CrimeNEWS

ഷഹബാസിനെ കൊന്ന ‘നഞ്ചക്ക്’ അക്രമിയുടെ സഹോദരന്റേത്, ആക്രമണം പഠിച്ചത് യുട്യൂബില്‍നിന്ന്; പിടിയിലായ 6 പേരും ഇന്ന് പരീക്ഷ എഴുതും

കോഴിക്കോട്: വിദ്യാര്‍ഥി സംഘട്ടനത്തില്‍ താരമശേരി എളേറ്റില്‍ സ്‌കൂളിലെ മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ വിദ്യാര്‍ഥി നഞ്ചക്കിന്റെ ആക്രമണരീതി പഠിച്ചത് യുട്യൂബില്‍നിന്ന്. നഞ്ചക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിലാണു ഷഹബാസിനു ഗുരുതരമായി പരുക്കേറ്റത്. കരാട്ടെ പരിശീലനം തേടുന്ന സഹോദരന്റേതാണു നഞ്ചക്ക് എന്നും പൊലീസ് സ്ഥിരീകരിച്ചു. ഈ കുട്ടിയുടെ മൊബൈല്‍ ഫോണിലെ സേര്‍ച് ഹിസ്റ്ററിയില്‍ നഞ്ചക്ക് ഉപയോഗം വ്യക്തമാക്കുന്ന വിഡിയോകളുണ്ട്. ഇവരുടെ പിതാവിനു സംഘര്‍ഷവുമായോ ഗൂഢാലോചനയുമായോ ബന്ധമുണ്ടോ എന്നതില്‍ അന്വേഷണം തുടരുകയാണ്.

ഷഹബാസിനെ മര്‍ദിച്ച സംഘത്തില്‍ ഉള്‍പ്പെട്ട കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നു നേരത്തേ പിടിയിലായ 5 വിദ്യാര്‍ഥികള്‍ക്കൊപ്പം വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലേക്കു മാറ്റി. എസ്എസ്എല്‍സി വിദ്യാര്‍ഥികളായതിനാല്‍ 6 പേരും ഇന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ പരീക്ഷ എഴുതും. കഴിഞ്ഞ 27നുണ്ടായ സംഘര്‍ഷത്തില്‍ ആദ്യം 5 പേരെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കു പങ്കുണ്ടെന്നു ഷഹബാസിന്റെ കുടുംബം ആരോപിച്ചിരുന്നു.

Signature-ad

പൊലീസ് നടത്തിയ വിശദ അന്വേഷണത്തിലാണ് ഒരാള്‍ കൂടി കസ്റ്റഡിയിലായത്. മര്‍ദനത്തിനായി രൂപീകരിച്ച സമൂഹമാധ്യമ ഗ്രൂപ്പില്‍ 63 വിദ്യാര്‍ഥികള്‍ ഉണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇതില്‍ നേരിട്ടു മര്‍ദിച്ച 6 പേരുടെ പങ്കാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഗൂഢാലോചനയിലോ മര്‍ദനം ആസൂത്രണം ചെയ്തതിലോ മറ്റു കുട്ടികള്‍ക്കു പങ്കുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്ത 4 മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപ്പും പൊലീസ് പരിശോധിക്കുകയാണ്.

ഷഹബാസ് ബൈക്കില്‍ കയറിപ്പോയ ശേഷവും വിദ്യാര്‍ഥികള്‍ തമ്മില്‍ മറ്റൊരിടത്തു വച്ചു സംഘട്ടനമുണ്ടായെന്നും പൊലീസ് കണ്ടെത്തി. മര്‍ദിച്ച കുട്ടികളില്‍ ചിലര്‍ കൂടി പിടിയിലാകാനുണ്ടെന്നു ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു. അക്രമണത്തില്‍ ചില രക്ഷിതാക്കള്‍ക്കു വ്യക്തമായ പങ്കുണ്ടെന്നും അവരെക്കൂടി പ്രതി ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button
error: