KeralaNEWS

പാട്ടിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു; വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി, പരാതിക്കാരി ബി.ജെ.പി കൗണ്‍സിലര്‍

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പര്‍ വേടന് എതിരെ എന്‍ഐഎയ്ക്ക് പരാതി. ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് പരാതി നല്‍കിയത്. വേടന്‍ പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍ മിനി കൃഷ്ണ കുമാറാണ് പരാതി നല്‍കിയിരിക്കുന്നത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കപട ദേശീയ വാദിയെന്ന് വേടന്‍ അവഹേളിച്ചുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. എന്‍ഐഎയ്ക്ക് പുറമെ ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് മിനി കൃഷ്ണ കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. പരാതിയുടെ പകര്‍പ്പ് ഉള്‍പ്പെടെ പങ്കുവച്ചാണ് മിനിയുടെ പ്രതികരണം.

Signature-ad

ഹിന്ദു ഐക്യ വേദി, ആര്‍എസ്എസ് നേതാക്കള്‍ വേടന് എതിരെ നിരന്തരം ആധിക്ഷേപങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗായകന് എതിരെ പരാതി സമര്‍പ്പിക്കപ്പെടുന്നത്. കഴിഞ്ഞ ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല, ആര്‍എസ്എസ് നേതാവ് എന്‍ ആര്‍ മധു എന്നിവരായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വേടനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് സംഘടിപ്പിച്ച സംഗീത പരിപാടിക്ക് പിന്നാലെ ആയിരുന്നു ആരോപണങ്ങളുടെ തുടക്കം. റാപ്പ് സംഗീതത്തിന് എസ്.സി-എസ്.ടി വിഭാഗവുമായി പുലബന്ധമില്ലെന്നും വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും കെ പി ശശികല ആരോപിച്ചിരുന്നു.

എന്നാല്‍, താന്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണ് തനിക്കെതിരായ അധിക്ഷേപങ്ങള്‍ക്ക് കാരണം എന്നായിരുന്നു ആരോപണങ്ങള്‍ക്ക് വേടന്‍ നല്‍കിയ മറുപടി. വേടന്‍ റാപ്പ് എന്തിനാണ് ചെയ്യുന്നതെന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യവും ത്രീവഹിന്ദുത്വരാഷ്ട്രീയവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: