Breaking NewsIndiaLead NewsNEWS

നിര്‍ദേശം കൊടുത്ത് പണിവാങ്ങി! ഗവര്‍ണര്‍മാരെ നിലയ്ക്കു നിര്‍ത്താന്‍ സുപ്രീം കോടതി ഉപയോഗിച്ചത് കേന്ദ്രസര്‍ക്കാരിന്റെ തന്നെ സര്‍ക്കുലര്‍; ബില്ലുകള്‍ തീര്‍പ്പാക്കാന്‍ സമയപരിധി നിശ്ചയിച്ചത് മോദി സര്‍ക്കാരിന്റെ ‘ഓഫീസ് മെമ്മോറാണ്ടം’ അടിസ്ഥാനമാക്കി; ജസ്റ്റിസ് പര്‍ദിവാല എഴുതിയത് പഴുതടച്ച വിധി

ന്യൂഡല്‍ഹി: ഗവര്‍ണര്‍മാര്‍ക്കു ബില്ലില്‍ നടപടിയെടുക്കാന്‍ സമയപരിധിയില്ലെന്നും രണ്ടു ജഡ്ജിമാര്‍ തീരുമാനിച്ചാല്‍ ഭരണഘടന മാറ്റാന്‍ കഴിയില്ലെന്നും കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞത് വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, ഭരണഘടന ശില്‍പി ബി.ആര്‍. അംബേദ്കറുടെ വാക്കുകള്‍ക്കൊപ്പം 2016ല്‍ മോദി സര്‍ക്കാര്‍തന്നെ ഇക്കാര്യത്തില്‍ നല്‍കിയ ‘ഓഫീസ് ഓഫ് മെമ്മോറാണ്ട’മാണ് ഇക്കാര്യത്തില്‍ പ്രധാനമായും കോടതി ആധാരമാക്കിയതെന്നു വിധിന്യായത്തിന്റെ പകര്‍പ്പ് പുറത്തുവന്നതിനു പിന്നാലെ വ്യക്തമായി. ആഭ്യന്തര മന്ത്രാലയത്തിന്റെ ജുഡീഷ്യല്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗമാണ് സംസ്ഥാന നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് മെമ്മോറാണ്ടം നല്‍കിയത്.

കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ബില്ലുകളില്‍ തീരുമാനമുണ്ടാകുന്നതു വൈകുന്നതു ശ്രദ്ധയില്‍പെട്ടതിനാലാണ് നിര്‍ദേശം നല്‍കുന്നതെന്നും മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാന നിയമസഭകളുടെ നിര്‍ദേശങ്ങള്‍ വേഗത്തില്‍ പരിശോധിക്കുന്നതിനു കേന്ദ്രമന്ത്രിമാര്‍/വകുപ്പുകള്‍/സംസ്ഥാന ഗവര്‍ണര്‍മാര്‍ എന്നിവര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ കേന്ദ്ര മന്ത്രാലയങ്ങള്‍/ മന്ത്രിമാര്‍ എന്നിവര്‍ അനാവശ്യമായ അന്വേഷണങ്ങള്‍/ നിരീക്ഷണങ്ങള്‍ നടത്തി വൈകിപ്പിക്കുന്നു എന്നും കണ്ടെത്തിയിരുന്നു. അതിനാല്‍ ഇക്കാര്യങ്ങള്‍ നിര്‍ദേശിക്കുന്നെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Signature-ad

അവ ഇങ്ങനെയാണ്…

1. സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ബില്ലുകള്‍ ലഭിച്ചതിനുശേഷം അവ അന്തിമമാക്കുന്നതിന് പരമാവധി 3 മാസത്തെ സമയപരിധി കര്‍ശനമായി പാലിക്കണം.

2. ബന്ധപ്പെട്ട മന്ത്രാലയം കത്ത് ലഭിച്ച തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ പ്രസക്തമായ വിഷയങ്ങളില്‍ അവരുടെ കാഴ്ചപ്പാട് അറിയിക്കണം, അവര്‍ക്ക് ആശയവിനിമയം നടത്താന്‍ കഴിയുന്നില്ലെങ്കില്‍, കാലതാമസത്തിനുള്ള കാരണങ്ങള്‍ അവര്‍ സൂചിപ്പിക്കണം. ഒരു മാസത്തിനുള്ളില്‍ വകുപ്പുകള്‍ക്കോ മന്ത്രാലയങ്ങള്‍ക്കോ അവരുടെ അഭിപ്രായങ്ങള്‍/കാഴ്ചപ്പാടുകള്‍ അറിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിര്‍ദ്ദേശത്തെക്കുറിച്ച് അവര്‍ക്ക് അഭിപ്രായങ്ങളൊന്നുമില്ലെന്ന് കണക്കാക്കും.

3. ബില്ലുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന സാരമായ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ കൈകാര്യം ചെയ്യണം, കൂടാതെ ഭാഷ/കരട് തയ്യാറാക്കല്‍, ബില്ലിന്റെ ഭരണഘടനാ സാധുത എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിയമ മന്ത്രാലയം പരിശോധിക്കണം.

