Breaking NewsKeralaLead NewsNEWSpolitics

‘വരുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പാണ്; അങ്കണവാടിയിലെ ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പല്ല’; കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരേ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്; പാലക്കാടിനു പിന്നാലെ സുധാകരനെ പിന്തുണച്ച് കൂടുതല്‍ പോസ്റ്ററുകള്‍

തിരുവനന്തപുരം: കെപിസിസി നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പടലപിണക്കം രൂക്ഷമാകുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പക്വതയില്ലെന്നായിരുന്നു വിമര്‍ശനം. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി കേരളത്തിലെ ചെറുപ്പക്കാര്‍ കാണിക്കുന്ന അച്ചടക്കം തലയെടുപ്പുള്ള മുതിര്‍ന്ന നേതാക്കന്‍മാര്‍ കൂടി കാണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് പുനസംഘടനയില്‍ നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം അവസാനിപ്പിക്കണം. സാധാരണ പ്രവര്‍ത്തകന്റെ ധാര്‍മികതയെ തകര്‍ക്കുന്നതായിരിക്കരുത് നേതൃത്വത്തിന്റെ പ്രവര്‍ത്തി. നേതാക്കള്‍ക്ക് പ്രത്യേക ജാഗ്രത വേണം. പാര്‍ടി നേതൃത്വത്തിലേക്ക് ഹൈക്കമാന്‍ഡ് ഒരാളെ തീരുമാനിക്കുമ്പോള്‍ മറ്റുള്ളവര്‍ അഭിപ്രായം പറയണ്ട കാര്യമില്ല. വരാന്‍ പോകുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പാണ്. അങ്കണവാടിയില്‍ ക്ലാസ് ലീഡര്‍ക്കായുള്ള തെരഞ്ഞെടുപ്പല്ലെന്നും യൂത്ത് കോണ്‍ഗ്രസ് പരിഹസിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന് രാവിലെ പത്രമെടുക്കുമ്പോള്‍ നെറ്റിചുളിക്കേണ്ടിയും വിയര്‍ക്കേണ്ടിയും വരുന്ന അവസ്ഥയാണുള്ളതെന്നും പത്ത് വര്‍ഷത്തിനിടെ ഒരു യുവ നേതാവും പാര്‍ടിയെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറയുന്നു.

Signature-ad

പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്റ് തീരുമാനം പുറത്തു വന്നപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഫോട്ടോ കണ്ടാല്‍ ആളെ തിരിച്ചറിയാന്‍ കഴിയുന്ന വ്യക്തിയാകണം കെപിസിസി പ്രസിഡന്റെന്ന് കെ മുരളീധരന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു പിന്നാലെ കോണ്‍ഗ്രസില്‍ പരസ്യപ്പോര് രൂക്ഷമായിരുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ ആലുവയിലും കളമശേരിയിലും വിവിധയിടങ്ങളില്‍ പോസ്റ്റര്‍ പതിച്ചാണ് തുറന്ന പോര്.

ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, പമ്പ് കവല, താലൂക്ക് ഓഫീസ്, കമ്പനിപ്പടി, മുട്ടം കളമശേരി എന്നിവിടങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘ഫോട്ടോ കണ്ടാല്‍ പോലും സാധാരാണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിയാത്ത ആന്റോ ആന്റണിയും സണ്ണി ജോസഫുമല്ല കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കേണ്ടത്’ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. പാലക്കാട് ഡിസിസി ഓഫീസ് പരിസരത്തും സുധാകരനെ അനുകൂലിച്ച് പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് രക്ഷാ വേദിയുടെ പേരിലാണ് പോസ്റ്റര്‍. കേരളത്തിലെ കോണ്‍ഗ്രസുകാരന്റെ അഭിമാനം വീണ്ടെടുത്ത് സുധാകരനെന്നും പോസ്റ്ററിലുണ്ട്.

 

Back to top button
error: