റേറ്റിംഗ് കൂട്ടുന്നതിനുള്ള മത്സരങ്ങള്‍ സത്യം മറയ്ക്കുന്നതാകരുത്; സത്യമെന്ന് ഉറപ്പിക്കാത്ത, ഏകപക്ഷീയമായ വാര്‍ത്തകള്‍ നല്‍കാതിരിക്കാന്‍ ഔചിത്യം കാട്ടണം; തീരുമാനം എടുക്കേണ്ട സമയം അതിക്രമിച്ചെന്നും ഹൈക്കോടതി; ഏഷ്യാനെറ്റിന് എതിരായ പോക്‌സോ കേസ് റദ്ദാക്കിയ വിധിയില്‍ മാധ്യമങ്ങള്‍ക്ക് വിമര്‍ശനം

കൊച്ചി: കൃത്യമായി പരിശോധന നടത്താതെ ആരോപണങ്ങളെന്ന പേരില്‍ വാര്‍ത്തകള്‍ നല്‍കരുതെന്നും റേറ്റിംഗ് കൂട്ടുന്നതിനുവേണ്ടിയുള്ള മത്സരങ്ങള്‍ സത്യം മറയ്ക്കുന്നതാകരുതെന്നും കേരള ഹൈക്കോടതി. മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ‘വണ്‍ സൈഡ് സ്‌റ്റോറി’കള്‍ നല്‍കുന്നതിനെതിരേ ധാര്‍മികമായ നിലപാട് എടുക്കണമെന്നും ജസ്റ്റിസ് എ. ബദറുദീന്‍ പറഞ്ഞു.
‘ചാനലുകളും മറ്റു മാധ്യമങ്ങ്‌ളും വാര്‍ത്തകള്‍ നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചു. വേണ്ടത്ര പരിശോധനയില്ലാതെ വാര്‍ത്തകള്‍ നല്‍കരുത്. ഒരാള്‍ക്കെതിരേ വാര്‍ത്ത നല്‍കുമ്പോള്‍ എതിര്‍ഭാഗത്തുള്ളയാളുടെ വാക്കുകള്‍ക്കുകൂടി പ്രാധാന്യം നല്‍കണം. ഇരുവരുടെയും ഭാഗം കേട്ടതിനുശേഷം മാത്രമേ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാവൂ’ എന്നും കോടതി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് എതിരായ പോക്‌സോ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണു കോടതിയുടെ നിര്‍ദേശം. ഏഷ്യാനെറ്റ് ന്യൂസിലെ ആറു ജീവനക്കാര്‍ക്കെതിരായ പോക്‌സോ കേസാണ് സിംഗിള്‍ ബെഞ്ച് അസാധുവാക്കിയത്. പോക്സോ കേസില്‍ ഇരയെന്ന വ്യാജേന ഏഷ്യാനെറ്റിലെ ഒരു ജീവനക്കാരിയുടെ മകളെ ഉപയോഗിച്ച് വീഡിയോ നിര്‍മ്മിച്ചു എന്നായിരുന്നു കേസ്. കുറ്റപത്രത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് സിംഗിള്‍ ബെഞ്ച് വിധിച്ചു.
‘സമൂഹത്തിനോ വ്യക്തിക്കോ വാര്‍ത്തകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടില്ല. എന്നാല്‍, നിലനില്‍പ്പിനായിട്ടുള്ള തന്ത്രമായിട്ട് ഇത്തരം കാര്യങ്ങളെ മാറ്റരുത്. ആരോപണങ്ങളെക്കുറിച്ചു വ്യക്തമായി ആലോചിക്കാതെ വാര്‍ത്തകള്‍ നല്‍കുന്നത് ദുരാരോപണങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നയാളുടെ താത്പര്യങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നതിനു തുല്യമാണ്. ഒരാളുടെ പ്രതിഛായയ്ക്കു കേടുപാടുണ്ടായാല്‍ അതു മായ്ക്കാന്‍ കഴിയില്ലെ’ന്നും കോടതി ഓര്‍മിപ്പിച്ചു.