ. ലിമിറ്റഡിന്റെ സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത ഏറ്റവും കുറഞ്ഞ വൈദ്യുതി ഉപഭോഗമുള്ള മൈക്രോ കമ്പൂട്ടറും ഇന്‍ബില്‍റ്റ് ബാറ്ററി സംവിധാനമുള്ള യു.പി.എസും സോളര്‍ പാനലുമായി ബന്ധിപ്പിച്ചു പി.ഒ.സി. (Proof of Concept) പൈലറ്റ് അടിസ്ഥാനത്തില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനങ്ങളുടെ പിന്‍ബലത്തില്‍ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഹരിത ഊര്‍ജ്ജ ആശുപത്രിയായി വലിയതുറ തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. ഈ രണ്ട് പദ്ധതികളുടേയും ഔദ്യോഗിക പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.

സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ വിവര സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ കാര്യക്ഷമമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഓരോ പ്രദേശത്തെയും ജനസംഖ്യാപരമായ പശ്ചാത്തലത്തില്‍ വ്യക്തികളെ സംബന്ധിച്ച് കൃത്യവും സാര്‍വര്‍ത്തികവുമായ വിവരശേഖരണം നടത്തി കേന്ദ്രീകൃതമായി സൂക്ഷിച്ചു കൃത്യതയാര്‍ന്ന രോഗ നിര്‍ണയത്തിനുവേണ്ടി പുനരുപയോഗിക്കുകയാണ് ഇ ഹെല്‍ത്തിലൂടെ ചെയ്യുന്നത്. ഇതിലൂടെ കടലാസ് രഹിത ആശുപത്രി പ്രവര്‍ത്തനം സാധ്യമാക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Signature-ad

ഇ ഹെല്‍ത്ത് വഴി ഒപി ടിക്കറ്റ് എടുക്കുന്ന പ്രക്രിയ സുഗമവും എളുപ്പവുമായി തീരുന്നു. മുന്‍ കൂട്ടി ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയുന്നു. ഒപി ക്ലിനിക്കുകള്‍, ഫാര്‍മസി, ലബോറട്ടറി, എക്‌സറേ എന്നിങ്ങനെ എല്ലാ സേവനങ്ങള്‍ക്കും ടോക്കണ്‍ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ ക്യൂ മാനേജ്‌മെന്റ് സമ്പ്രദായം നിലവില്‍ വന്നു. ലാബ് പരിശോധനക്കുറിപ്പുകളും പരിശോധനാ ഫലവും ഓണ്‍ലൈന്‍ ആയി നേരിട്ട് ലാബുകളിലും തിരികെ ഡോകര്‍ക്കും ലഭ്യമാകുന്നു. വ്യക്തികളുടെ സമഗ്രമായ ആരോഗ്യ രേഖകള്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയ ഏതൊരു ആശുപത്രിയിലും ലഭ്യമാകുന്നതിനാല്‍ കേന്ദ്രീകൃത കമ്പ്യൂട്ടറില്‍ നിന്നും മുന്‍ ചികിസാ രേഖകള്‍ ലഭ്യമാക്കി കൃത്യമായ തുടര്‍ ചികില്‍സ നിര്‍ണയിക്കാന്‍ അനായാസം സാധിക്കുന്നു. രോഗികള്‍ക്ക് തങ്ങളുടെ ചികില്‍സാസംബന്ധിയായ രേഖകള്‍ കൊണ്ടുനടക്കേണ്ട ആവശ്യം ഇല്ലാതാകുന്നതായും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു പങ്കെടുത്തു. അതത് ആശുപത്രികളില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങുകളില്‍ എം.എല്‍.എ.മാര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ ആശുപത്രി ജീവനക്കാര്‍, പൊതുജങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

Back to top button
error: