Breaking NewsKeralaLead NewsNEWSpolitics

നിര്‍ണായക കൂടിക്കാഴ്ചകള്‍ക്ക് മുഖ്യമന്ത്രി ഡല്‍ഹിക്ക്; നിതിന്‍ ഗഡ്കരിയും റെയില്‍വേ മന്ത്രിയുമായും ചര്‍ച്ച; സില്‍വര്‍ ലൈന്‍ അനുമതിക്ക് നീക്കം; ഇ. ശ്രീധരന്‍ മുന്നോട്ടു വച്ച പദ്ധതി മുന്നോട്ടു വയ്ക്കും; ഭൂമി ഏറ്റെടുക്കലിന്റെ തോത് കുറയ്ക്കും

ഡല്‍ഹി: കേന്ദ്രമന്ത്രിമാരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചകള്‍ അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കും. സംസ്ഥാനത്തെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ചര്‍ച്ചകളാണ് നടക്കുക. നാളെ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി, മറ്റന്നാള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെയും കാണും. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഓഫീസില്‍ നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ആദ്യത്തെ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ സംബന്ധിച്ച അനുമതിക്കായാണ് മുഖ്യമന്ത്രിയുടെ ശ്രമം. അതിനായുള്ള ചര്‍ച്ചകളാണ് നാളെ റെയില്‍വെ മന്ത്രിയുമായി നടത്തുകയെന്ന് അറിയുന്നു. പദ്ധതിക്ക് കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ അനുമതി മുഖ്യമന്ത്രി വീണ്ടും തേടും. സില്‍വര്‍ ലൈനിന് ബദലായി ഇ ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതിക്കാണ് മുഖ്യമന്ത്രി അനുമതി തേടാന്‍ ശ്രമിക്കുന്നത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കെ റെയിലും റെയില്‍വെ മന്ത്രാലയവും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ നേരത്തെ ഉടക്കിപ്പിരിഞ്ഞ പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ പുതിയ നീക്കം.

Signature-ad

ഭൂമി ഏറ്റെടുക്കല്‍ കുറച്ച് ആകാശപാതക്കും ടണലിലൂടെയുള്ള ട്രാക്കിനും മുന്‍ഗണന നല്‍കിക്കൊണ്ടാണ് ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശം. അത് സംസ്ഥാനം ഔദ്യോഗിക നിര്‍ദ്ദേശമായി കേന്ദ്രത്തിനും റെയില്‍വെ ബോര്‍ഡിനും സമര്‍പ്പിച്ചിരുന്നു. കേന്ദ്രം അനുമതി നല്‍കിയാല്‍ ശ്രീധരനും ഡിഎംആര്‍സിയുമായി ചേര്‍ന്ന് ഡിപിആറില്‍ അടക്കം മാറ്റം വരുത്താനാണ് കേരളത്തിന്റെ നീക്കം. ഭൂമി ഏറ്റെടുക്കലിന്റെ തോത് കുറയുമ്പോള്‍ പദ്ധതിയോടുള്ള എതിര്‍പ്പും കുറയുമെന്നാണ് സംസ്ഥാനത്തിന്റെ കണക്ക് കൂട്ടല്‍.

 

Back to top button
error: