NEWSWorld

മക്കളെ വീട്ടില്‍ത്തന്നെ നിര്‍ത്തി; പോയത് കൂലി വാങ്ങാനെന്നും പറഞ്ഞ്, 60 കൊല്ലം മുമ്പ് കാണാതായ സ്ത്രീയെ…

വാഷിങ്ടണ്‍: യു.എസിലെ വിസ്‌കോണ്‍സിനില്‍നിന്നും 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണാതായ സ്ത്രീയെ ഒടുവില്‍ ജീവനോടെ കണ്ടെത്തി. ആറു പതിറ്റാണ്ട് മുമ്പ് 20 വയസ്സുള്ളപ്പോഴാണ് ഓഡ്രി ബാക്ക്ബര്‍ഗിനെ കാണാതായത്. ഇപ്പോള്‍ അവര്‍ക്ക് 82 വയസ് ആയെങ്കിലും അവര്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അടുത്തിടെ നടത്തിയ അന്വേഷണത്തിലാണ് വിസ്‌കോണ്‍സിന്‍ സ്റ്റേറ്റിന് പുറത്ത് താമസിക്കുന്ന ഓഡ്രിയെ ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം കണ്ടെത്തിയത്. സൗക്ക് കൗണ്ടി ഷെരീഫ് ഓഫീസ് ഒരു പത്രക്കുറിപ്പിലാണ് ഇവരെ കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍, അവരെ എവിടെ വച്ചാണ് കണ്ടെത്തിയതെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Signature-ad

ഓഡ്രി എന്തെങ്കിലും അപകടത്തില്‍ പെട്ടതോ, ആരെങ്കിലും അവരെ തട്ടിക്കൊണ്ടുപോയതോ ഒന്നുമല്ല. മറിച്ച് അവര്‍ സ്വന്തം തീരുമാനപ്രകാരമാണ് ഇറങ്ങിപ്പോയത് എന്നാണ് പൊലീസ് പറയുന്നത്.

അന്ന് രണ്ട് കുട്ടികളുടെ അമ്മയായിരുന്ന ഓഡ്രി 1962 ജൂലൈ 7 -ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ദി ഗാര്‍ഡിയനിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം, അവരുടെ ബേബി സിറ്റര്‍ പറഞ്ഞത് ഓഡ്രി ആദ്യം വിസ്‌കോണ്‍സിനിലെ മാഡിസണിലേക്ക് പോയി എന്നും അവിടെ നിന്നും ഇന്ത്യാനയിലെ ഇന്ത്യാനാപോളിസിലേക്കുള്ള ബസ് കയറി എന്നുമാണ്. ബസ് സ്റ്റോപ്പില്‍ നിന്നും നടന്നകലുന്നതായിട്ടാണ് അവസാനമായി ഓഡ്രിയെ കണ്ടത് എന്നും ബേബി സിറ്റര്‍ പറഞ്ഞു.

കാണാതായവരെ കണ്ടെത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ചാര്‍ലി പ്രോജക്റ്റ്, നേരത്തെ തന്നെ ഓഡ്രിയെ കുറിച്ചുള്ള ചില വിവരങ്ങളെല്ലാം പങ്കുവച്ചിരുന്നു. അവരുടെ കണ്ടെത്തലുകളായിരുന്നു അതിലുണ്ടായിരുന്നത്. റൊണാള്‍ഡ് ബാക്ക്ബര്‍ഗിനെ
അവര്‍ വിവാഹം കഴിക്കുന്നത് തീരെ ചെറിയ പ്രായത്തിലാണ്. വിവാഹസമയത്ത് അവര്‍ക്ക് ഏകദേശം 15 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. വിവാഹജീവിതത്തില്‍ അവര്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നതായും പറയുന്നു.

കാണാതായ സമയത്ത് അവര്‍ ഭര്‍ത്താവിനെതിരെ ഒരു പരാതിയും നല്‍കിയിട്ടുണ്ടായിരുന്നു. തന്നെ ഉപദ്രവിക്കുന്നു എന്ന് കാണിച്ചായിരുന്നു അത്. അന്ന് ഒരു കമ്പിളി മില്ലില്‍ ജോലി ചെയ്തിരുന്ന ഓഡ്രിയെ ശമ്പളം വാങ്ങാന്‍ പോകുന്ന വഴിയാണ് കാണാതായത്.

എന്തായാലും, അടുത്തിടെ പരിഹരിക്കപ്പെടാതെ കിടക്കുന്ന കേസുകളില്‍ പലതും തുടരന്വേഷണം തുടങ്ങിയപ്പോള്‍ അക്കൂട്ടത്തില്‍ ഓഡ്രിയുടെ കേസും പരിഗണിച്ചിരുന്നു. പൊലീസ് പറയുന്നത് ഓഡ്രിയെ കണ്ടെത്തിയപ്പോള്‍ അവര്‍ സന്തോഷത്തോടെയാണ് പ്രതികരിച്ചത് എന്നാണ്. അന്ന് ഇറങ്ങിപ്പോന്നതില്‍ അവര്‍ക്ക് ഒട്ടും കുറ്റബോധമില്ലെന്ന് അറിയിച്ചതായും പൊലീസ് പറഞ്ഞു.

 

Back to top button
error: