CrimeNEWS

എല്ലാം കൃത്യമായി തിരുത്തി, ഒന്നുമാത്രം വിട്ടുപോയി; നീറ്റിന്റെ വ്യാജ ഹാള്‍ ടിക്കറ്റുണ്ടാക്കിയ ഗ്രീഷ്മയ്ക്ക് പിടിവീണത് ഇങ്ങനെ

തിരുവനന്തപുരം: വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ത്ഥി നീറ്റ് പരീക്ഷ എഴുതിയ സംഭവത്തില്‍ അറസ്റ്റിലായ അക്ഷയ സെന്റര്‍ ജീവനക്കാരിയുടെ കൂടുതല്‍ മൊഴികള്‍ പുറത്ത്. നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്ററിലെ ജീവനക്കാരിയായ ഗ്രീഷ്മയെയാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ഹാള്‍ ടിക്കറ്റ് തയ്യാറാക്കിയത് താനാണെന്ന് ഗ്രീഷ്മ മുന്‍പ് തന്നെ കുറ്റം സമ്മതിച്ചിരുന്നു. അക്ഷയ സെന്ററില്‍ വച്ചാണ് ഹാള്‍ ടിക്കറ്റ് തയ്യാറാക്കിയതെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.

‘വിദ്യാര്‍ത്ഥിയുടെ അമ്മ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നല്‍കാന്‍ തന്നെ ഏല്‍പ്പിച്ചിരുന്നു. ഇതിനായി 1850 രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം അപേക്ഷിക്കാന്‍ മറന്നുപോയി.

Signature-ad

ഹാള്‍ ടിക്കറ്റുകള്‍ വന്നതറിഞ്ഞ് വിദ്യാര്‍ത്ഥി പലവട്ടം അക്ഷയയില്‍ എത്തിയിരുന്നു. ഇതോടെയാണ് വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കിയത്. പരീക്ഷാ കേന്ദ്രം പത്തനംതിട്ട ആയതിനാല്‍ പരീക്ഷ എഴുതാന്‍ പോകില്ലെന്നാണ് ആദ്യം കരുതിയത്. ഗൂഗിളില്‍ സര്‍ച്ച് ചെയ്താണ് പത്തനംതിട്ടയിലെ ഒരു സ്ഥാപനത്തിന്റെ വിലാസം ഹാള്‍ ടിക്കറ്റില്‍ വച്ചത്. എന്നാല്‍ ബാര്‍കോഡും സാക്ഷ്യപത്രവും തിരുത്താന്‍ വിട്ടുപോയി. ബാക്കിയെല്ലാം തിരുത്തിയിരുന്നു’- ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.

തിരുവനന്തപുരം പാറശാല സ്വദേശിയായ വിദ്യാര്‍ത്ഥിയ്ക്ക് നല്‍കിയ ഹാള്‍ ടിക്കറ്റിലാണ് ഗ്രീഷ്മ കൃത്രിമം കാണിച്ചത്. ഇന്നലെ പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്‌കൂളിലാണ് വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ത്ഥി എത്തിയത്. തുടക്കത്തിലെ പരിശോധനയില്‍ തന്നെ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയിരുന്നു. ഒരു മണിക്കൂര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചു. ഇതിനിടെ ഹാള്‍ ടിക്കറ്റിലെ റോള്‍ നമ്പരില്‍ മറ്റൊരു വിദ്യാര്‍ത്ഥി തിരുവനന്തപുരത്തെ ഒരു കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ പരാതിയില്‍ കുട്ടിയെയും അമ്മയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

 

Back to top button
error: