Breaking NewsLead NewsNEWSpoliticsWorld

വെടിനിർത്തലിനിടെ ഇറാനിൽ യുഎസ് ആക്രമണം; ഹോർമുസ് കടലിടുക്കിലുണ്ടായിരുന്ന ഐആർജിസി ബോട്ടുകളും തകർത്തു; ആക്രമണം സൈനീകർക്ക് നേരെയുയർന്ന ഭീഷണി ഒഴിവാക്കാനെന്ന് അമേരിക്ക

വാഷിംഗ്ടൺ/ടെഹ്റാൻ: വെടിനിർത്തൽ തുടരുന്നതിനിടെ ദക്ഷിണ ഇറാനിൽ യുഎസ് സൈന്യം  ആക്രമണം നടത്തി. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്പ്സിന്റെ (IRGC) രണ്ട് ബോട്ടുകളും ബന്ദർ അബ്ബാസിലെ ഒരു മിസൈൽ വിക്ഷേപണ കേന്ദ്രവുമാണ് അമേരിക്ക ലക്ഷ്യമിട്ടത്. അമേരിക്കൻ സൈനികർക്കുള്ള ഭീഷണി ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.

ആക്രമണത്തിൽ ഹോർമുസ് കടലിടുക്കിൽ മൈനുകൾ വിന്യസിക്കാൻ ശ്രമിച്ച രണ്ട് ഐആർജിസി ബോട്ടുകളും അമേരിക്കൻ യുദ്ധവിമാനങ്ങളെ ലക്ഷ്യമിട്ടിരുന്ന മിസൈൽ കേന്ദ്രവും നശിപ്പിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ബന്ദർ അബ്ബാസ്, സിറിക്, ജാസ്‌ക് മേഖലകളിൽ ശക്തമായ സ്‌ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Signature-ad

എന്നാൽ, ഈ സൈനിക നടപടി നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ ലംഘനമല്ലെന്നും സംഘർഷം കൂടുതൽ വ്യാപിപ്പിക്കാനുള്ള നീക്കമല്ലെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആക്രമണം പരിമിതമായതും തുടർ നടപടികൾ ഇപ്പോൾ ആസൂത്രണം ചെയ്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഇതിനിടെ, സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുകയോ അന്താരാഷ്ട്ര മേൽനോട്ടത്തിൽ നശിപ്പിക്കുകയോ വേണമെന്ന ആവശ്യം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തിയതിന് പിന്നാലെയാണ് പുതിയ സൈനിക നടപടി ഉണ്ടായത്. നിലവിൽ മേഖലയിൽ സ്ഥിതിഗതികൾ ശാന്തമാണെന്നാണ് യുഎസ് വിശദീകരണം. എന്നാൽ, അമേരിക്കൻ ആക്രമണങ്ങൾക്ക് ഇറാൻ ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിക്കാത്തതിനാൽ സ്ഥിതിഗതികൾ വീണ്ടും വഷളാകുമോയെന്ന ആശങ്ക തുടരുകയാണ്.

 

Back to top button
error: