
തിരുവനന്തപുരം: ഉണ്ണിമുകുന്ദന്‍ നായകനായ ‘മാര്‍ക്കോ’ സിനിമ ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. ‘എ’ സര്‍ട്ടിഫിക്കറ്റുമായി പ്രദര്‍ശനാനുമതി നല്‍കിയതിനാലാണ് തീരുമാനമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്സി) പ്രാദേശിക ഓഫിസറായ ടി നദീം തുഫൈല്‍ പ്രതികരിച്ചു. ചിത്രത്തിന് തീയറ്റര്‍ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിലെ രംഗങ്ങള്‍ പൂര്‍ണമായി മുറിച്ചുമാറ്റിയുള്ള സെന്‍സറിങ് ഇപ്പോള്‍ നിലവിലില്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയായി തരംതിരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് നിലവിലെ രീതി. വയലന്‍സ് കൂടുതലുള്ള സിനിമകള്‍ കുട്ടികള്‍ കാണാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടത് മാതാപിതാക്കളാണ്. അവര്‍ക്കാണ് പൂര്‍ണ ഉത്തരവാദിത്തം. സിനിമയുടെ സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ച് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണമെന്നും നദീം പറഞ്ഞു.

‘എ’ സര്‍ട്ടിഫിക്കറ്റുള്ള സിനിമ 18 വയസില്‍ താഴെയുള്ളവരെ കാണാന്‍ അനുവദിക്കുന്നത് നിയമവിരുദ്ധമാണ്. പരാതി ലഭിച്ചാല്‍ തീയറ്ററില്‍ നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കാമെന്നും നദീം പറഞ്ഞു.