Breaking NewsIndiaLead NewsNEWS

75 വയസ് കഴിഞ്ഞവര്‍ മന്ത്രി പദവിയില്‍ വേണ്ടെന്നത് ബിജെപിയുടെ അലിഖിത നിയമം; മോദിക്കു പിന്നാലെ വിരമിക്കല്‍ അഭ്യൂഹവുമായി യോഗി ആദിത്യനാഥ്; രാഷ്ട്രീയം മുഴുവന്‍ സമയ ജോലിയല്ല, സന്യാസമാണു വഴിയെന്നും ആദിത്യനാഥ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വിരമിക്കല്‍’ അഭ്യൂഹങ്ങള്‍ക്കു പിന്നാലെ രാഷ്ട്രീയഭാവിയെക്കുറിച്ച് മനസ്സ് തുറന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഴുവന്‍ സമയ ജോലിയായി താന്‍ രാഷ്ട്രീയത്തെ കാണുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ യോഗി ആദിത്യനാഥ് വ്യക്തമാക്കി. മോദിയുടെ പിന്‍ഗാമിയായി യോഗിയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നതിനിടെയാണ് ആദിത്യനാഥ് തന്റെ ഭാഗം പറയുന്നത്.

”നോക്കൂ, ഞാന്‍ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാണ്. യുപിയിലെ ജനങ്ങള്‍ക്കുവേണ്ടി ബിജെപിയാണ് എന്നെ ഈ സ്ഥാനത്ത് നിയോഗിച്ചത്. രാഷ്ട്രീയം എന്റെ മുഴുവന്‍ സമയ ജോലിയല്ല. ഞാനിപ്പോള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ യാഥാര്‍ഥ്യത്തില്‍ ഞാനൊരു യോഗിയാണ്.’ ആദിത്യനാഥ് പറഞ്ഞു.

Signature-ad

75 വയസ്സ് തികയുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിരമിക്കുമെന്ന ശിവസേന എംപി സഞ്ജയ് റാവുത്തിന്റെ പരാമര്‍ശത്തിനു പിന്നാലെ വലിയ ചര്‍ച്ചകളാണുയരുന്നത്. 75 കഴിഞ്ഞവര്‍ മന്ത്രി പദവിയില്‍ തുടരേണ്ടെന്ന ബിജെപിയുടെ അലിഖിത നിയമത്തെ ചൂണ്ടിക്കാട്ടിയാണ് റാവുത്തിന്റെ പരാമര്‍ശം. സെപ്റ്റംബര്‍ 17നാണ് മോദിക്ക് 75 വയസാകുന്നത്. അതേസമയം, ഇത്തരം നിയമങ്ങളൊന്നും ഇല്ലെന്ന് ബിജെപി വ്യക്തമാക്കി. 80 വയസ്സായ ജിതന്‍ റാം മാഞ്ചി ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയിലുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

എത്രകാലം രാഷ്ട്രീയത്തില്‍ തുടരുമെന്ന ചോദ്യത്തിന് അതിനും വ്യക്തമായ കാലയളവുണ്ടെന്ന് യോഗി മറുപടി നല്‍കി. ”നമ്മള്‍ മതത്തെ ഒരു ചെറിയ ഇടത്തു മാത്രവും രാഷ്ട്രീയത്തെ ഏതാനും വ്യക്തികളില്‍ മാത്രവും ഒതുക്കി നിര്‍ത്തുകയാണ്. അവിടെനിന്നാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് രാഷ്ട്രീയമെന്നാകുമ്പോള്‍ അത് പ്രശ്‌നങ്ങളുണ്ടാക്കുന്നു. എന്നാല്‍ വലിയ നന്മകള്‍ക്കു വേണ്ടിയാണ് രാഷ്ട്രീയമെങ്കില്‍ അവ പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നു. പ്രശ്‌നമാണോ പരിഹാരമാണോ വേണ്ടതെന്ന് നമ്മള്‍ തിരഞ്ഞെടുക്കണം. അതാണ് മതം നമ്മളെ പഠിപ്പിക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നത്.” യോഗി പറഞ്ഞു.

Back to top button
error: