Breaking NewsKeralaLead NewsNEWS

അട്ടപ്പാടി മധു കൊലക്കേസ് !! 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ, രണ്ടുലക്ഷം രൂപ പിഴ, വിചാരണക്കോടതി പ്രതികൾക്ക് വിധിച്ചിരുന്നത് 7 വർഷം തടവ്

കൊച്ചി: അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ട മർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി ഹൈക്കോടതി. കൂടാതെ രണ്ട് ലക്ഷം രൂപ വീതം പിഴയും ചുമത്തി. കുടുംബത്തിന്റെ അപ്പീൽ പരിഗണിച്ച് ഹൈക്കോടതിയുടെതാണ് നടപടി. പ്രതികൾക്കുമേൽ പട്ടികജാതി- വർഗ പീഡനനിരോധന നിയമത്തിലെ കുറ്റംകൂടി ചുമത്തിയാണ് ശിക്ഷ ഉയർത്തിയത്. കൂടാതെ 16-ാം പ്രതി മുനീറിന് ഒരു വർഷം തടവും നൽകി. ഏഴുവർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയുമാണ് നേരത്തെ വിചാരണ കോടതി പ്രതികൾക്ക് വിധിച്ചിരുന്നത്. 16-ാം പ്രതിക്ക് മൂന്ന് മാസം തടവ് മാത്രമേ വിധിച്ചിരുന്നുള്ളൂ.

അതേസമയം ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തു. കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹുസൈനെ വെറുതെവിട്ടത്. എന്നാൽ കാട്ടിൽ നിന്ന് പിടിച്ചുകൊണ്ട് വന്ന് മധുവിനെ മുക്കാലി ടൗണിൽ നിർത്തിയ സമയത്ത് അവസാന സമയത്ത് ചവിട്ടിയത് ഹുസൈനാണെന്നും ആ ചവിട്ടിൽ തെറിച്ചുവീണാണ് മധു മരിച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ താൻ അങ്ങനെ ചെയ്തിട്ടില്ലെന്നും ആൾക്കൂട്ടത്തിനിടയിലാണ് താൻ ഉണ്ടായതെന്നും ഹുസൈൻ വാദിക്കുകയായിരുന്നു. ഹുസൈൻ ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു

Signature-ad

മരക്കാർ (രണ്ടാം പ്രതി), ഷംസുദ്ദീൻ (മൂന്നാം പ്രതി), രാധാകൃഷ്ണൻ (അഞ്ചാം പ്രതി), അബൂബക്കർ (ആറാം പ്രതി), സിദ്ധിഖ് (ഏഴാം പ്രതി), ഉബൈദ് (എട്ടാം പ്രതി), നജീബ് (9-ാം പ്രതി), ജൈജുമോൻ (10-ാം പ്രതി), സജീവ് (12-ാം പ്രതി), സതീഷ് (13-ാം പ്രതി), ഹരീഷ് (14-ാം പ്രതി), ബിജു (15-ാം പ്രതി) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.

നാലാം പ്രതിയേയും 11-ാം പ്രതിയേയും വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മധുവിന്റെ കുടുംബവും പ്രതികളും നൽകിയ അപ്പീൽ കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു.

2018 ഫെബ്രുവരി 22-നാണ് മുക്കാലിയിൽ മധുവിനെ ഒരുസംഘം മോഷണക്കുറ്റമാരോപിച്ച് കൈകൾ ബന്ധിച്ച് മർദിച്ച് അവശനാക്കിയത്. പിന്നീട് അഗളി പോലീസിന് മധുവിനെ കൈമാറി. പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയിൽ മധു മരിച്ചു. മധു വധക്കേസിലെ 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് വിചാരണ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വിചാരണയ്ക്കുശേഷം 2023 ഏപ്രിൽ അഞ്ചിനാണ് ശിക്ഷ വിധിച്ചത്.

Back to top button
error: