
തൃശൂര്‍: അന്തിക്കാട് താന്ന്യത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആക്രമിക്കാനെത്തിയ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് അയല്‍വാസിയായ സ്ത്രീക്ക് ഗുരുതര പരുക്ക്. താന്ന്യം തെക്ക് കുളപ്പാടത്തിനു സമീപം കാതിക്കുടത്ത് കുട്ടന്റെ ഭാര്യ ലീല (52)യ്ക്കാണ് ഗുണ്ടാ സംഘത്തിന്റെ വെട്ടേറ്റത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
തൊട്ടടുത്തുള്ള വീട്ടില്‍ ഗുണ്ടകള്‍ കയറി ബഹളമുണ്ടാക്കുന്നത് കേട്ടാണ് ലീലയും മകനും അങ്ങോട്ട് എത്തിയത്. ഗുണ്ടാ സംഘം മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ലീലയ്ക്ക് വെട്ടേറ്റത്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ പ്രദേശത്തു നിന്ന് ഓടി രക്ഷപ്പെട്ടു.

കൈയ്ക്കു വെട്ടേറ്റ ലീലയെ ഉടന്‍തന്നെ വലപ്പാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട ശ്രീബിന്‍, ഷാജഹാന്‍ എന്നിവരടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും അന്തിക്കാട് പൊലീസ് അറിയിച്ചു. ലീലയുടെ ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആക്രമിക്കാനാണ് ഗുണ്ടാസംഘം ഇവിടേക്കെത്തിയതെന്നും പൊലീസ് അറിയിച്ചു.