അമ്മയിൽ അഭിപ്രായ ഭിന്നത മുളപൊട്ടിയത് ടി.ജി. നന്ദകുമാർ പ്രസിഡൻ്റായ ക്ഷേത്രംവക 75 ലക്ഷത്തിൻ്റെ സ്‌പോൺസർഷിപ്പിലൂടെ; വിവാദ കരാർ രേഖ പുറത്ത്

കൊച്ചി: താരസംഘടനയായ അമ്മയുടെ കുടുംബ സംഗമത്തിന്റെ വിവാദ കരാർ രേഖ പുറത്ത്. ദല്ലാൾ നന്ദകുമാറിന്റെ സഹായത്തോടെയാണ് അമ്മ സംഗമം സംഘടിപ്പിച്ചത്. കുടുംബസംഗമത്തിൻ്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപയ്ക്ക് നന്ദകുമാർ ചെയർമാനായ തൈക്കാട്ട് മഹാദേവ ക്ഷേത്രമാണ്ഏറ്റെടുത്തത്. നന്ദകുമാറും അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിലാണ് കരാറുണ്ടാക്കിയത്. ഈ കരാറിനെയാണ് മതേതരമൂല്യം ഉയർത്തിപ്പിടണമെന്നുകാട്ടി അൻസിബ ഹസൻ എതിർത്തത്.
ഒരു ക്ഷേത്രം താരസംഘടനയുടെ കുടുംബസംഗമത്തിന് സ്പോൺസറായിരുന്നതിനെ അൻസിബ എതിർത്തു.എന്നാൽ ഇക്കാര്യം പ്രസിഡൻ്റ് ശ്വേതാ മേനോൻ തള്ളിക്കളഞ്ഞിരുന്നു. ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയാണ് അമ്മ എന്നതിനാൽ ആരിൽനിന്നും സംഭാവന സ്വീകരിക്കുന്നതിന് തടസ്സമില്ലെന്ന് രണ്ട് ദിവസം മുമ്പ് ശ്വേതാ മേനോൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 14-നാണ് അമ്മയുടെ കുടുംബസംഗമം നടന്നത്. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ പരിപാടിയിലാണ് പരിപാടി നടന്നത്. വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രമായിരുന്നു ഇതിൻ്റെ ടൈറ്റിൽ സ്പോൺസർ. 75 ലക്ഷം രൂപ നൽകാമെന്നാണ് സ്പോൺസർഷിപ്പ് കരാറിലുള്ളത്. ഇതിൽ 30 ലക്ഷം ആദ്യഗഡുവായി നൽകുകയും ചെയ്തു. 45 ലക്ഷമാണ് കരാർ പ്രകാരം അമ്മയ്ക്ക് ലഭിക്കാനുള്ളത്. ഇതിനിടയിൽ പ്രസിഡൻ്റ് ടി.ജി. നന്ദകുമാർ അറിയിച്ചുള്ള ക്ഷേത്രം ഭാരവാഹികൾ ഒരു എതിർപ്പ് താരസംഘടനയെ അറിയിച്ചു. അവരുടെ പരസ്യം കുടുംബസംഗമ വേദിയിൽ വേണ്ട രീതിയിൽ പ്രദർശിപ്പിച്ചില്ല എന്നതാണ് ഇതിനു കാരണം. ഈ പരാതി ഇപ്പോഴും ഉണ്ട്.
നൽകാനുള്ള ബാക്കി തുക സംഘടനയ്ക്ക് നൽകുമെന്ന് ടി.ജി. നന്ദകുമാർ പറയുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട ചർച്ച നടക്കാനിരിക്കുകയാണ്. അതിനിടയിലാണ് സ്പോൺസർഷിപ്പ് കരാർ പുറത്തുവന്നത്.






