ഭരണഘടന മികച്ചതാണെങ്കിലും ഭരിക്കുന്നവര്‍ മോശമെങ്കില്‍ ഭരണഘടനയും മോശമാകും; ചരിത്ര വിധിയില്‍ അംബേദ്കറെ ഉദ്ധരിച്ച് സുപ്രീം കോടതി; ‘ഭരണകൂടങ്ങളെ ശ്വാസംമുട്ടിക്കരുത്, ജനങ്ങളുടെ ഇഷ്ടങ്ങള്‍ ഹനിക്കരുത്; രാജ്യം നിങ്ങള്‍ക്ക് വീറ്റോ അധികാരം നല്‍കിയിട്ടില്ല’: തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ വിധിയില്‍ ശ്രദ്ധേയ നിരീക്ഷണങ്ങള്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍മാരെ ഉപയോഗിച്ചു സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന നപടിക്കെതിരേ സുപ്രീം കോടതിയു െകര്‍ശക്കശമായ താക്കീത്. ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരേ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ ഇടപെടലിനെതിരേ സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
ജനങ്ങള്‍ തെരഞ്ഞെടുത്തു സര്‍ക്കാരുകളെ ശ്വാസം മുട്ടിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നത് ഇന്ത്യയിലെമ്പാടും കാണുന്നു. രാഷ്ട്രീയ കാരണങ്ങളുടെ പേരില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെതിരേ നീങ്ങുമ്പോള്‍ ജനങ്ങളുടെ താത്പര്യങ്ങളാണു ഹനിക്കുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കീഴ്‌വഴക്കങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍മാര്‍ തയാറാകണം. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളുടെ നിയമനിര്‍മാണസഭകളെ മാനിക്കണം. അവര്‍ക്കു ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും തിരിച്ചറിയണം.

ഗവര്‍ണര്‍മാര്‍ സര്‍ക്കാരുകളുടെ സുഹൃത്തായും മാര്‍ഗദര്‍ശിയും തത്വചിന്തകനുമായാണു പ്രവര്‍ത്തിക്കേണ്ടത്. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചായ്‌വില്‍നിന്നുകൊണ്ടു കാര്യങ്ങളെ സമീപിക്കുന്നയാളാകരുത്. അദ്ദേഹം ഏറ്റെടുക്കുന്ന ചുമതലയുടെ ഭരണഘടനപരമായ വിശുദ്ധിയാണു കാത്തുസൂക്ഷിക്കേണ്ടത്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതു പരിഹരിക്കാനും സംസ്ഥാന ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കാനുമുള്ള നിര്‍ദേശങ്ങളുമാണു നല്‍കേണ്ടത്. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള ചാലക ശക്തിയാകണം ഗവര്‍ണര്‍. ജനങ്ങളുടെ തെരഞ്ഞെടുപ്പിനെതിരേ, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കെതിരേ നീങ്ങുമ്പോള്‍ ഭരണഘടനാപരമായ സത്യപ്രതിജ്ഞ ലംഘിക്കുകയാണു ഗവര്‍ണറെന്നും മനസിലാക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പൂര്‍വികരായ ജനങ്ങളുടെ പോരാട്ടത്തിന്റെയും കഷ്ടപ്പാടിന്റെയും ഭാഗമായിട്ടാണ് ഭരണഘടനാ മൂല്യങ്ങള്‍ പൂത്തുതളിര്‍ത്തത്. നിങ്ങള്‍ ഒരു തീരുമാനമെടുക്കുമ്പോള്‍ അതില്‍ രാഷ്ട്രീയമായ താത്പര്യങ്ങള്‍ കടന്നുകൂടാന്‍ പാടില്ല. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോയെന്നു മാത്രമാണു നോക്കേണ്ടത്. അതിന് എപ്പോഴും അവനവനിലേക്കു നോക്കുകയും ഭരണഘടനാപരമായി താന്‍ നല്‍കിയ സത്യവാചകത്തില്‍ ഉറച്ചു നില്‍ക്കുകയുമാണു വേണ്ടത്. ഭരണഘടനയെ മറികടക്കാന്‍ അധികാരികള്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ ഇക്കാലവും നിലകൊണ്ട ആശയങ്ങളെ മുറുകിപ്പിടിച്ചുകൊണ്ടാകണം തിരുത്തല്‍ ശക്തിയാകേണ്ടത്- സുപ്രീം കോടതി പറഞ്ഞു.
കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ നടത്തിയ പ്രസംഗവും കോടതി വിധിന്യായത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. 1949ല്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ പ്രധാന്യം ഇന്നും അതേപടി നിലനില്‍ക്കുന്നു. ‘ഒരു ഭരണഘടന എത്ര മികച്ചതാണെങ്കിലും അതുപയോഗിച്ച് ഭരിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ മോശക്കാര്‍ ആണെങ്കില്‍ ആ ഭരണഘടനയും മോശമാകും. ഒരു ഭരണഘടന എത്ര മോശമാണെങ്കിലും മികച്ചവര്‍ അത് കൈകാര്യം ചെയ്താല്‍ ആ ഭരണഘടനയും മികച്ചതാവും’- എന്ന വാചകവും വിധിന്യായത്തില്‍ ഉള്‍പ്പെടുത്തി.
നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നടപടി ചട്ടവിരുദ്ധമെന്നും സുപ്രീം കോടതി കണ്ടെത്തി. ഭരണഘടന ഗവര്‍ണക്ക് വീറ്റോ അധികാരം നല്‍കിയിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിനായാണ് കൊണ്ടുവരുന്നത്. ബില്ലുകളില്‍ 3 മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ബില്‍ തീരുമാനം നീട്ടാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നും കോടതി വ്യക്തമാക്കി.
ഭരണഘടന അനുസരിച്ച് 3 വ്യവസ്ഥകളാണ് ഉള്ളത്. ബില്ലിന് അനുമതി നല്‍കുക, അനുമതി നിഷേധിക്കുക, പ്രസിഡന്റിന്റെ അനുമതിക്കായി വിടുക എന്നിവയാണത്. എന്നാല്‍ ബില്ലില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും അതിനുശേഷം പ്രസിഡന്റിന് അയക്കുകയും ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ.ബി. പര്‍ദീവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
തമിഴ്‌നാട് നിയമസഭ അംഗീകാരത്തിനായി സമര്‍പ്പിച്ച പത്ത് ബില്ലുകളാണ് സുപ്രീംകോടതി പാസാക്കിയത്. പത്ത് ബില്ലുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി മാറ്റിവയ്ക്കാനുള്ള തമിഴ്നാട് ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധവും തെറ്റുമാണെന്നും സുപ്രീംകോടതി പറഞ്ഞു. പത്ത് ബില്ലുകളും സുപ്രീംകോടതി പാസാക്കിയതിനാല്‍ ബില്ലുകളില്‍ രാഷ്ട്രപതി സ്വീകരിച്ച തുടര്‍നടപടികള്‍ നിലനില്‍ക്കില്ല. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. സംസ്ഥാന നിയമസഭയില്‍ വീണ്ടും ബില്ലുകള്‍ പാസാക്കിയ ശേഷം അവതരിപ്പിക്കുമ്പോള്‍ പത്ത് ബില്ലുകള്‍ക്കും ഗവര്‍ണറുടെ അനുമതി ലഭിച്ചതായി കണക്കാക്കുമെന്ന് കോടതി അറിയിച്ചു.
ഭരണഘടന ഗവര്‍ണര്‍ക്ക് വീറ്റോ അധികാരം നല്‍കുന്നില്ല.അനിശ്ചിതകാലം ബില്ലില്‍ തീരുമാനം നീട്ടാന്‍ ഗവര്‍ണര്‍ക്കാകില്ല. മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. സഭ വീണ്ടും പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കേണ്ടതില്ല. ഗവര്‍ണര്‍ക്ക് വീറ്റോ അധികാരമില്ലെന്നും കോടതി ചൂണ്ടികാട്ടി. ബില്ലുകളിലെ ഗവര്‍ണര്‍മാരുടെ നടപടി ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാണെന്നും വിധിയില്‍ പറയുന്നു. ശക്തമായ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതി ഉയര്‍ത്തിയത്. വിധി കേരളത്തിനും നിര്‍ണായകമാകുമെന്നാണു വിലയിരുത്തല്‍. നേരത്തേ ആരിഫ് മുഹമ്മദ് ഖാന്‍ ബില്ലുകള്‍ അനിശ്ചിതമായി നീട്ടുകയും രാഷ്ട്രപതിക്ക് അയയ്ക്കുകയും തള്ളുകയും ചെയ്തിരുന്നു. ഇതിനു സമാനമായി ഇപ്പോഴത്തെ ഗവര്‍ണറും പ്രവര്‍ത്തിക്കുന്നെന്ന പരാതിയുണ്ട്.