തിരുവനന്തപുരം: സംസ്ഥാനത്തെ 59 ആശുപത്രികളിലെ വിവിധങ്ങളായ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക്, ജില്ലാ ജനറല്‍ ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍ എന്നിവിടങ്ങളിലെ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെയും പുതുതായി ആരംഭിക്കുന്ന പദ്ധതികളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. തിരുവനന്തപുരം 15, പത്തനംതിട്ട 4, ആലപ്പുഴ 5, കോട്ടയം 7, ഇടുക്കി 11, എറണാകുളം 3, തൃശൂര്‍ 3, പാലക്കാട് 1, മലപ്പുറം 8, കോഴിക്കോട് 1, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ജില്ലകളില്‍ ഉദ്ഘാടനം നടന്നത്. അതത് ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള പരിപാടിയില്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.
ആരോഗ്യ മേഖലയില്‍ അഭൂതപൂര്‍വമായ മാറ്റം വരുത്താന്‍ സാധിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ആരോഗ്യ വകുപ്പിനോട് ചേര്‍ന്ന് നിന്നുകൊണ്ട് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഒറ്റമനസോടു കൂടി പ്രവര്‍ത്തിക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറായി. ഇത്രയും വലിയ മാറ്റം ഉണ്ടാക്കാന്‍ സഹകരിച്ച തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജനപ്രതിനിധികള്‍ക്കും നന്ദി പറയുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ സ്ഥാപനങ്ങളിലെ മാറ്റം സ്ഥായിയായ രൂപത്തില്‍ നാട്ടില്‍ നിലനിര്‍ത്തണം. അടിസ്ഥാന സൗകര്യങ്ങളോടൊപ്പം ക്ലിനിക്കല്‍ പ്രാക്ടീസുകളിലും ആരോഗ്യ ശീലങ്ങളിലും വലിയ മാറ്റം ഉണ്ടാകണമെന്നാണ് ഈ സര്‍ക്കാര്‍ ആഗ്രഹിച്ചത്. പ്രാഥമിക തലത്തില്‍ തന്നെ രോഗ പ്രതിരോധത്തിന് ഊന്നല്‍ നല്‍കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. താലൂക്ക് തലം മുതല്‍ എല്ലാ ആശുപത്രികളിലും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതനുസരിച്ച് ആശുപത്രികളിലെ സജ്ജീകരണങ്ങളും പ്രവര്‍ത്തന രീതികളും മാറ്റി. കോവിഡ് കാലത്തും മറ്റ് ചികിത്സ ഉറപ്പ് വരുത്താന്‍ നമുക്കായതു കൊണ്ടാണ് മരണ നിരക്ക് കുറയ്ക്കാന്‍ സാധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.