വീട്ടില്‍ കയറി പോലീസുകാരന്റെ ബൈക്ക് കത്തിച്ച സംഭവം; കേസില്‍ അടിമുടി ട്വിസ്റ്റ്; രണ്ടു യുവതികള്‍ അറസ്റ്റില്‍; ആത്മഹത്യക്കു ശ്രമിച്ച് യുവതികളില്‍ ഒരാള്‍

ആറന്മുളയിലെ സിവില്‍ പൊലീസ് ഓഫിസര്‍ വിവേകിന്‍റെ കൊല്ലം അഞ്ചലിലെ വീട്ടില്‍ക്കയറി അര്‍ധരാത്രി ബൈക്ക് കത്തിച്ച കേസില്‍ രണ്ട് യുവതികള്‍ പിടിയില്‍. ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരാണ് അറസ്റ്റിലായത്. വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് ബൈക്ക് കത്തിക്കാന്‍ കാരണം. പൊലീസ് കസ്റ്റഡിയിലെടുത്ത ആരതി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ് ആരതി.
പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനും അറസ്റ്റിലായ യുവതികളിൽ ഒരാളായ ആരതിയും തമ്മിൽ നേരത്തെ സ്നേഹബന്ധത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്ന ഘട്ടം വരെ കാര്യങ്ങൾ എത്തിയിരുന്നു. എന്നാൽ പിന്നീട് പൊലീസ് ഉദ്യോഗസ്ഥൻ ഈ ബന്ധത്തിൽനിന്ന് പിന്മാറുകയായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ബൈക്ക് കത്തിക്കുന്നതിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടുകൂടിയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ചത്. ബൈക്ക് കത്തുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികളെയും പൊലീസ് അറസ്റ്റ് ചെയ്തത്.