4. അടിയന്തര സ്വഭാവമുള്ളതും അടിയന്തരാവസ്ഥ കണക്കിലെടുത്ത് പുറപ്പെടുവിക്കുന്നതുമായ ഓര്‍ഡിനന്‍സുകളെ സംബന്ധിച്ചിടത്തോളം, നിലവില്‍ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുന്നതിന് രണ്ടാഴ്ച സമയപരിധി അനുവദിച്ചിട്ടുണ്ട്, എന്നാല്‍ പലപ്പോഴും അഭിപ്രായങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭിക്കുന്നില്ല. അതിനാല്‍, സംസ്ഥാന ബില്ലുകളുടെ കാര്യത്തിലെന്നപോലെ, മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഓര്‍ഡിനന്‍സുകളെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങള്‍/കാഴ്ചപ്പാടുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിര്‍ദ്ദേശത്തെക്കുറിച്ച് അവര്‍ക്ക് അഭിപ്രായങ്ങളൊന്നും നല്‍കാനില്ലെന്ന് വ്യാഖ്യാനിക്കപ്പെടും, കൂടാതെ നിയമകാര്യ വകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും.

5. മുകളില്‍ പറഞ്ഞ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചും നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളിലും എല്ലാ സംസ്ഥാന ബില്ലുകളും / ഓര്‍ഡിനന്‍സുകളും പ്രോസസ്സ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിലവില്‍ തീര്‍പ്പാക്കാത്ത എല്ലാ ബില്ലുകളും / ഓര്‍ഡിനന്‍സുകളും മുകളില്‍ പറഞ്ഞ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അടിയന്തിരമായി അവലോകനം ചെയ്യാവുന്നതാണ്, അങ്ങനെ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ അവ തീര്‍പ്പാക്കുന്നുവെന്ന് ഉറപ്പാക്കാം.

ഇക്കാര്യങ്ങള്‍ കോടതി വിധിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട് എന്നതും ഇതു ഗര്‍ണര്‍മാര്‍ക്കു ബാധകമാക്കുക മാത്രമാണു കോടതി ചെയ്തിട്ടുള്ളത് എന്നതും വ്യക്തമാണ്. ബില്ലികളില്‍ നടപടിയെടുക്കേണ്ടത് ഭരണഘടനയുടെ തലവനെന്നു വിശേഷിപ്പിക്കുന്ന ഗവര്‍ണറാണ്. എല്ലാവര്‍ക്കും ബാധകമാകേണ്ട നിയമം അദ്ദേഹത്തിനും ബാധകമാണ്. കേന്ദ്രസര്‍ക്കാര്‍ ഭരണം എണ്ണയിട്ട യന്ത്രം പോലെ കൊണ്ടുപോകുന്നതിനു കര്‍ശനമായി നിര്‍ദേശിച്ച കാര്യങ്ങള്‍ സുപ്രീം കോടതി ആവര്‍ത്തിച്ചു എന്നു മാത്രം. ആര്‍ട്ടിക്കിള്‍ 201 പ്രകാരം ഒരു ബില്‍ പരിഗണിക്കുന്ന രാഷ്ട്രപതിക്കും ബാധകമായ നിര്‍ദേശങ്ങളാണിതെന്നും കോടതി വിലയിരുത്തി.

2026 ഫെബ്രുവരി നാലിന് സംസ്ഥാന സര്‍ക്കാരിനും ഇതുപോലൊരു ഓഫീസ് മെമ്മോറാണ്ടം അയച്ചിട്ടുണ്ട്. അതിലും ബില്ലുകളില്‍ നിയമന്ത്രാലയത്തിനു തീരുമാനമെടുക്കാനുള്ള സമയം മൂന്നുമാസമാക്കി നിശ്ചയിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര വകുപ്പുകള്‍/മന്ത്രാലയങ്ങള്‍ നടത്തുന്ന അഭിപ്രായങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ വിശദീകരണങ്ങള്‍/കാഴ്ചപ്പാടുകള്‍ അയയ്ക്കുന്നില്ലെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്, അതിനാല്‍, ഈ വിഷയത്തില്‍ തീരുമാനം അനാവശ്യമായി വൈകുന്നെന്നും ഇതു പരിഹരിക്കണമെന്നും നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ അവര്‍ക്കതില്‍ എതിര്‍പ്പുകളില്ല എന്നാണു വ്യക്തമാക്കുന്നതെന്നും രാഷ്ട്രപതി തീരുമാനമെടുക്കുന്നില്ലെങ്കില്‍ കോടതിക്ക് അതില്‍ ഇടപെടാന്‍ അധികാരമുണ്ടെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു.

രണ്ടു ജഡ്ജിമാരാണോ ഭരണഘടന തീരുമാനിക്കുന്നത്? ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല; ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടല്‍; ആദ്യം അവര്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ തീരുമാനം എടുക്കട്ടെ: സുപ്രീം കോടതിക്കെതിരേ കടന്നാക്രമിച്ച് കേരള ഗവര്‍ണര്‍: കേരളത്തിലെ ബില്ലുകളില്‍ ഒപ്പിടില്ലെന്ന സൂചനയോ?

ഭരണഘടന മികച്ചതാണെങ്കിലും ഭരിക്കുന്നവര്‍ മോശമെങ്കില്‍ ഭരണഘടനയും മോശമാകും; ചരിത്ര വിധിയില്‍ അംബേദ്കറെ ഉദ്ധരിച്ച് സുപ്രീം കോടതി; ‘ഭരണകൂടങ്ങളെ ശ്വാസംമുട്ടിക്കരുത്, ജനങ്ങളുടെ ഇഷ്ടങ്ങള്‍ ഹനിക്കരുത്; രാജ്യം നിങ്ങള്‍ക്ക് വീറ്റോ അധികാരം നല്‍കിയിട്ടില്ല’: തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ വിധിയില്‍ ശ്രദ്ധേയ നിരീക്ഷണങ്ങള്‍

Back to top button
error: